പാടിത്തന്ന പാട്ടുകളിലേതുപോലെ ഒരുപാടു ഭാവങ്ങൾ ഇഴചേർന്ന സംഭവബഹുലമായ ജീവിതമാണു ഗായിക ആശാ ഭോസ്‍ലേയുടേത്. ചേച്ചിയും സംഗീത ഇതിഹാസവുമായ ലതാ മങ്കേഷ്കറിന്റേതും അതുപോലെതന്നെ. വെള്ളിത്തിരയിലെത്തേണ്ട ജീവിതങ്ങൾ. പക്ഷേ ആ വേഷങ്ങൾ ആരാണു ചെയ്യുക? ആശാ ഭോസ്‍ലേയുടെ വേഷം അവതരിപ്പിക്കുവാൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും അനുയോജ്യയായ നടിയാരാണ്?
ഉത്തരം ആശാ ഭോസ്‍ലേയ്ക്കു വ്യക്തമായി അറിയാം. ആരാണെന്നല്ലേ... പ്രിയങ്ക ചോപ്ര തന്നെ. പ്രിയങ്കയുടെ അഭിനയം മികവുറ്റതാണ്. അതു മാത്രമല്ല ആശയെ ഈ ഉത്തരത്തിലേക്കെത്തിച്ചത്. ‘പ്രിയങ്ക ഒരു നല്ല ഗായിക കൂടിയാണ്. എങ്ങനെയാണു മനോഹരമായി പാടേണ്ടതെന്ന് അവർക്കു വ്യക്തമായി അറിയാം.’- ആശാ ഭോസ്‍ലേ പറഞ്ഞു.
തന്റെ ജീവിതം മാത്രമല്ല, ഭർത്താവും സംഗീത സംവിധായകനുമായ ആർ.ഡി. ബർമന്റെ ജീവിതവും വെള്ളിത്തിരയിൽ ആവിഷ്കരിക്കണമെന്നാണ് ആശയുടെ ആഗ്രഹം. ആത്മകഥാ രചനയുടെ പണിപ്പുരയിലാണു ഗായിക ഇപ്പോൾ.