യാത്ര പോകാൻ ആർക്കാണിഷ്ടമല്ലാത്തത്. ഇനി ഇഷ്ടമല്ലാത്തവരാണെങ്കിൽ കൂടി ഈ പാട്ടു കേൾക്കുമ്പോൾ, കാണുമ്പോൾ യാത്രകളെ സ്നേഹിച്ചു തുടങ്ങും. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലെ പാട്ട് അത്രയേറെ രസകരമാണ്. ആരോ ഈ യാത്രയെങ്ങോ എന്നു തുടങ്ങുന്ന ഗാനം ഔസേപ്പച്ചന്റെ ഈണത്തിലുള്ളതാണ്.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠനും വിജയ് ബാബുവും ചേർന്നു നടത്തുന്ന യാത്രയാണു രംഗങ്ങളിലുള്ളത്. ബൈക്കിലാണ് യാത്ര. വഴിയരികിലെ സാധാരാണ കാഴ്ചകളിലെ അസാധാരണ ഭംഗിയ്ക്കൊപ്പം ഇരുവരും ജീവസുറ്റ അഭിനയം കാഴ്ചവച്ചിരിക്കുന്ന പാട്ട്. കവിത പോലുള്ള വരികളാണ് പാട്ടിന്. മണികണ്ഠന്റെ അഭിനയം തന്നെയാണ് പാട്ടിലെ കൗതുകവും. ഒപ്പം ഔസേപ്പച്ചന്റെ ഈണവും. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന പേരു പോലെ മനസിൽ തങ്ങി നിൽക്കുന്ന കുറേ കാര്യങ്ങളുണ്ട് ഈ ഗാനത്തിലും. നഷ്ടപ്പെടലിന്റെയും പ്രതീക്ഷയുടെയും ഓർമകളുടെയുമൊക്കെ അനുഭൂതി മനസിൽ നിറയ്ക്കുന്ന ഗാനം.
സന്തോഷ് വർമയുടേതാണു വരികൾ. ഫ്രാങ്കോയും അമൽ ആന്റണിയും ചേർന്നാണു പാടിയിരിക്കുന്നത്. വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എൽദോസ് ജോൺ കീലത്ത് ആണു നിർമ്മിക്കുന്നത്.