ടെലിവിഷന്‍ എന്ന മാധ്യമം ഇന്നു നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും വരെയുണ്ട്. അതിനെക്കുറിച്ച് അറിയാത്തവരോ ഒരു വട്ടമെങ്കിലും കാണാത്തവരോ അപൂർവമായിരിക്കും. എന്നാൽ ടെലിവിഷൻ ആദ്യമായി എത്തിയ സമയത്ത് ആളുകൾക്കുണ്ടായ കൗതുകം ചെറുതായിരുന്നില്ല. ഇന്നത്തെ പോലെ കളർ ടെലിവിഷനൊന്നുമായിരുന്നില്ല ആദ്യമൊന്നും. വലിയൊരു പെട്ടി തന്നെയായിരുന്നു അന്നത്തെ ടെലിവിഷൻ. നാട്ടിലെ ഏറ്റവും വലിയ പണക്കാരന്റെ വീട്ടിലൊക്കെ മാത്രമേ ടിവി കാണുമായിരുന്നുള്ളൂ. അതും വിദേശത്തു നിന്ന് കൊണ്ടുവരുന്നതുമായിരിക്കും. ടിവിയിൽ സിനിമയുള്ള ദിവസങ്ങളിൽ ആ വീട്ടിൽ ഒരു കല്യാണത്തിന്റെ അത്രയും ആളുകൾ കാണുമായിരുന്നു. അങ്ങനെ ഏറെ രസകരമാണു ആ ടെലിവിഷൻ കഥകൾ. ആ കഥകളാണ് ഈ പാട്ടിലുള്ളത്. ബഷീറിന്റെ പ്രേമ ലേഖനം എന്ന ചിത്രത്തിലെ പുതിയ ഗാനം. പഴയ ബ്ലാക് ആൻഡ് വൈറ്റ് ഒനിഡ ടിവിയാണ് ഈ പാട്ടിലെ താരം. പാട്ട് കാണുന്നതും കേൾക്കുന്നതും നമ്മളിൽ ഗൃഹാതുരത്വമുണർത്തും. ഉറപ്പ്
ടി വി കണ്ട്ക്ക്ണാ...
മ്മടെ ഉസ്മാനിക്ക അയച്ചു തന്ന
ടി വി കണ്ട്ക്ക്ണാ
കളറില്ലേലും സൂപ്പറാ...എന്ന പാട്ടാണിത്. മലബാറിന്റെ ഭാഷാ ശൈലിയുള്ളതാണ് വരികൾ എന്നത് മറ്റൊരു കൗതുകം. അർഷിദ് ശ്രീധറിന്റേതാണു വരികൾ. വിഷ്ണു മോഹൻ സിത്താരയുടേതാണു സംഗീതം. അൻവർ സാദത്ത് ആണു പാടിയത്. എക്കാലത്തേയും മികച്ച പ്രണയ ജോഡികളിലൊന്നായ മധുവും ഷീലയും വളരെ കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഫർഹാന്‍ ഫാസിലും സന അൽത്താഫും ആണു മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍. അനീഷ് അൻവറാണു സംവിധാനം.
വളരെ രസകരമാണു പാട്ടിന്റെ വിഡിയോ. ടിവി കണ്ട് കരയുന്ന ഷീലയും അതുകണ്ട് കളിയാക്കുന്ന രീതിയില്‍ ആശ്വസിപ്പിക്കുന്ന ഫർഹാനും എത്തുന്ന രംഗം ഏറെ രസകരമാണ്. ടെലിവിഷന്റെ വരവും അതു നാട്ടിൽ വരുത്തിയ മാറ്റങ്ങളും ചിരിച്ചു പോകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇനി ടിവി കാണുമ്പോൾ ഒരുപക്ഷേ ആദ്യം നമ്മൾ ഓർക്കുക ഈ പാട്ടായിരിക്കും. ഒരു പുഷ്പം മാത്രമെൻ എന്ന പ്രശസ്തമായ ഗാനവും, ഒരു പഴയ സിനിമയുടെ സീനും ഈ പാട്ടിനിടയിൽ കാണിക്കുന്നുണ്ട്.