ലോഹത്തിലെ ‘എത്തിപ്പോയീ..’എന്ന ഗാനം സംഗീതപ്രേമികളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഈ പാട്ടുപാടിയതൊരു ഡോക്ടറാണ്. ഡോ. ബിനീത രഞ്ജിത്. കോട്ടയമാണു സ്വദേശം. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ എംജി യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. അന്നു സിനിമാ പിന്നണിഗായിക ആവണമെന്നതായിരുന്നു മോഹം. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം കിട്ടിയപ്പോൾ ആ സ്വപ്നം മാഞ്ഞു. ഒന്നിനും സമയമില്ലെന്ന അവസ്ഥ. എംബിബിഎസ് അവസാനവർഷം എത്തിയപ്പോഴാണു വീണ്ടും പാട്ടിലേക്കു തിരിഞ്ഞത്. പഠനം കഴിഞ്ഞ് ഒരു ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തു.
അതു വീണ്ടും സിനിമാ പിന്നണി ഗായികയെന്ന സ്വപ്നത്തിനു തുടക്കമിട്ടു. അങ്ങനെയാണു ലോഹത്തിൽ പാടാനുള്ള ക്ഷണം ലഭിക്കുന്നത്. ഇടയ്ക്കൊക്കെ ഗാനമേളകളിൽ പാടാൻ പോകാറുണ്ട്. പക്ഷേ, അതിനുവേണ്ടി മുഴുവൻ സമയവും നീക്കിവയ്ക്കാൻ കഴിയില്ല. പാട്ടുപോലെ തന്നെ ചികിൽസയും പ്രധാനം. തൃശൂർ പാമ്പൂരിലെ ഗവ. ആശുപത്രിയിലാണ് ഇപ്പോൾ ജോലി. മക്കൾ രണ്ടുപേരുണ്ട്. അഞ്ചുവയസുകാരൻ ദേവദത്തനും ഒരു വയസുകാരൻ ഹർഷവർധനും. ഭർത്താവു രഞ്ജിത് കൊച്ചിയിൽ ബിസിനസ് കൺസൽറ്റന്റാണ്. പാട്ടുതുടരാൻ തീരുമാനിച്ചപ്പോൾ എംഡിക്കുള്ള പഠനം നീട്ടിവച്ചിരിക്കുകയാണു ബിനീത. പുതിയ പ്രോജക്ടുകൾക്കു ക്ഷണമുണ്ടെന്നും ഡോ. ബിനീത പറഞ്ഞു.