This kind of thing makes it all worthwhile. Hola Luis y tu hijo hermoso! Love....
കോൾഡ് പ്ലേ എന്ന ലോക പ്രശസ്തമായ ഒരു സംഗീത സംഘം അവരുടെ ഫേസ്ബുക്ക് പേജിൽ ഒരു വിഡിയോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചതാണിങ്ങനെ. മാന്ത്രികമായ പാട്ട് കേട്ടിട്ടൊന്നുമല്ല ഇവരിങ്ങനെ ചെയ്തത്. പിന്നെയോ?
ഓട്ടിസം ബാധിച്ച കുട്ടിയാണ് അവൻ. ആ പാട്ട് കേട്ടിട്ട് അവന് തോന്നിയത് കരയാനാണ്. നിർത്താതെയുള്ള കരച്ചിൽ. അതുകണ്ടു നില്‍ക്കാൻ അവന്റെ അച്ഛന് കഴിയുമായിരുന്നില്ല. മകനെ ചേർത്തു പിടിച്ച് അയാളും പാടി. അപ്പോഴും നിർത്താതെ അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞുകൊണ്ടേയിരുന്നു. അച്ഛൻ,ലൂയിസ് വാസ്ക്യൂസ് തന്നെ ആ നിമിഷത്തെ കാമറയിലുമാക്കി. ഇപ്പോഴാ കാഴ്ച ലോകത്തെ നൊമ്പരത്തിലാഴ്ത്തുകയാണ്.
മെക്സിക്കോയിലെ ഫോറോ സോൾ സ്റ്റേഡിയത്തിലെ ആർത്തലയ്ക്കുന്ന സംഗീതാസ്വാദകർക്കിടയിലായിരുന്നു അവരിരുവരും. പാട്ടു തുടങ്ങിയപ്പോള്‍ മറ്റെല്ലാവരേയും പോലെ അവനും നൃത്തം ചവിട്ടുവാനും പാട്ടിനൊപ്പം ആഹ്ലാദിക്കാനും തുടങ്ങി. പക്ഷേ അധിക നേരം മനസിലെ ശരിയായ വികാരത്തെ ഒളിപ്പിച്ചുവയ്ക്കുവാൻ അവന് കഴിഞ്ഞില്ല. കൈകൊണ്ട് മുഖം മറച്ച് കരയുവാൻ തുടങ്ങിയപ്പോഴായിരുന്നു അച്ഛനുമെത്തിയത്. ലോകത്തോട് എനിക്കും ഭാര്യയ്ക്കും ഒരു കാര്യം പങ്കുവയ്ക്കുവാനുണ്ട്, നിങ്ങളിതു കാണണം, കോൾഡ് പ്ലേ, നിങ്ങളും ഇതു കാണേണ്ടതുണ്ട്. അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തത്. പിന്നെ ലോകമതേറ്റടുക്കുവാൻ വൈകിയില്ല. കോൾഡ് പ്ലേയും.
ആയിരക്കണക്കിന് ആളുകളാണ് ഫേസ്ബുക്ക് വഴി ഈ വിഡിയോ ഷെയർ ചെയ്തത്. ഇരുപത് ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബിലൂടെ ആളുകൾ ഇത് കണ്ടതും. അപൂർവ്വ നിമിഷം പങ്കിട്ടതിന് ഒട്ടേറെ പേർ കുട്ടിയുടെ പിതാവിനോട് നന്ദി പറഞ്ഞു.
ഏത് പാട്ടാണ് ഈ ബാലനെ ഇങ്ങനെ കരയിച്ചതെന്നല്ലേ...ഫിക്സ് യൂ...