ഒരു ചിത്രത്തിന്റെ പരിപൂർണതയ്ക്കായി ആമിർ ഖാൻ ചെയ്യുന്ന കാര്യങ്ങൾ നമ്മെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. ദങ്കൽ എന്ന ചിത്രം കാണാൻ നമുക്കിത്ര ആകാംഷയും മറ്റൊന്നും കൊണ്ടല്ല. ചിത്രത്തില്‍ ഗുസ്തിക്കാരനായും പെൺമക്കളുടെ ഗുസ്തി പരിശീലകനുമായി വേഷപ്പകർച്ച ചെയ്യാൻ ആമിർ നടത്തിയ പരിശ്രമങ്ങളുടെ ആഴം എത്രയാണെന്ന് അറിയണമെങ്കിൽ ഈ പാട്ടു കണ്ടാൽ മാത്രം മതിയാകും. ചെറുപ്പക്കാരനായും മധ്യവയസിലെത്തിയ ഗുസ്തിക്കാരനായും ആമിർ നമ്മെ അമ്പരപ്പിക്കുന്നുണ്ട് ഈ പാട്ടിൽ. അത്രയ്ക്കു കിടിലമാണ് മേക്ക് ഓവർ. ഡാലെർ മെഹന്ദിയുടെ ദൃഢതയാര്‍ന്ന സ്വരം കൂടി ആ കാഴ്ചയ്ക്കൊപ്പം ചേരുമ്പോൾ പാട്ട് ആവേശത്തിരയുണർത്തും പ്രേക്ഷകനിൽ.
ഹരിയാനക്കാരനായ ഗുസ്തിതാരം മഹാവീർ സിങ് ഭോഗട്ടിന്റെയും അദ്ദേഹത്തിന്റെ പെൺമക്കളായ ഗീതയുടെയും ബബിതയുടെയും കഥയാണ് ദങ്കൽ പറയുന്നത്. പെൺമക്കളിലൂടെ ഒളിമ്പിക്സ് മെഡലെന്ന സ്വപ്നത്തിലേക്കുള്ള അച്ഛന്റെ യാത്രയാണു സിനിമ. മഹാവീർ സിങ് ഭോഗട്ട് പെൺമക്കളുടെ പരുക്കനായ അച്ഛനും പരിശീലകനുമാകുന്നതിനു മുൻപ് എത്ര സാധാരണക്കാരനായിരുന്നുവെന്നും തന്റെ മേഖലയോട് അയാള്‍ എത്രത്തോളം വികാരപരമായി ചേർന്നു നിൽക്കുന്നുവെന്നുമാണ് പാട്ടിലുള്ളത്. ഇന്ത്യയ്ക്കു മെഡൽ കിട്ടാതെ പോകുമ്പോൾ ഈറനണിയുന്ന പെൺമക്കളുടെ വിജയത്തിലും പരാജയത്തിലും കണ്ണു നനയുന്ന പിന്നെ അവരെ ധൈര്യത്തോടെ ചേർത്തുനിർത്തുന്ന അച്ഛനായി ആമിർ മനസു തൊടുന്നു. യുവാവായിരിക്കുമ്പോൾ അദ്ദേഹം എങ്ങനെയായിരുന്നു എന്നു കൂടി കാണിക്കുമ്പോൾ ശരിക്കും ആമിർ ചിത്രത്തിനായി എടുത്ത പരിശ്രമം എത്ര വലുതായിരുന്നുവെന്നു നമുക്കു മനസിലാകും.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിനു സംഗീതം പ്രിതത്തിന്റേതാണ്. അമിതാഭ് ഭട്ടാചാര്യയാണു ടൈറ്റിൽ ഗാനം കുറിച്ചത്. ചിത്രം ഈ മാസം 23ന് റിലീസിനെത്തും.