ആരാണ് ഈണം എന്നറിയില്ല; നെഞ്ചു തൊട്ട് ധനുഷിന്റെ പാട്ട്

തള്ളി പോഗാതെ എന്ന പാട്ടു കേട്ടപ്പോഴെ നെഞ്ചിൽ കയറി കൂടിയതാണ് സിദ് ശ്രീറാം എന്ന പാട്ടുകാരൻ. സിദിന്റെ സ്വരത്തിൽ മറ്റൊരു മനോഹരമായ പാട്ടു കൂടി എത്തിയിരിക്കുന്നു. അതും ഒരു ഗൗതം മേനോന്‍ ചിത്രത്തിലേതു തന്നെ. 

എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലാതാണു ഗാനം. നാടൻ ശീലുകളുടെ താളവും രാഗഭംഗിയുമുള്ള ഒരു പാട്ട്. തമിഴ് ഭാഷയുടെയും അവിടുന്നു നമ്മൾ കേട്ട ചില തേനൂറും പാട്ടുകളുടെ വശ്യതയുമുണ്ട് ഈ സൃഷ്ടിക്കും. താമരയുടേതാണു വരികൾ. സംഗീതം ആരെന്നു വ്യക്തമല്ല. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് എന്നുറപ്പാണ്. നാലു ദിവസം കൊണ്ട് പത്തു ലക്ഷത്തോളം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്. ധനുഷ് ചിത്രത്തിന്റെ ഗ്ലാമറിനപ്പുറം പാട്ടിലെ മനസു തൊടുന്ന സംഗീതവും ആലാപനവും വരികളും തന്നെയാണതിനു കാരണം. ധനുഷും മേഘാ ആകാശുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇരുവരുടെയും പ്രണയ നിമിഷങ്ങളാണ് ടീസറിലുള്ളത്. ജോമോൻ റ്റി ജോണിന്റെ ഛായാഗ്രഹണ മികവ് വ്യക്തമാക്കുന്ന ഷോട്ടുകളും പാട്ടിനെ മികവുറ്റതാക്കി. ഗാനത്തിന്റെ ഒരു മിനുട്ട് 37 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണു പുറത്തിറങ്ങിയത്. 

ഗൗതം മേനോൻ ചിത്രമായ അച്ചം എൻബദ് മടമൈയെടായിലെ ഏ ആർ റഹ്മാൻ ഈണമിട്ട തള്ളി പോഗാതെ എന്ന ഗാനമാണ് സിദ് ശ്രീറാമിനെ ശ്രദ്ധേയനാക്കിയത്. അന്ന് ചിത്രത്തിന്റെ ട്രെയിലറിലൂടെയായിരുന്നു ഗാനം പ്രേക്ഷകരിലേക്കെത്തിയത്. ഒരു മിനുട്ടും സെക്കൻഡുകളും മാത്രമുള്ള പാട്ടും ഇതുപോലെ തരംഗമായി എന്ന യാദൃശ്ചികത കൂടിയുണ്ട്. താമരയാണ് ആ പാട്ടിനും വരികൾ എഴുതിയത് എന്നതു മറ്റൊരു പ്രത്യേകത.