Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും സുചിലീക്സ് വരുമോ? ഇമെയിൽ ചോർന്നെന്ന് വിവാദ ഗായിക

suchithra-karthik-gmail

ധനുഷും അനിരുദ്ധ് രവിചന്ദറും ആൻഡ്രിയ ജെറമിയയും അടക്കമുള്ള തമിഴ് സിനിമ ലോകത്തെ പ്രമുഖരുടെ സ്വകാര്യ ചിത്രങ്ങൾ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിട്ട ഗായിക സുചിത്ര കാർത്തിക് വീണ്ടും കുരുക്കിലേക്കോ? തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്താണ് ഇത്രയും കാര്യങ്ങൾ ചെയ്തു കൂട്ടിയതെന്നായിരുന്നു ഗായികയുടെ വാദം. എന്തായാലും സുചിത്ര വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇ-മെയിൽ ആരോ ഹാക്ക് ചെയ്തുവെന്നാണ് ഗായിക ഇപ്പോൾ ഉയർത്തുന്ന വാദം. ചെന്നൈ പൊലീസ് കമ്മീഷണർക്ക് താരം ഇതേ സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. തന്റെ ഒപ്പ് അടക്കം പല പ്രധാന വിവരങ്ങളും ചില അശ്ലീല സന്ദേശങ്ങളും ഹാക്കർമാർ തമിഴ് താരങ്ങളിൽ ചിലരുടെ ഇ-മെയിലിലേക്കു സന്ദേശം അയച്ചുവെന്നും പരാതിയിൽ പറയുന്നു.

സുചിത്രയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സുചി എന്നു യൂസർ നെയിം ഉള്ള അക്കൗണ്ടിൽ നിന്ന് ധനുഷിനെതിരെയുള്ള ട്വീറ്റുകളോടെ സുചിലീക്സിനു തുടക്കമായത്. ഒരു പാർട്ടിക്കിടെ നടൻ ധനുഷിനൊപ്പം വന്നവരിൽ ആരോ ഒരാൾ തന്റെ കൈ പിടിച്ച് തിരിച്ച് ഞെരിച്ച് ചതച്ചുവെന്നാരോപിച്ചായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. അതിനു പിന്നാലെയായിരുന്നു ധനുഷിനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനുമെതിരെ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സുചിത്ര ട്വിറ്ററിൽ ആഞ്ഞടിച്ചത്. ഗായിക ചിൻമയി ശ്രീപദയ്ക്കെതിരെയും സുചിത്ര ട്വിറ്ററില്‍ വാളെടുത്തിരുന്നു. ഈ ചിത്രങ്ങളും ട്വീറ്റുകളും വൻ കോളിളക്കമാണ് തമിഴകത്ത് സൃഷ്ടിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ തട്ടിയെടുത്തതാണെന്ന് താരം പറയുമ്പോഴും വിവാദ ട്വീറ്റുകൾ എത്തിക്കൊണ്ടേയിരുന്നു. അപ്രത്യക്ഷമായിക്കൊണ്ടുമിരുന്നു. 40-50 വ്യാജ പ്രൊഫൈലുകളാണ് സുചിത്രയുടെ പേരിൽ പിന്നീട് സൃഷ്ടിക്കപ്പെട്ടത്. ഒടുവിൽ സുചിത്ര ലണ്ടനിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന വാര്‍ത്തയോടെയാണ് എല്ലാം അടങ്ങിയത്.

അടുത്തിടെയാണ് താരം തിരിച്ചെത്തിയത്. സംഭവിച്ചു പോയതിലെല്ലാം നാണക്കേടുണ്ടെന്നും താൻ നിരപരാധിയാണെന്നും സുചിത്ര പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇ-മെയിൽ ആരോ ഹാക്ക് ചെയ്തുവെന്നു പറഞ്ഞുകൊണ്ട് എത്തിയിരിക്കുന്നത്. വീണ്ടും സുചിലീക്സ് എന്ന ഹാഷ് ടാഗോടു കൂടി വിവാദങ്ങൾ ഉയരുമോയെന്നു കാത്തിരുന്നു കാണാം.

related stories