ജന ഗണ മനയും വന്ദേമാതരവും. ഏത് ഈണത്തിൽ ഏത് ശബ്ദത്തിൽ ആരുപാടിയാലും ഇന്ത്യൻ ജനത ഒന്നിച്ചിരുന്ന് കേൾക്കും. കണ്ണിലും കാതിലും മനസിലും ആരവങ്ങളുയർത്തുന്ന ഈ ഗാനങ്ങൾ. കാലങ്ങളായി കലാ ലോകം ഈ രണ്ട് ഗാനങ്ങളേയും പല ഈണത്തിലും പല ദൃശ്യങ്ങളിലും പകർത്തിയെഴുത്തിയിട്ടുണ്ട് പലവട്ടം. ഇന്ത്യയുടെ സാംസ്കാരവും പൈതൃകവും കാമറകളിലൂടെ ഒപ്പിയെടുത്ത്, കാലത്തിനൊപ്പമുള്ള കുതിപ്പും കലാഭംഗിയും കായിക നേട്ടങ്ങളുമെല്ലാം പ്രൗഡമായി അവതരിപ്പിച്ച് പല ശബ്ദങ്ങള്‍ ഈ ഗാനമാലപിച്ചു. വീണയും വയലിനും ഘടവും ഗിത്താറും വേറെയും പാടിത്തന്നു. അങ്ങനെ ഇക്കാലത്തിനിടയിൽ നമ്മെ ത്രസിപ്പിച്ച ആ വീഡിയോകള്‍ കാണണ്ടേ...
ദേശീയ ഗാനത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച വിഡിയോകൾ എന്ന് കേൾക്കുമ്പോൾ ആദ്യം ചെന്നെത്തുക എ ആർ റഹ്മാൻ എന്ന പേരിലേക്കാണ് പിന്നെ ഭരത് ബാലയിലേക്കും. അമ്പതാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി ഭരത് ബാല സംവിധാനം ചെയ്ത് എ ആർ റഹ്മാൻ ഈണമിട്ട ദേശീയ ഗാന വിഡിയോകളും വന്ദേമാതര വിഡിയോകളുമാണ് ഇന്ത്യ ഏറെയിഷ്ടത്തോടെ നെഞ്ചേറ്റിയത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച 35 സംഗീതജ്ഞർ, ഇന്ത്യൻ ഗ്രാമങ്ങളുടെ കാണാത്ത മുഖങ്ങൾ, മഞ്ഞുമലകള്‍ക്കിടയിലൂടെ ദേശീയ പതാക പാറിക്കുന്ന സൈനികർ അങ്ങനെ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ആത്മാവൊപ്പിയെടുത്താണ് ഭരത് ബാല ആ വിഡിയോകൾ തീർത്തത്.
ചടുലമായ ഈണം നൽകി റഹ്മാൻ മനസ് പിടിച്ചെടുത്തു...വെറും വിഡിയോകൾ ആയിരുന്നില്ല ഇവ. ഇന്ത്യയെന്ന രാഷ്ട്രം കടന്നുവന്ന വഴികളിലേക്കും കാലം ഉരുക്കിയെടുത്ത് സമ്മാനിച്ച കലാ വിസ്മയങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടമായിരുന്നു മിനുട്ടുകൾ മാത്രമുള്ള ഈ ദൃശ്യങ്ങൾ. ദേശീയ ഗാനത്തിന്റെ ഓരോ വരികള്‍ക്കു പിന്നിലും ഒളിഞ്ഞിരിക്കുന്ന ഊർജത്തെ ഉൾക്കൊണ്ട് പിറന്ന ഈ വിഡോയോയും അതിലെ ഈണവും തന്നെയാണ് ഇപ്പോഴും നമ്മൾ മൂളുന്നത്.
ഇന്ത്യൻ ടെലിവിഷനിലും ചലച്ചിത്രങ്ങളിലുമുള്ള സ്ത്രീമുഖങ്ങള്‍ ആലപിക്കുന്ന ദേശീയ ഗാനം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ ആദ്യ നാളുകളിൽ അഭിനയംകൊണ്ട് വിസ്മയിപ്പിച്ച പെൺ ഭംഗിയെ ഗ്രാഫിക്സിലൂടെ സമന്വയപ്പിച്ച് ആരംഭിക്കുന്ന വിഡിയോ 2014ലാണ് പുറത്തിറങ്ങിയത്. ടെലിവിഷനിലും സിനിമകളിലുമുള്ള സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുഐഎഫ്റ്റിയാണ് വിഡിയോ പുറത്തിറക്കിയത്. സമീർ സിദ്ദിഖിയാണ് ഈ വിഡിയോ സംവിധാനം ചെയ്തത്.
പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യയും രാകേഷ് ചൗരസ്യയും തബ്‍ലയിൽ ഉസ്താദ് സക്കീർ ഹുസൈനും സരോജദിൽ ഉസ്താദ് അംജദ് അലി ഖാനും സന്തൂറിൽ പണ്ഡിറ്റ് ശിവ് കുമാർ ശർമയും വയിലിനിൽ എൻ രാജവും സംഗീതാ ശങ്കറും മോഹന വീണയിൽ വിശ്വമോഹന്‍ ഭട്ടും ഘടത്തിൽ വിക്കു വിനയക്രാമും സിത്താറിൽ ഷഹീദ് പർവേസും രുദ്ര വീണയിൽ അനന്തപദ്മനാഭനും ചേർന്ന് വായിച്ച ജനഗണമനയും വാക്കുകൾക്കപ്പുറം സുന്ദരം തന്നെ. ദൈവംതൊട്ട കൈൾ കൊണ്ട് കൊട്ടികറുന്ന ഉസ്താദ് സക്കീർ ഹുസൈനു പിന്നാലെ പാറിപ്പറന്നെത്തുന്ന ദേശീയ ഗാനത്തോടെ അവസാനിക്കുന്ന വിഡിയോ.
മുകളിൽ കണ്ട ദൃശ്യങ്ങളിലെല്ലാം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രതിഭകളായിരുന്നുവെങ്കിൽ ഈ വിഡിയോയിലെത്തുന്നത് ദൈന്യതയുടെ മുഖങ്ങളാണ്. ആർത്ത് പെയ്യുന്ന മഴയത്തും കിതച്ചു പാടുന്ന റേഡിയോയിൽ നിന്നുയർന്ന ദേശീയ ഗാനത്തിന് ആദരമർപ്പിച്ച് നിന്ന വൃദ്ധനെ നോക്കി രാഷ്ട്രം കണ്ണീരോടെ അഭിമാനത്തോടെ എഴുന്നേറ്റു നിന്നു. ഒന്നെഴുന്നേറ്റ് നടക്കണമെങ്കിൽ പോലും ഊന്നുവടിയുടെ സഹായം വേണമായിയിരുന്നിട്ടും ദേശസ്നേഹത്തിനു മുന്നിൽ ആ സങ്കടങ്ങളെല്ലാം വഴി മാറി നിന്നു. കണ്ണ് മങ്ങിത്തുടങ്ങിയ കണ്ണട വച്ച് വഴിയോരത്തിരുന്ന് ജീവിതത്തോട് പോരടിക്കുന്ന വയസിനുള്ളിലെ രാഷ്ട്ര സ്നേഹം മറ്റെന്ത് ദൃശ്യങ്ങളേക്കാളും മനോഹരം തന്നെ.ദേശീയ ഗാനത്തെ ബഹുമാനിക്കാതെ ഒരിക്കലും രാഷ്ട്രത്തെ സ്നേഹിക്കുവാൻ കഴിയില്ല എന്ന സന്ദേശം പകർന്ന വിഡിയോ.