മനസിലെ പാട്ടുപെട്ടിയിലെ 10 പി സുശീല ഗാനങ്ങൾ

മലയാളിയല്ല സുശീലാമ്മ. ഉച്ഛാരണ ശുദ്ധിയില്ലാതെ അവർ പാടുന്ന പാട്ടു കേൾക്കാൻ പക്ഷേ മലയാളത്തിന്റെ ഒരു കാലഘട്ടം അതിന്റെ റേഡിയോ ട്യൂൺ ചെയ്തു വച്ചു കാത്തിരുന്നു. ഇപ്പോഴും ആ ശബ്ദത്തിന്റെ ചെറുകണമെങ്കിലും എവിടെ നിന്നെങ്കിലും വന്നാൽ നമ്മളവിടെ കാതുചേർത്തു നിൽക്കു.പി സുശീലയെന്നാൽ മലയാള ചലച്ചിത്ര ഗാനശാഖയിലെ ഏറ്റവും കരുത്തുറ്റ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ശബ്ദ സാന്നിധ്യങ്ങളിലൊന്നാണ്. വയലാറെഴുതി ദേവരാജൻ മാഷ് ഈണം പകർന്ന അനേകം ഗാനങ്ങളിലെ ഗായികയാകാൻ ഭാഗ്യമുണ്ടായിരുന്ന പാട്ടുകാരി. ഇന്ന് മലയാളത്തിൽ അവർ സജീവമല്ല. പക്ഷേ എൺപതിന്റെ നിറവിൽ അവരെത്തി നിൽക്കുമ്പോൾ ഒരായിരം ജന്മദിനാശംസകൾ‌ നേർന്ന് മലയാളവും സുശീലാമ്മയ്ക്കൊപ്പം നിൽക്കുകയാണ്. അവർ പാടിയ പാട്ടുകൾ നമ്മളും ഏറ്റുപാടുകയാണ്. സുശീലാമ്മയുടെ കുറച്ച് പ്രശസ്തമായ ഗാനങ്ങൾ കേൾക്കാം.

പാട്ടു പാടി ഉറക്കാം ഞാൻ

മനസിന്റെ താരാട്ടു തൊട്ടിലിൽ കിടത്തി കുഞ്ഞു വാവയെ ഉറക്കുന്നത് ഈ പാട്ടുപാടിയാണ്. താരാട്ടു പാട്ടുകളെ കുറിച്ചോർക്കുമ്പോൾ ആദ്യമോടിയെത്തുന്ന ഈ ഗാനം 1960ൽ പുറത്തിറങ്ങിയ സീതയെന്ന ചിത്രത്തിലേതാണ്. അഭയദേവിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനം

ചെത്തി മന്ദാരം തുളസി

ഈ പാട്ടു പാടാതെ ഒരു വിഷപ്പുലരി പോലും നമ്മുടെ ജീവിതത്തിൽ കടന്നു പോയിട്ടുണ്ടാകില്ല. അടിമകൾ എന്ന ചിത്രത്തിലെ ഈ ഗാനം വയലാർ-ദേവരാജൻ കൂട്ടുകെട്ടിന്റെ മറ്റൊരു മാജിക്.

ദ്വാരകേ...ദ്വാരകേ

മലയാളത്തിന്റെ ക്ലാസിക്കൽ പാട്ടുകളുടെ ഗണത്തിൽപ്പെടുന്ന ഗാനം. 1975ൽ പുറത്തിറങ്ങിയ ഹലോ ഡാർലിങ് എന്ന ചിത്രത്തിലേതാണിത്. വയലാർ എഴുതി. അർജുനൻ മാഷ് ഈണം നൽകി. സുശീലാമ്മ പാടി.

കുന്നിക്കുരുവിന്റെ കണ്ണെഴുതി

അച്ചാരം അമ്മിണി ഓശാരം ഓമനയെന്ന പ്രശസ്തമായ ചിത്രത്തിലെ ഗാനം. സിനിമയുടെ പേരു പോലെ കുസൃതി നിറഞ്ഞ വരികളെഴുതിയത് ഭാസ്കരൻ മാഷ്. ദേവരാജന്റേതാണ് ഈണം.

മാനത്തെ മഴമുകിൽ മാലകളെ..

കേട്ടാലും പാടിയാലും മതിവരാത്ത ഗാനം. വരികളുടെ സൗന്ദര്യം അതുപോലെ ചേർത്തു നിർത്തി സുശീലാമ്മ പാടിയ ഗാനം. ആ ശബ്ദത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യമോടിയെത്തുന്ന ഗാനങ്ങളിലൊന്നാണിത്. കെ രാഘവന്റെ സംഗീതത്തിൽ പിറന്ന പാട്ട്. ഭാസ്കരന്‍ മാഷിന്റേതാണ് വരികൾ.

കാലിത്തൊഴുത്തിൽ പിറന്നവനേ...

പ്രശസ്തമായ ഈ ക്രിസ്തീയ ഭക്തി ഗാനം 1979ൽ പുറത്തിറങ്ങിയ സായൂജ്യത്തിലേതാണ്യ കെ ജെ റോയ്‌യുടേതാണ് സംഗീതം. യൂസഫലി കേച്ചേരി എഴുതിയതാണ് വരികൾ.

ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു

സുശീലാമ്മയുടെ പ്രശസ്തമായ ഗാനങ്ങളിലൊന്ന്. 1971ൽ പുറത്തിറങ്ങിയ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഒരു പെണ്ണിന്റെ കഥ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാർ എഴുതി ദേവരജാൻ ഈണമിട്ട പാട്ട്.

ജാനകീ ജാനേ...

സുശീലാമ്മയുടെ ശബ്ദ മാധുരിയുടെ ആഴമറിയാൻ ഈ ഒരൊറ്റ പാട്ട് കേട്ടാൽ മതി. വരികളുടെ പ്രൗഢിയോടെ ശുദ്ധ സംഗീതത്തിൽ പിറന്ന മനോഹരമായ ഈ ഗാനം ധ്വനി എന്ന ചിത്രത്തിലേതാണ്. യമുന കല്യാണി രാഗത്തിലുള്ള ഈ പാട്ടിന് സംഗീതം നൽകിയത് നൗഷാദ് ആണ്. അദ്ദേഹത്തിന്റെ ആദ്യ മലയാളം പാട്ടാണിത്.

കൺമണി നീയെൻ കരം പിടിച്ചാൽ

ഓരോ വരികൾക്കും ഒരായിരം അർഥമുള്ള ഈ പാട്ട് 1965ൽ പുറത്തിറങ്ങിയ കുപ്പിവള എന്ന ചിത്രത്തിലേതാണ്. ബാബുരാജ് മാന്ത്രികതയിൽ പിറന്ന ഗാനത്തിന് വരികളെഴുതിയത് പി ഭാസ്കരൻ. എഎം രാജയും പി സുശീലയും ചേർന്നു പാടിയ പാട്ട്.

ഹൃദയഗീതമായ്...

പുതിയ തലമുറ സുശീലാമ്മയുടെ ശബ്ദമാധുരിയറിഞ്ഞ ഗാനം. അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ ഗാനം. കൈതപ്രത്തിന്റെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണം പകർന്ന ഗാനം.