നാൽപതു വർഷത്തിനു ശേഷം വീണ്ടും ആ മുറ്റത്ത് ജി വേണുഗോപാൽ

1976 ൽ ഗവ. മോഡൽ ഹൈസ്കൂളിലെ 10 ഇ ക്ലാസിലെ സഹപാഠികൾ അതേ ക്ലാസ്‌ മുറിയിൽ ഒത്തുകൂടിയപ്പോൾ. ഇതേ ബാച്ചിലുണ്ടായിരുന്ന ഗായകൻ ജി. വേണുഗോപാൽ സംസാരിക്കുന്നു.

മുകളിലേക്കു പിരിച്ചുവച്ച കൊമ്പൻ മീശയില്ല.. മേശപ്പുറത്തു സ്ഥിരമായുണ്ടായിരുന്ന ചൂരൽവടി അപ്രത്യക്ഷമായിരിക്കുന്നു. എന്നും ഗൗരവം നിഴലിട്ടു നിന്നിരുന്ന കണ്ണുകളിൽ വാത്സല്യത്തിരയിളക്കം. സ്കെയിലും നഖവും കൊണ്ടു പിച്ചിനോവിച്ചിരുന്ന കൈകൾക്കുള്ളിൽ ആലിംഗന ബദ്ധരായി നിൽക്കെ വർഷങ്ങൾ മിന്നൽപിണർ പോലെ പിന്നിലേക്ക് ഓടി... നീണ്ട 40 വർഷത്തിനു ശേഷം ഓർമകളുടെ പുസ്തകക്കെട്ടുമായി മാതൃവിദ്യാലയത്തിലേക്ക് ഒരിക്കൽ കൂടി. 1976 ൽ തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിലെ 10 ഇ ക്ലാസിൽ നിന്ന് എസ്എസ്എൽസി പഠിച്ചിറങ്ങിയ സഹപാഠികൾ അതേ ക്ലാസ്‌ മുറിയിൽ കഴിഞ്ഞ ദിവസം വീണ്ടും ഒത്തുകൂടി.

ഗായകൻ ജി.വേണുഗോപാൽ, മുൻ സംസ്ഥാന ടെന്നീസ് താരം അജയ് കുമാർ, കരാട്ടെ ഷോറിങ് റ്യു സ്റ്റൈൽ സിക്സ്ത്ത് ഡിഗ്രി ബ്ലാക്ക്‌ ബെൽറ്റ്‌ ചാംപ്യൻ എൻ.ജയകുമാർ, ഡൽഹി കേരള ഹൗസ് കൺട്രോളർ ബി.ഗോപകുമാർ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷൻസ് നാഗേഷ് കുമാർ തുടങ്ങിയവരായിരുന്നു വിദ്യാർഥികൾ. ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങൾ പഠിച്ചിറങ്ങിയ ക്ലാസ്‌ മുറിയിലേക്ക് ഒരുമിച്ചു കയറിയ സഹപാഠികൾ അന്നത്തെ അതേ ഡസ്കുകളും ബെഞ്ചുകളും കണ്ട് അദ്ഭുതപ്പെട്ടു. ഒപ്പം കൂടാൻ അന്നത്തെ നാല് അധ്യാപകരും എത്തി. കെ.ദിവാകരൻ നായർ, കെ.ജയചന്ദ്രൻ നായർ, ആൽബർട്ട് മോസെസ്, എസ്.ബാലൻ പിള്ള എന്നിവർ. എല്ലാവരും വാർധക്യത്തിലെത്തി നിൽക്കുന്നവർ.

സ്വാഗതമരുളിയ ജയൻ, സുഹൃത്തുക്കളുടെയെല്ലാം പൂർവകാലങ്ങളിലൂടെ ഓട്ട പ്രദക്ഷിണം നടത്തി. നർമവും കുസൃതിയും ചാലിച്ച് ഓരോരുത്തരുടെയും ഇരട്ടപ്പേരുകൾ ചേർത്ത് ഓർമകൾ അയവിറക്കിയപ്പോൾ എല്ലാവരുടെയും മുഖത്തു നാണവും ഗൃഹാതുരത്വത്തിന്റെ ഇരട്ടിമധുരവും.അധ്യാപകരിൽ അങ്ങേയറ്റം ഗൗരവക്കാരനായിരുന്ന ദിവാകരൻ നായർ സർ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഏറ്റവും നല്ല പ്രണയഗാനങ്ങളിലൊന്നായ ‘ഒരു ദളം മാത്രം..’ തന്റെ 87ാം വയസ്സിൽ മധുരമായി ആലപിച്ചു. 60 വർഷം ഇംഗ്ലിഷ് മാത്രം പഠിപ്പിച്ചിരുന്ന ആൽബർട്ട് മോസസ് സാർ മനോഹരമായ പദാവലികളാൽ സമ്പന്നമായ ഇംഗ്ലിഷ് ഭാഷയിൽ അദ്ദേഹത്തിന്റെ സന്തോഷവും അനുഭവങ്ങളും പങ്കുവച്ചു. എല്ലാവരെയും കൂട്ടിയിണക്കിയിരുന്ന ജയചന്ദ്രൻ നായർ സർ ഇതേ സ്കൂളിൽ വിദ്യാർഥിയായിരുന്ന കാലവും പിൽക്കാലത്തു വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന കാലവും മനോഹരമായി വിശദീകരിച്ചു. ബാലൻ പിള്ള സാർ പഴയ കാലത്തെയും വർത്തമാനകാലത്തെയും അധ്യയന രീതിയുടെ വ്യത്യാസത്തെ കുറിച്ചും മാറിയ സാഹചര്യങ്ങളെ കുറിച്ചും വാചാലനായി. ഏഴാം ക്ലാസിലെ സമൂഹഗാന മത്സരത്തിൽ ആലപിച്ചു സമ്മാനം നേടിയ ‘കുട്ടനാടൻ പുഞ്ചയിലെ..’ ഗാനം ഒരിക്കൽ കൂടി പാടി കേൾക്കുവാനുള്ള അധ്യാപകരുടെ ആഗ്രഹം വിദ്യാർഥികൾ സസന്തോഷം സഫലമാക്കി.