തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കാൻ നോക്കിയും അതിന്റെ വീടു തേടി പാടത്തൂടെ നടന്നും അച്ഛൻ വാങ്ങിത്തന്ന കളിപ്പാട്ടം സൈക്കിളിൽ ദൂരേയ്ക്കു പോകുന്നത് സ്വപ്നം കണ്ടുമൊക്കെ കഴിഞ്ഞൊരു കാലം എല്ലാവർക്കുമില്ലേ. നാട്ടിലുള്ള സമപ്രായക്കാരായ കുട്ടിപ്പട്ടാളത്തോടൊപ്പം കുളക്കടവിലും മാവിൻ മുകളിലും ചെളിനിറഞ്ഞ പാടത്തുമൊക്കെ കളിച്ചു നടന്ന കുട്ടിക്കാലം. എത്ര ഓർത്താലും മതിവരികയേ ഇല്ല നാളുകളെ കുറിച്ച്. ഗോൾഡ് കോയിൻസ് എന്ന സിനിമയിലെ ഈ പാട്ട് നമുക്ക് അതേ അനുഭൂതിയാണു പകരുന്നത്. എത്ര കണ്ടാലും കേട്ടാലും കൗതുകം തീരാത്ത ചലച്ചിത്ര ഗാനങ്ങളുടെ കൂട്ടത്തിൽ ഗോൾഡ് കോയിൻസിലെ ഈ പാട്ടുമുണ്ടാകും എന്നുറപ്പ്...
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ...
അച്ഛൻ വാങ്ങിത്തന്ന ഇന്നുച്ചക്ക് കൊച്ചിക്ക് പോയാലോ...എന്നാണു വരികളുടെ തുടക്കം. ഈ വാക്കുകൾക്കുള്ളിലൂടെ ആരും ഒന്ന് ഓടിപ്പോകും ആ കാലത്തിലേക്ക്. നടൻ സാജു നവോദയയ്ക്കൊപ്പമുള്ള ചിരിപ്പിക്കുന്ന ദൃശ്യങ്ങളടക്കം
കുട്ടിക്കാലത്ത് നമ്മൾ കാണിച്ചു കൂട്ടിയ കുരുത്തക്കേടുകളെല്ലാം ഈ പാട്ടിന്റെ ദൃശ്യങ്ങളിലുണ്ട്. അതു തന്നെയാണ് ഗാനത്തെ ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകന്റെ ചങ്ങാതിയാക്കുന്നതും.
കെ. എസ് ഹരിശങ്കർ, ജെഫ്രി ബിജു, ജെറാൾഡ് ബിജു, ആൽബിൻ നെൽസൺ, സ്നേഹാ ജോൺസൺ, ക്രിസ് എന്നിവർ ചേർന്നാണ് ഈ പാട്ടു പാടിയത്. കെ.എസ് ഹരിശങ്കറിന്റെ സ്വരത്തിനൊപ്പം കുട്ടിക്കൂട്ടം കൊഞ്ചൽ മാറാത്ത സ്വരത്തിൽ പാടുമ്പോൾ കേൾക്കാനെന്തു രസം. മഴ വീണ പാടത്തൂടെ നടന്ന് ഇലത്തുമ്പുകളിലെ മഴത്തുള്ളിയെ മണ്ണിലേക്കു കുടഞ്ഞിട്ടും നാട്ടിലെ കുട്ടിക്കൂട്ടത്തിന്റെ കുസൃതികൾക്കൊപ്പം വെറുതെ കൂടിയും പിന്നെ പുഴയ്ക്കക്കരെ മറഞ്ഞു പോകുന്ന സൂര്യനെ കണ്ടുമിരിക്കുന്ന പോലുള്ള സുഖം പകരും ഈണമാണ് ഈ പാട്ടിന്. ഔസേപ്പച്ചന്റേതാണ് സംഗീതം. വരികൾ എഴുതിയത് പി.എസ് റഫീഖ് ആണ്.