പെൺഭ്രൂണഹത്യക്കെതിരെ ഗോവിന്ദ് പി മേനോന്റെ സംഗീതം

പിറക്കാൻ വിധിയില്ലാത്ത, പിറന്നാലും ജീവിക്കാൻ വിധിയില്ലാത്ത, പെൺകുഞ്ഞുങ്ങളുടെയും അവരെ നൊന്ത് പ്രസവിവിച്ച അമ്മമാരുടെ വിരഹത്തിന്റെയും കഥ പറഞ്ഞ സാറാ ജോസഫിന്റെ പാപത്തറ എന്ന കൃതിക്ക് സംഗീതത്തിലൂടെ പുതു ജീവൻ നൽകിയിരിക്കുകയാണ് തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിന്റെ അമരക്കാരനായ ഗോവിന്ദ് പി മേനോൻ.

ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ പെൺകുഞ്ഞ് പിറന്നാൽ ശാപമായി കാണുന്ന വീട്ടിൽ ലക്ഷ്മിക്കുട്ടി പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. എന്നാൽ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം വയറ്റാട്ടിയുടെ സഹായത്തോടെ കൊല്ലുന്നു. പെൺകുഞ്ഞിനെ പ്രസവിച്ചിട്ട് വളര്‍ത്താന്‍ ആവാത്ത നിസ്സഹായതയാണ് ലക്ഷ്മിയുടെ ദുഃഖം. ഇനിയത്തെ കുഞ്ഞിനെയെങ്കിലും അവള്‍ വളര്‍ത്തിക്കോട്ടെ എന്ന അഭിപ്രായത്തിനു ലക്ഷ്മിക്കുട്ടിയുടെ അമ്മായി അമ്മക്ക് മറു ചോദ്യമുണ്ട് -കെട്ടിക്കാനുള്ള സ്ത്രീധനം ആരു തരും എന്നചോദ്യം. പ്രസവം എടുക്കാന്‍ വന്ന മുത്തുവേടത്തി പെൺകുഞ്ഞാണ് എങ്കിൽ കുഞ്ഞിനു മരുന്നരച്ചു കൊടുത്ത് കൊല്ലുന്നു. അല്ലെങ്കിൽ അമ്മയുടെ മുലക്കണ്ണിൽ വിഷം തേയ്ക്കും. കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് പാലൂട്ടുമ്പോള്‍ കുഞ്ഞി വായില്‍ നിന്നും ചോരയും പതയും വരും. അങ്ങനെ അമ്മയുടെ കയ്യാൽ തന്നെ ആ പെൺകുഞ്ഞിന്റെ മരണവും.

ഇങ്ങനെ പോകുന്ന സാറ ജോസഫിന്റെ പാപത്തറയുടെ ഇതിവൃത്തതിനാണ് ഗോവിന്ദ് പുതിയ മുഖം നൽകിയിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഗോവിന്ദ് മേനോന്റെ സഹോദരിയായ ധന്യ സുരേഷാണ്. തമിഴും മലയാളവും ഇടകലർന്ന ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന വരികളിൽ പിറക്കാതെ പോയ പെൺകുഞ്ഞുങ്ങളുടെയും പൂർത്തിയാക്കാനാവാത്ത മാതൃത്വത്തിന്റെയും വേദന ഒരുപോലെ വരച്ചിട്ടിരിക്കുന്നു.

''പാപത്തറ എന്ന കഥയെ അടിസ്ഥാനമാക്കി ചേച്ചി ഒരു നാടകം ചെയ്തിരുന്നു, അതിലൂടെയാണ് ഈ ഇതിവൃത്തത്തിലേക്ക് എത്തി ചേരുന്നത്. ഇന്ന് രാവിലെ ചേച്ചിയെ കൊണ്ട് വരികൾ എഴുതിച്ചു , സംഗീതം ചെയ്തു , പാടി. പിറക്കാതെ പോയ കുഞ്ഞുമക്കൾക്കും അമ്മമാർക്കും വേണ്ടിയുള്ളതാണ് ഈ ഗാനം. ഒപ്പം പെൺ ഭ്രൂണഹത്യക്ക് നേരെയുള്ള എതിർപ്പും.'ഗോവിന്ദ് പി മേനോൻ മനോരമ ന്യൂസിനോട് പറഞ്ഞു.

വയലിന്റെ പശ്ചാത്തല സംഗീതത്തിൽ സോഫ്റ്റ്‌ മ്യൂസിക് ആയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . സൗണ്ട് ക്ലൗഡിൽ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.