തിരുവനന്തപുരം ∙ മലയാളത്തിന്റെ സാമൂഹിക, സാംസ്കാരിക നായകർ അണിനിരന്ന വേദിയിൽ സംഗീതജ്ഞൻ എം. ജയചന്ദ്രന് ആദരം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജയചന്ദ്രനെ പൊന്നാടയണിയിച്ചപ്പോൾ ഇനിയും ഏറെക്കാലം സാർഥകമായ സംഗീതയാത്ര തുടരാൻ കഴിയട്ടെയെന്നു ഗാനഗന്ധർവൻ യേശുദാസിന്റെ അനുഗ്രഹം. ജയചന്ദ്രന്റെ സംഗീതയാത്രയ്ക്ക് ഇരുപതാണ്ടുകൾ പൂർത്തിയായ വേളയിൽ മനോരമ ഓൺലൈൻ ആണ് ജയരാഗങ്ങൾ എന്ന പേരിൽ ആദരസന്ധ്യ സംഘടിപ്പിച്ചത്.
സംഗീതലോകത്ത് അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ യേശുദാസിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കേരളത്തിന്റെ കലാഭൂമിയെ ഇനിയും ഏറെക്കാലം നയിക്കാൻ യേശുദാസിനു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സംഗീതലോകത്തു ജയചന്ദ്രന്റെ സേവനങ്ങൾ ഒരു മലയാളിക്കും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവയസ്സിൽ തുടങ്ങിയ സംഗീതപഠനം ഇപ്പോഴും തുടരുകയാണെന്നും പഠിച്ചുതുടങ്ങുമ്പോഴേയ്ക്കും കാലം തീരുമെന്നും യേശുദാസ് പറഞ്ഞു. സംഗീതം ദൈവാനുഗ്രഹമാണെന്നും അതിന്റെ ഓരോ തുള്ളിയും കാത്തുസൂക്ഷിക്കുകയാണു നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പാട്ടുകളെ സ്നേഹിച്ച മണ്ണിനും മലയാളികൾക്കും നന്ദിപറഞ്ഞാണു ജയചന്ദ്രൻ വേദിയിലെത്തിയത്. വർഷങ്ങൾക്കു മുൻപ് തരംഗിണി സ്റ്റുഡിയോയുടെ മുന്നിൽ ഒരു നോക്കു കാണാൻ കാത്തുനിന്ന യേശുദാസ് പിന്നീട് തന്റെ പാട്ടു പാടിയത് ഏറ്റവും വലിയ ഈശ്വരാനുഗ്രഹമാണെന്നും ജയചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും യേശുദാസിനുമൊപ്പം ജയചന്ദ്രന്റെ ഗുരു പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഗായികമാരായ ശ്രേയ ഘോഷാൽ, സുജാത, മനോരമ ഡപ്യൂട്ടി എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവർ ചേർന്നാണു പരിപാടി ഉദ്ഘാടനം ചെയ്തത്.
കണ്ണഞ്ചിപ്പിക്കുന്ന ലേസർ മാൻ പ്രകടനത്തോടുകൂടിയാണു ഷോ തുടങ്ങിയത്. ജി. വേണുഗോപാൽ, വിജയ് യേശുദാസ്, സുധീപ് കുമാർ, ശ്രീറാം, വൈക്കം വിജയലക്ഷ്മി, ശ്വേത മോഹൻ, ഹരിചരൺ, രാജലക്ഷ്‌മി, ശ്രേയ ജയദീപ്, സംഗീതസംവിധായകരായ ദീപക് ദേവ്, ബിജിപാൽ, സ്റ്റീഫൻ ദേവസി, ബാലഭാസ്കർ തുടങ്ങിയവരാണു സംഗീതസന്ധ്യയ്ക്കു നേതൃത്വം നൽകിയത്. റിമ കല്ലിങ്കൽ, ഇഷ തൽവാർ, രമ്യ നമ്പീശൻ, മിയ, ഇനിയ, അൻസിബ, മണിക്കുട്ടൻ, ജോൺ എന്നിവർ നൃത്തച്ചുവടുകളുമായെത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂടും ടിനി ടോമും ചിരിപ്പടക്കവുമായി വേദിയിൽ നിറഞ്ഞു. ചലച്ചിത്രതാരം നൈല ഉഷയായിരുന്നു അവതാരക.
കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോക്കാ ബാവ, മേയർ വി.കെ. പ്രശാന്ത്, മനോരമ ഓൺലൈൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മറിയം മാമ്മൻ മാത്യു, കല്യാൺ മീഡിയ ഹെഡ് അനൂപ് മുകുന്ദൻ, ന്യൂക്ലിയസ് പ്രോപ്പർട്ടീസ് എംഡി എൻ.പി. നിഷാദ്, ഡയറക്ടർമാരായ എൻ.പി. നൗഷാദ്, എൻ.പി. നാഷിദ്, എൻ.പി. നാസർ, കെഎസ്എഫ്ഇ എജിഎം രാജചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. ന്യൂക്ലിയസ് തിരുവനന്തപുരം പ്രൊജക്ട് ചടങ്ങിൽ പ്രകാശനം ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.