ബസു യാത്രയ്ക്കിടെ ഒരു കവലയിൽ അൽപ നേരം വണ്ടി നിന്നു. പുറംകാഴ്ചകളിൽ നിറഞ്ഞതു കുറേ കുറേ കുഞ്ഞിപ്പിള്ളേരായിരുന്നു. കുസൃതി കലർന്ന തിരക്കിട്ട് കവലയിൽ ഓടിച്ചാടി നടപ്പുണ്ടവർ. കണ്ടാലേ അറിയാം വൈകുന്നേരങ്ങളെ ഓണത്തിനു വിട്ടുകൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഓണ അവധിയിലേക്കു കടന്നിട്ടില്ല സ്കൂളുകൾ. നാട്ടിൻപുറങ്ങളിലെ കുഞ്ഞു കുഞ്ഞു ക്ലബുകളിൽ ഓണക്കളിയുടെ ആരവങ്ങളുണർന്നിട്ടു കുറേയായി. ചേട്ടൻമാരുടെ നിർദ്ദേശത്തിനനുസരിച്ചു പൂവില്ലാത്ത പൂക്കളമിടുവാനുള്ള തയ്യാറെടുപ്പിലാണവർ. നല്ല കാഴ്ച തന്നെ. പക്ഷേ കുട്ടിക്കാലത്തിന്റെ നല്ലോർമകളിലേക്കു കൊണ്ടുപോകുന്ന കാഴ്ചയെ മനസോടടുപ്പിക്കുവാൻ കഴിഞ്ഞില്ല. പൊടിപിടിച്ചു അവ്യക്തമായിപ്പോയ സ്പീക്കറുകളിൽ അവര്‍ വച്ച പാട്ട് ആ നിമിഷത്തെ പിന്നീടുള്ള യാത്രയേയും മൗനത്തിലാഴ്ത്തി. കാരണം അതു കലാഭവൻ മണിയുടെ പാട്ടായിരുന്നു എന്നതുകൊണ്ടു തന്നെ. ഈ ഓണത്തിനു പാട്ടുമായെത്തുവാൻ മണിയില്ല...
വരികളിലെ നിഷ്കളങ്കത്വവും രസവും യാഥാർഥ്യതയും നമ്മളെക്കൊണ്ടത് ഏറ്റുപാടിച്ചു. സംഗീതം പഠിച്ചിട്ടില്ലാത്ത, കാമ്പുള്ള അഭിനേതാവ് ആലാപനത്തിന്റെ ചന്തം കൊണ്ടു മാത്രം മലയാളത്തിന്റെ പാട്ടു ലോകത്ത് വേരുറപ്പിച്ചു. മണിയുടെ സ്വരത്തോടും പാട്ടിന്റെ വരികളോടും താളത്തോടും മാത്രമുള്ള ഇഷ്ടംകൊണ്ടായിരുന്നില്ല അത്. മണിയെന്ന അഭിനേതാവിനുള്ളിലെ തീർത്തും സാധാരണക്കാരനോടുള്ള സ്നേഹമായിരുന്നു ആ പാട്ടുകളെ ഇത്രയേറെ പ്രിയപ്പെട്ടതാക്കിയത്.
പാട്ടിന്റെ കുലപതികള്‍ പാടിയവയ്ക്കിടയിൽ മണിയുടെ പാട്ടുകളും ഇടംപിടിച്ച സംഭവം അത്ഭുതം തന്നെയായിരുന്നു. മണിയുടെ സ്റ്റേജ് ഷോകൾക്കും സിഡികൾക്കും കാസറ്റുകൾക്കും പിന്നാലെ ഹരം പിടിച്ച് മലയാളികൾ പായുകയായിരുന്നു. കലയിലെ സാധാരണത്വത്തിന്റെ ശക്തിയെന്തെന്നറിയിച്ച മണി പാടിയ പാട്ടുകൾ തന്നെയാണ് ഈ ഓണത്തിനു പൂച്ചന്തമേകുന്നത്. മണിയുടെ പാട്ടുകൾ ചേർത്തു പുതിയതായി യുട്യൂബിൽ അപ്‍ലോഡ് ചെയ്ത ഓണം സ്പെഷ്യൽ വിഡിയോകൾക്കു പോലും പ്രേക്ഷകരുടെ വലിയ പിന്തുണയാണ്...പുതിയ പാട്ടുമായി എത്തുവാന്‍ മണിയില്ലെങ്കിലും.