പൃഥ്വിരാജും ടൊവീനോ തോമസും പ്രിയ ആനന്ദും പ്രധാന വേഷങ്ങളിലെത്തിയ എസ്ര എന്ന ഹോറർ ചിത്രം പുതിയൊരു ആവിഷ്കാര രീതിയാണ് മലയാളിയ്ക്കു പരിചയപ്പെടുത്തിയത്. സിനിമയിൽ നിന്നു കേട്ട ആദ്യ ഗാനത്തിനു തന്നെ ആ പുതുമയുടെ ഭംഗിയുണ്ടായിരുന്നു.
ലൈലാകമേ എന്ന ആ ഗാനം ശരിക്കും മലയാളി ഏറ്റുപാടുകയാണ്. ഹരിചരണിന്റെ സ്വരത്തിലുള്ള ഗാനം മൂന്നു മാസം കൊണ്ട് 33 ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബു വഴി ആളുകൾ കണ്ടത്. സംഗീത സംവിധായകനെ പോലും അതിശയിപ്പിച്ച വിജയമാണു പാട്ട് കേൾവിക്കാർക്കിടയിൽ നേടിയതെന്നു പറയാം.
ലൈലാകമേ എന്ന വാക്കിന്റെ കൗതുകവും പുതുകാലത്തിന്റെ പ്രണയചിന്തകളെ കാൽപനികതയോടു ചേർത്തുനിർത്തി കുറിച്ച വരികളുമാണ് പാട്ടിനെ പ്രിയങ്കരമാക്കിയത്. പ്രിയയും പൃഥ്വിരാജും തമ്മിലുള്ള പ്രണയവും വിവാഹവും ചിത്രീകരിച്ച രംഗങ്ങളും യുവത്വത്തിന്റെ ചിന്തകൾക്കൊപ്പമായിരുന്നു. ഓരോ കേൾവിയിലും ഉണര്‍വിന്റെ ഉയിരാകാൻ പാട്ടിനു കഴിയുന്നു. ബി.കെ. ഹരിനാരായണിന്റേതാണു വരികൾ. ജെയ് കെ സംവിധാനം ചെയ്ത ചിത്രമായിരുന്നു എസ്ര.