മൊറാൻ അമേഖ് എന്ന അരാമ്യ വാക്കിന്റെ അർഥം ‘ദൈവം നിന്നോടു കൂടെ’ എന്നാണ്. ക്രിസ്ത്യൻ മെഡിറ്റേഷൻ മന്ത്രങ്ങൾ നിറഞ്ഞ തന്റെ ആൽബത്തിനു ഗായകൻ ഫ്രാങ്കോ നൽകിയ പേരും മൊറാൻ അമേഖ് എന്നുതന്നെ. സംസ്കൃതത്തിലുള്ള ക്രിസ്ത്യൻ മെഡിറ്റേഷൻ മന്ത്രങ്ങളുമായി ഇറങ്ങുന്ന ആദ്യ സംഗീതആൽബമെന്ന പെരുമയാണു പിന്നണി ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പരിചിതനായ ഫ്രാങ്കോ സൈമണിന്റെ ഈ വേറിട്ട ആൽബത്തിനുള്ളത്.
സംസ്കൃതത്തിലുള്ള മറ്റു മെഡിറ്റേഷൻ ആൽബങ്ങളുണ്ടെങ്കിലും ക്രിസ്ത്യൻ ധ്യാനമന്ത്രങ്ങളുള്ള ആൽബം ഇതാദ്യം. കോസ്മിക് മ്യൂസിക് എന്ന കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഇത്തരമൊരു ചിന്ത രൂപപ്പെട്ടതെന്നു ഫ്രാങ്കോ പറയുന്നു. തൃശൂർ ചേതന മ്യൂസിക് അക്കാദമിയുടെ സ്ഥാപകനായ ഫാ. തോമസ് ചക്കാലമറ്റത്തോടാണ് ആശയം ആദ്യം പങ്കുവച്ചത്. പിന്നെയുള്ള അലച്ചിൽ രചനയ്ക്കു വേണ്ടി. പലരോടും തിരക്കിയെങ്കിലും സംസ്കൃത വരികൾ ലഭിച്ചില്ല. ഒടുവിൽ മൂവാറ്റുപുഴ നിർമല കോളജിൽനിന്നു വിരമിച്ച ഡോ. കെ.യു. ചാക്കോയെക്കുറിച്ച് അറിഞ്ഞതാണ് വഴിത്തിരിവായത്.
സംസ്തൃകത്തിൽ യേശു സുപ്രഭാതം, ക്രിസ്തു ഭുജംഗം, ഗിരി പ്രഭാഷണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. യേശു സുപ്രഭാതം, യേശു സഹസ്രനാമം എന്നീ രചനകളാണു മൊറാൻ അമേഖിനു വേണ്ടി തിരഞ്ഞെടുത്തത്. പിന്നീടെല്ലാം വേഗത്തിലായി. ഗ്രിഗോറിയൻ ചാന്റിന്റെ ശൈലിയിൽ സംസ്കൃത ശ്ലോകങ്ങൾ ഉൾപ്പെടുത്തിയാണു സംഗീതം നൽകിയത്. സംസ്കൃത ഉച്ചാരണത്തിൽ പരിശീലനം നേടിയ ഗായകരുടെ സംഘമാണു രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ആൽബത്തിൽ പാടിയിരിക്കുന്നത്.
ആൽബത്തിനു വേണ്ടി റീ വെർബ് (ശബ്ദ പ്രതിധ്വനി നൽകുന്നത്) ഒരുക്കിയിരിക്കുന്നതും വ്യത്യസ്തമായ രീതിയിലാണ്. തൃശൂരിലെ ഡോളേഴ്സ് പള്ളിയിൽ ആൽബത്തിലെ ശ്ലോകങ്ങൾ പ്ലേ ചെയ്ത ശേഷം അതിൽനിന്നു ലഭിച്ച പ്രതിധ്വനി റെക്കോർഡ് ചെയ്തെടുത്താണ് അവസാന മിക്സിങ് പൂർത്തിയാക്കിയത്. ഫ്രാങ്കോയുടെ അമ്മാവനും പ്രശസ്ത സംഗീത സംവിധായകനുമായ ഔസേപ്പച്ചൻ ആൽബത്തിനു വേണ്ടി വയലിൻ വായിച്ചിട്ടുണ്ട്. വില്യം ഫ്രാൻസിസാണു കീ ബോർഡ് പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത്. ഭവ്യലക്ഷ്മി, രാജേഷ് ചേർത്തല, ഒ.കെ. ഗോപി, കെ.ജെ. പോൾസൺ, സന്ദീപ് ആനന്ദ്, മിഥുൻ ജയരാജ്, ആലാപ് എന്നിവരാണു മറ്റ് ഉപകരണങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അമൽ ആന്റണിയാണു ക്വയർ ലീഡർ.
അഞ്ചു വർഷത്തെ ശ്രമത്തിന്റെ ഫലമാണ് ഈ ആൽബമെന്നു ഫ്രാങ്കോ പറയുന്നു. ഹൃദയതാളത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന താളമാണ് ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ശരീരത്തിനും മനസ്സിനും പുതിയ ഊർജം നൽകുന്നതാണ് ഇത്തരം മെഡിറ്റേഷൻ ആൽബങ്ങളെന്നു ഫ്രാങ്കോയുടെ വാക്കുകൾ. നിലവിൽ ഐ ട്യൂൺസിലും സിഡിബേബി എന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റിലും ആൽബം ലഭിക്കും. വൈകാതെ ഓഡിയോ, വിഡിയോ സിഡികൾ കടകളിൽ ലഭ്യമാകും.