യുട്യൂബിൽ റിലീസ് ചെയ്ത് പത്തു ദിവസം തികയും മുൻപേ 50 ലക്ഷത്തിലധികം പ്രേക്ഷകരെയാണ് പൂമരം എന്ന പാട്ട് നേടിയെടുത്തത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡു കൂടി ഈ ഗാനം സ്വന്തമാക്കിയിരിക്കുന്നു. യുട്യൂബിൽ ഏറ്റവും അധികം ലൈക്കുകൾ നേടിയെടുത്ത മലയാളം പാട്ട് എന്ന റെക്കോർഡ് ആണത്. എഴുപത്തിയേഴായിരത്തോളം പേരാണ് ഈ ഗാനം ഇഷ്ടപ്പെട്ടെന്ന അർഥത്തിൽ ലൈക്ക് ചെയ്തത്. ഫൈസൽ റാസി ഈണമിട്ട് പാടിയ പാട്ട് പൂമരം എന്ന ചിത്രത്തിലേതാണ്. ആശാൻ ബാബുവും ദയാൽ സിങും ചേർന്നാണ് ഈ ഗാനം എഴുതിയത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാം ആണു നായകൻ. കാളിദാസ് മഹാരാജാസ് കോളജിലെ വിദ്യാർഥിയായിട്ടാണ് ചിത്രത്തിലെത്തുന്നത്.
മഹാരാജാസ് കോളജിലെ വിദ്യാർഥികൾ പാടി നടന്ന ഗാനത്തെയാണ് എബ്രിഡ് ഷൈൻ ചിത്രത്തിലേക്കെടുത്തത്. ആശാന് ബാബുവും ദയാൽ സിങും ചേർന്നെഴുതിയ പാട്ടാണിത്. പാട്ട് യുട്യൂബിലെത്തിയതു മുതൽ കേരളത്തിന്റെ ഗാനമായി അതു മാറി. ഈ പാട്ടിനെ ആസ്പദമാക്കിക്കൊണ്ടുള്ള ഒട്ടേറെ കവർ വേർഷനുകളും വിഡിയോകളുമാണ് ദിനംപ്രതി യുട്യൂബിലെത്തുന്നത്.