വർധ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ ജനതയുടെ ജീവിതം ആകെ താറുമാറാക്കുകയാണ്. ശക്തമായ മഴയും കാറ്റും രണ്ടു പേരുടെ ജീവൻ എടുക്കുകയും കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയുമാണ്. ചെന്നൈയ്ക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ വീശുന്ന കാറ്റ് എത്ര മാത്രം ഭീതിജനകമാണ് എന്ന് വ്യക്തമാക്കുകയാണ് സംഗീത സംവിധായകൻ ശരത്. മനോരമ ന്യൂസിനോടാണ് അദ്ദേഹം സംസാരിച്ചത്.
ചെന്നൈയിലെ ജീവിതം ഭീതി ജനകമാണ്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കയായിരുന്നു കാറ്റ് ശക്തമാകുമ്പോൾ. മരങ്ങളൊക്കെ ഒടിഞ്ഞു വീണു റോഡിൽ. അതിന്റെ മുകളിൽ കൂടിയായിരുന്നു ഡ്രൈവിങ്. എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതി എന്നായിരുന്നു. അത്രയ്ക്കു പേടിച്ചു പോയി.
ആകെ ബഹളമാണ്. എവിടെ നിന്നൊക്കെയോ ശബ്ദം വരുന്നു. ഒടിഞ്ഞു വീണ മരങ്ങളും കെട്ടിട അവശിഷ്ടങ്ങളും കാറ്റത്ത് പറന്നു വരികയാണ്. ആകെ പേടിച്ചു പോയി ഞങ്ങൾ. സെക്കൻഡ് ഫ്ലോറിലാണ് എന്റെ ഫ്ലാറ്റ്. അതിനു മുകളിലുള്ളവരുടെ കാര്യം പറയുകയേ വേണ്ട. ശരത് പറഞ്ഞു.