മലയാളത്തിൽ ഏറ്റവും അധികം അഭിനേതാക്കളെക്കൊണ്ട് പാടിച്ച സംഗീതസംവിധായകനെന്ന ഖ്യാതി ഗോപിസുന്ദറിന് മാത്രം അർഹതപ്പെട്ടതാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെക്കൊണ്ടും പാട്ടുപാടിച്ച ഗോപി മലയാളം കടന്ന് തെലുങ്കിലും താരങ്ങളെക്കൊണ്ട് പാടിച്ചിരിക്കുകയാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നവീൻ ബാബു എന്ന നാനിയാണ് ഗോപിയുടെ സംഗീതത്തിന് കീഴിൽ പാടുന്ന പുതിയ താരം.
ഗോപി സുന്ദർ സംഗീതം നിർവ്വഹിക്കുന്ന തെലുങ്ക് ചിത്രം ദോസ്തിന് വേണ്ടിയാണ് നാനി ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നാനി പാടുന്ന വിവരം പുറത്തുവിട്ടത്. ഗോപിസുന്ദർ ഈണം പകരുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ദോസ്ത്. മുന്ന, ബൃന്ദാവനം, യേവാഡു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായൻ വംശി പൈടിപ്പള്ളിയുടെ നാലാമത്തെ ചിത്രമാണ് ദോസ്ത്.
തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്ന ചിത്രത്തിൽ നാഗാർജുന, കാർത്തി, തമന്ന, ജയസുധ, അനുഷ്‌ക ഷെട്ടി തുടങ്ങിയവരാണ് അഭിനേതാക്കൾ. വംശി പൈടിപ്പള്ളി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പിവിപി സിനിമയുടെ ബാനറിൽ പ്രസാദ് വി പോട്‌ലൂരി നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.