നേരിന്റെ പാട്ടെഴുത്ത്. അതിനൊപ്പം ഈണങ്ങൾക്കും പുതിയ മാനങ്ങള്‍. കുറേ നാളുകൾക്കു ശേഷം ഒന്നിനു പുറകേ കുറേ നല്ല ഗാനങ്ങൾ മലയാളത്തിലെത്തി. പുതിയ പാട്ടെഴുത്തുകാർ, കാത്തിരുന്നു കാത്തിരുന്നു ഈണമിട്ട പ്രതിഭകൾ, പുതു സ്വരങ്ങളിലെ പുതു ഭാവങ്ങളിലെ ആലാപനം. കേട്ടു വരാം...ആ ഗാനങ്ങളെ ഒന്നുകൂടി.
ഖിസപാതിയിൽ
പാതി മുറിഞ്ഞ പ്രണയ നോവിന്റെ വിലാപമായിരുന്നു ഖിസപാതിയിൽ, ആ പ്രണയത്തിന്റെ വസന്തകാല ഭംഗിയാണു നിളമണൽത്തരികളിൽ. രണ്ടു പാട്ടുകളുടെ ഈണത്തിലും നവാഗത പ്രതിഭയുടെ കയ്യൊപ്പ്. സുഷിൻ ശ്യാം ആണു ഖിസപാതിയെന്ന വരികൾക്കു പാതിയിൽ രസംമുറിയാത്ത പൂർണതയുള്ള സംഗീതം പകർന്നത്. കമ്മട്ടിപ്പാടത്തിലെ നേരുള്ള പാട്ടെഴുത്തിനു ശേഷം അൻവർ അലി വരികൾ കുറിച്ചതു കിസ്മത്തിനു വേണ്ടിയായിരുന്നു. ഖിസ പാതിയിലെ പദഭംഗിയും അർഥത്തിന്റെ ആഴവും ആ പാട്ടെഴുത്തുകാരനെ ഒന്നുകൂടി മലയാളത്തിനു പ്രിയപ്പെട്ടതാക്കി. സച്ചിൻ ബാലുവിന്റെ നേർത്ത പ്രണയാര്‍ദ്ര സ്വരം പാട്ടിനു നൽകിയ ഭംഗി ആ പ്രണയത്തിന്റേതു കൂടിയായിരുന്നു.
നിളമണൽത്തരികളിൽ
നിളാ തീരത്തെ മണൽത്തരികളുടെ ഭംഗിയുള്ള പാട്ടു തന്നെയായിരുന്നു ഇത്. ചലച്ചിത്ര ഗീതങ്ങളുടെ പിന്നണിയിൽ ഗിത്താർ മീട്ടിയിരുന്നപ്പോൾ മനസിൽ വിരിഞ്ഞ ഈണങ്ങൾ തന്നെയാകും സുമേഷ് പരമേശ്വർ ഈ പാട്ടിനു നൽകിയത്. റഫീഖ് അഹമ്മദിന്റെ കാവ്യത്തിലേക്കു ആ ഈണം പകർന്നപ്പോൾ ഡോലകിന്റെ താളം പോലെ മനസിലേക്കു ചേക്കേറി. ഹരിശങ്കറിന്റെയും ശ്രേയാ രാഘവിന്റെയും ആഴമുള്ള സ്വരം കൂടി ചേർന്നപ്പോൾ പാട്ടു കാതോരങ്ങളോട് ഏറെ ഇഷ്ടത്തോടെ ചേർന്നിരുന്നു.
ഗബ്രിയേലിന്റെ
ഇനിയുള്ള കാലത്തെ കരോൾ സംഘങ്ങൾ പാടുക ഈ പാട്ടുകൂടിയാകും. പഴയ കാലം പുതിയ കാലത്ത് പുനസൃഷ്ടിച്ചപ്പോൾ പിറന്ന പാട്ട്. പുതിയ സംഗീത സംവിധായകന്റെ മനസിൽ വിരിഞ്ഞ പഴയ കാലത്തെ താളത്തിന്റെ കൂട്ട് ഹരംപിടിപ്പിക്കുന്നു. പാട്ടിന്റെ ദൃശ്യവും അതുപോലെ തന്നെ. വിനായക് ശശിധരനെഴുതിയ പ്രാർഥനാ വരികളെ ആഘോഷത്തിന്റെ താളക്കൂട്ടുകൾ നൽകി വിഷ്ണു വിജയ് ചിട്ടപ്പെടുത്തിയ പാട്ടാണിത്.
ഒരുത്തിക്കു പിന്നിൽ
പ്രേമത്തിനു ശേഷം ഒരു ഫ്രീക്ക് പാട്ടു കേട്ടിട്ട്, പ്രേമത്തിലെ കുരുത്തക്കേടുകളെ കുറിച്ചു കേട്ടിട്ട് കുഫേ കാലമായ.ില്ലേ. ആ സങ്കടമാണു പ്രേതത്തിന്റെ ടൈറ്റിൽ സോങിലൂടെ വിനീത് ശ്രീനിവാസൻ മാറ്റിത്തന്നത്. ആൺ-പെൺ സ്വരത്തിൽ പാടി രസിപ്പിച്ചു വിനീത്. കുസൃതിയും തമാശയും കലർന്ന വരികൾ പാട്ടു വീണ്ടും വീണ്ടും ഏറ്റുപാടുന്ന പോലെയാക്കി. റഫീഖ് അഹമ്മദ് പാട്ടെഴുതിയപ്പോൾ ആനന്ദ് മധുസൂദനനാണ് ഈണം പകർന്നത്.
മണ്ണപ്പം ചുട്ടു കളിച്ച
ശാരദാംബരം ചാരു ചന്ദ്രിക, പൊടിമീശ മുളയ്ക്കണ കാലം...ഗൃഹാതുരത്വമുണർത്തിയ ഈ രണ്ടു ഗാനങ്ങൾക്കു ശേഷം ഭാവാഗായകൻ പി. ജയചന്ദ്രന്റെ ആലാപനത്തിലെത്തിൽ മറ്റൊരു പാട്ടു കൂടി. ബി,െക ഹരിനാരായണന്‍ എഴുതിയ പാട്ടിന് ഈണമിട്ടത് രതീഷ് വേഗയാണ്. ആടുപുലിയാട്ടമെന്ന ചിത്രത്തിൽ പി.ജയചന്ദ്രന്റെ സ്വരത്തിൽ മറ്റൊരു മനോഹര ഗാനത്തിനും രതീഷ് വേഗ ഈണം നൽകിയിരുന്നു.