പാട്ടുകാരും നർത്തകരും അഭിനേതാക്കളും എഴുത്തുകാരും ധാരാളമുണ്ട് രാഷ്ട്രീയക്കാർക്കിടയിൽ. അവരുെട തിരക്കു കാരണം പലപ്പോഴും അതൊന്നും പുറത്തറിയാറില്ല. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഇവയെ കൂട്ടുപിടിച്ച് അവർ നമുക്കു മുന്നിലേക്കെത്തുമ്പോൾ കൗതുകമേറും. ഈ വിഡിയോ കാണുമ്പോഴും അതേ അനുഭവമാണ്. ഈ വിഡിയോയിലെ താരം കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.സി. വിഷ്ണുനാഥ് ആണ്. കാവാലം നാരായണപ്പണിക്കർക്ക് ആദരമർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്ന് പ്രശസ്ത ഗിത്താറിസ്റ്റ് സാം ശിവയ്ക്കൊപ്പമാണ് വിഷ്ണുനാഥ് ആലപിക്കുന്നത്.
കറുകറെ കാര്‍മുകിൽ എന്ന പാട്ടാണ് വിഷ്ണുനാഥ് പാടിയത്. താളമാണ് കാവാലം നാരായണ പണിക്കരുടെ ഗാനങ്ങളെ കാലാതീതമാക്കുന്നത്. താളം തെറ്റാതെ രസകരമായിട്ടാണ് പി.സി.വിഷ്ണുനാഥ് പാടിയിരിക്കുന്നതും. ഷാഫി പറമ്പിൽ ഇന്നലെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വിഡിയോ മികച്ച പ്രേക്ഷക പ്രതികരണവും നേടി.
തിരുവനന്തപുരം ലോ കോളജിൽനിന്നു ബിരുദം നേടിയ വിഷ്ണുനാഥ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കേരളത്തിനു പരിചിതനാകുന്നത്. ചെങ്ങന്നൂരിൽനിന്ന് 2006 ൽ ആദ്യമായി കേരള നിയമസഭയിലേക്ക്. 2011 ൽ വിജയമാവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങിയെങ്കിലും സിപിഎമ്മിന്റെ കെ.കെ. രാമചന്ദ്രൻ നായരോടു തോറ്റിരുന്നു. കന്നഡ കവയിത്രി കനകഹാമയാണ് വിഷ്ണുനാഥിന്റെ ഭാര്യ.