പച്ച തീയാണു നീ പിച്ചിപൂവാണു ഞാൻ... തമ്മിൽ കണ്ട നേരത്ത് ഒന്നായ് പോയ് വേഗത്തിൽ. രാജമൗലി അഭ്രപാളിയിൽ അത്ഭുതം സൃഷ്ടിച്ച ബാഹുബലിയിലെ പച്ച ബൊട്ടേസിനാ എന്ന പാട്ടിന്റെ മലയാളം പരിഭാഷ . പ്രഭാസും തമന്നയും ചരിത്ര സിനിമയിലെ പ്രണയ മുഖങ്ങളായി അഭിനയിച്ച ചിത്രത്തിലെ ഈ ഗാനത്തെ കുറിച്ച് പറയാൻ ആമുഖം ആവശ്യമില്ല. കണ്ടും കേട്ടും നമുക്ക് ഏറെ പരിചിതമായിക്കഴിഞ്ഞതാണ് ഈ ഗാനം. വിജയ് യേശുദാസും ശ്വേതയും ചേർന്നാണ് ഈ ഗാനത്തിന്റെ മലയാളം പരിഭാഷ പാടിയത്. ആ ഗാനത്തിന് തീർത്തും വ്യത്യസ്തമായ ഒരു ആനിമേഷൻ വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഫെലിക്സ് ദേവസ്യയെന്ന സംവിധായകൻ. പച്ചതീയും കയ്യിൽ പിടിച്ച് പ്രണയം പങ്കുവയ്ക്കുന്ന ബാഹുബലിയെയാണ് ഫെലിക്സ് ദേവിസ്യ സൃഷ്ടിച്ചത്. രാജമൗലിയുടെ സങ്കൽപത്തിലെ ആ നാടും ആനിമേഷനിൽ വന്നപ്പോൾ തികച്ചും രസകരം. എന്നാൽ, ബാഹുബലിയെ പോലെ ഈ കക്ഷി ബാഹുവൊന്നുമല്ല. അവന്തിക തമന്നയെ പോലെ അത്രയ്ക്കങ്ങ് സുന്ദരിയുമല്ല. പക്ഷേ പാട്ടിലെ വാക്കുകൾക്കെല്ലാം ആനിമേഷൻ രൂപം തയ്യാറാക്കിയപ്പോൾ വീഡിയോ തകർപ്പൻ.
വീഡിയോയിൽ മെലിഞ്ഞ ബാഹുബലി മല ചുമന്നുകൊണ്ടു വരുമ്പോൾ പ്രണയിനിക്കു നേരം പച്ച നിറത്തിലുള്ള തീ നീട്ടികാണിച്ച് പ്രണയം പങ്കുവയ്ക്കുമ്പോൾ നിങ്ങൾക്ക് ചിരി വരാം. മെലിഞ്ഞ ബാഹുബലിയുടെയും അവന്തികയുടെയും ആനിമേഷൻ പ്രണയ രംഗങ്ങൾ പക്ഷേ രസകരമാണ്. മലയെടുത്തുയർത്തുമ്പോൾ കിതയ്ക്കുന്ന ബാഹുബലി അവന്തികയെ പൊക്കിയെടുക്കാന്‍ പാടുപെടുന്ന ബാഹുബലി. . നിങ്ങൾക്ക് ഊഹിക്കാനാകുമോ ഇങ്ങനൊരു രംഗം. പക്ഷേ ഈ വീഡിയോയിലെ ബാഹുബലി ഇങ്ങനെയാണ്. മനോരമ മ്യൂസിക്കിനായി ഫെലിക്സ് ദേവസ്യ ഈ പാട്ടിന് തയ്യാറാക്കിയ ആനിമേഷൻ വീഡിയോ കാണിച്ചു തരുന്നത് തീർത്തും വ്യത്യസ്തനായ ബാഹുബലിയെയാണ്.
മലകളും വയലിൻ വായിക്കുന്ന പൂമ്പാറ്റകളും ഗിത്താർ വായിക്കുന്ന അണ്ണാറക്കണ്ണനും കംപ്യൂട്ടർ ഉപയോഗിക്കുന്ന അവന്തികയും പ്രണയം പങ്കിടാൻ മലയ്ക്ക് മുകളിലേക്ക് പടവുകളുണ്ടാക്കി കയറുന്ന ബാഹുബലിയും അങ്ങനെ കൺനിറയെ കാണാൻ ദൃശ്യങ്ങൾ ഏറെ. അവന്തികയേയും പൂക്കളേയും മലകളേയും പൂമ്പാറ്റകളേയും അവർ പ്രണയം പങ്കിടുന്ന തടാകത്തിന്റെ കരയേയും ഫെലിക്സ് ദേവസ്യ തന്റെ ആനിമേഷൻ ക്രിയാത്മകതയിലൂടെ പകർത്തിയെഴുതിയത് അതിമനോഹരമായാണ്. എന്തായാലും വീഡിയോയുടെ അവസാനം ബാഹുബലിയുണ്ടാക്കിയ ശിൽപം കാണുമ്പോൾ നിങ്ങൾക്ക് സമാധാനമാകും.