Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ

rahman-hindi-song

നിങ്ങളെന്തെങ്കിലും കാര്യം അങ്ങേയറ്റം സത്യസന്ധതയോടെയും അർപ്പണ ബോധത്തോടെയും ചെയ്താൽ തീർച്ചായും അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. ഓരോ ഈണത്തിലും കേഴ്വിക്കാരനെ അതിശയിപ്പിക്കുവാനെങ്ങനെ കഴിയുമെന്ന ചോദ്യങ്ങൾക്ക് റഹ്മാൻ പലവട്ടം നൽകിയ ഉത്തരങ്ങളിലൊന്നാണിത്. അദ്ദേഹത്തെ സംബന്ധിച്ച് ഈ ചോദ്യം എത്രമാത്രം ശരിയാകുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ബോളിവുഡിലെ കുലപതികളുടെ ഇടയിലേക്ക് മഞ്ഞുപോലത്തെ ഈണങ്ങളുമായി കയറിചെന്ന റഹ്മാന്റെ സംഗീതത്തിൽ ഹിന്ദി ഗീതങ്ങളുടെ ക്ലാസിക് ടച്ചും പാശ്ചാത്യ ഈണങ്ങളുടെ കണങ്ങളും കൂടിച്ചേർന്നിരിക്കുന്നു. റഹ്മാൻ തീർത്ത ഏറ്റവും മനോഹരമായ ഹിന്ദി പാട്ടുകളിലേക്കൊന്നു പിൻ‌നടക്കാം.

ഛയ്യ ഛയ്യ...

കാടിന്റെ കറുപ്പ് കണ്ട് മഞ്ഞ് തൊട്ട് കാറ്റിനൊപ്പം ചൂളമടിച്ച് ചുരങ്ങൾക്കിടയിലൂടെ പാഞ്ഞുപോയ ഒരു തീവണ്ടിക്കു മുകളിൽ നിന്ന് ഷാരുഖ് പാടിയഭിനയിച്ച രംഗങ്ങൾ. ഛയ്യ ഛയ്യ...യെന്ന് ഇന്ത്യൻ യുവത്വം ഒപ്പം പാടിയ ആ പാട്ട്. 1998ൽ ഇറങ്ങിയ ദിൽസേ മണിരത്നമൊരുക്കിയ മറ്റൊരു കാഴ്ചയനുഭവമായിരുന്നു. പാട്ടുകളെല്ലാം അതിസുന്ദരം. ഗുൽസാറിന്റെ വരികൾക്കായിരുന്നു റഹ്മാൻ ഈണം പകർന്നത്. ഇക്കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം ദേശം ഒന്നിച്ചെഴുന്നേറ്റ് നിന്ന് ഏറ്റുപാടിയവയാണ്. അതിർത്തികൾ ഭേദിച്ച് കടന്നുപോയ ഈണമായിരുന്നു ഛയ്യ ഛയ്യ. സുഖ്‍‌വിന്ദർ സിങാണ് ഈ പാട്ട് നമുക്ക് പാടിത്തന്നത്.

യായീരേ...യായീരേ....

കുട്ടി ഫ്രോക്കും തൊപ്പിയും വച്ച് ആടിപ്പാടുന്ന പെൺസങ്കൽപത്തിനൊപ്പം കാതിലേക്കെത്തുന്നു യായീരേ..രാം ഗോപാൽ വർമയുടെ സംവിധാനമികവിൽ ആമിർ ഖാനും ജാക്കീ ഷറഫും ഊർമിള മടോണ്ട്കറും തകർത്തഭിനയിച്ച രംഗീല എന്ന ചിത്രം യുവത്വത്തിന്റ ഹരമായിരുന്നു. 1995 തീര്‍ത്ത ആ തരംഗം ഇന്നും ഹിന്ദി ചലച്ചിത്ര ലോകത്തുണ്ട്. ആശാ ഭോസ്‌ലേയുടെ മധുര സ്വരത്തിൽ വിരിഞ്ഞ അതിസുന്ദരമായ ഒറു പാട്ട് . അടിച്ചുപൊളിക്കാൻ കുറച്ച് ഹിന്ദി പാട്ടുകൾ തിരഞ്ഞാൽ ആദ്യം മനസിലേക്കോടിയെത്തുന്ന പാട്ടുകളിലൊന്നും ഇതുതന്നെ.

നഹീൻ സാമ്നേ തൂ

സംഗീതത്തിനു വേണ്ടിയൊരു ചിത്രമുണ്ടെങ്കിൽ അത് താൽ ആണ്. സംഗീതത്തിന്റെ ആത്മാവെന്തെന്ന് കാണിച്ചു തന്ന ഒരു ചലച്ചിത്രം. സംഗീത വഴികളിലൂടെ പ്രേക്ഷകപക്ഷം കണ്ടുതീർത്ത സിനിമ. ഈണക്കൂട്ടുകൾ പോലെ ഓരോ ഫ്രെയിമിനേയും പ്രേക്ഷകൻ അവന്റെ നെഞ്ചോടു ചേർത്തു. ബോളിവുഡ് തന്നെ എക്കാലത്തേയും മികച്ച ഗീതങ്ങൾ ഉൾക്കൊണ്ട സിനിമയാണ് താൽ. ആനന്ദ് ബക്ഷിയുടേതായിരുന്നു വരികൾ. ഹരിഹരനും സുഖ്‌വിന്ദർ സിങും പാടിയ പാട്ട്. താൽ സേ താൽ മിലാ ഉൾപ്പെടെ ഇതിലെ എല്ലാ പാട്ടും സൂപ്പർ ഹിറ്റുകളാണ്.

മിത്‌വ

ലഗാനൊരു ഇതിഹാസ ചിത്രമായിരുന്നു. ചലച്ചിത്രത്തിലെ ജീവിതങ്ങളെ കുറിച്ച് പാടിക്കൊണ്ട് ലോകത്തോടു സംവദിച്ച ഒരുപിടി ഗാനങ്ങളുൾപ്പെട്ട ചിത്രം. ചരിത്രമെഴുതിയ ചലച്ചിത്രത്തിലെ ജീവിതങ്ങളുടെ കണ്ണുനീരിനെ കുറിച്ച് വികാരങ്ങളെ കുറിച്ച് ഈണങ്ങളിലൂടെ കേഴ്വിക്കാരനോട് സംവദിക്കുവാൻ റഹ്മാന് സാധിച്ചു. ജാവേദ് അക്തറിന് വരികളെഴുതാനും. ഓ മിത്‍‌‌വയെന് ഗാനം മനസിനുള്ളിലല്ലേ സൂക്ഷിച്ചിരിക്കുന്നത്. അൽകാ യാദ്നികും സുഖ്‍വിന്ദർ സിങും ശ്രീനിവാസും ഉദിത് നാരായണനും ചേർന്നാണ് ഈ പാട്ട് പാടിയത്.

ജയ് ഹോ

ഇന്ത്യയുടെ കറുപ്പും വെളുപ്പും കലർന്ന മുഖപടത്തെ കുറിച്ച് ഡാനി ബോയ്‌ൽ ഒരുക്കിയ ചിത്രമായിരുന്നു സ്ലം ഡോഗ് മില്യണയർ. ഓസ്കർ വേദിയിലേക്ക് ഇന്ത്യയുടെ സംഗീത പ്രതിഭ ഇരുകൈയിലും പുരസ്കാരവുമായി നിൽക്കുന്ന അപൂർവ കാഴ്ച സമ്മാനിച്ച ചിത്രം. ചേരിയിലെ ജീവിതത്തിൽ നിന്ന് ആ ജീവിതം പഠിപ്പിച്ച അറിവുകളിലൂടെ വിജയത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയപ്പോൾ ആ കഥാപാത്രം പാടിയ പാട്ടായിരുന്നു ജയ്ഹോ. പക്ഷേ അത് ദേശത്തിന്റെ ഗീതമായി മാറി റഹ്മാൻറെ ഈണത്തിലൂടെ ജയ് ഹോയെന്നെഴുതിയ ഗുൽസാറിന്റെ ചിന്തകളിലൂടെ. റഹ്മാനൊപ്പം ഗുൽസാറും ഓസ്കർ പങ്കിട്ടു. റഹ്മാനും വിജയ് പ്രകാശും തൻ‌വിയും മഹാലക്ഷ്മി അയ്യറും ചേർന്നാണ് ജയ് ഹോ പാടിയത്.

സദ്ദാ ഹഖ്

രൺബീർ കപൂറിന് റോക്ക്സ്റ്റാറിന്റെ ചേലു നൽകിയ ചിത്രത്തിലെ റഹ്മാന്റെ മാന്ത്രിക പാട്ട്. റോക്ക്സ്റ്റാറെന്ന പേര് ഒരുപക്ഷേ ഈ പാട്ടില്ലായിരുന്നുവെങ്കിൽ അപൂർണമായേനെ. മോഹിത് ചൗഹാൻ തന്റെ കഴിവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരിടത്തിലൂടെ പാട്ടിനെ നയിച്ചുവെന്നു കൂടി പറയണം. സദ്ദാ ഹഖ് യുവത്വത്തിന്റെ ഗീതമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇർഷാദ് കമീലിൻറേതായിരുന്നു വരികൾ.

തേരേ ബിനാ

നീലക്കണ്ണുള്ള ഐശ്വര്യ ശിൽപത്തിന്റെ പ്രണയം തുളുമ്പുന്ന ഭംഗി പോലുള്ള പാട്ട്. ഇന്ത്യയുടെ മനസുതൊട്ട മറ്റൊരു പ്രണയ ഗീതം. റഹ്മാനും ചിൻമയിയും ചേർന്നു പാടിയ പാട്ട്. ആഷും അഭിഷേകും അഭിന‌യിച്ച ഗുരുവെന്ന ചിത്രത്തിലെ പാട്ട് റഹ്മാൻ വേറിട്ട വഴിയിൽ‌ സഞ്ചരിച്ച് തീർത്ത പാട്ടാണെന്നാണ് നിരൂപക പക്ഷം വിലയിരുത്തിയത്. ചിത്രത്തിനു റഹ്മാൻ നൽകിയ പശ്ചാത്തല സംഗീതം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സൃഷ്ടികളിലൊന്നായും വിലയിരുത്തുന്നു. ഗുല്‍സാറായിരുന്നു ചിത്രത്തിനായി പാട്ടെഴുതിയത്.

മാഹീ വേ

റോക്ക്സ്റ്റാറിനു ശേഷം ഇംതിയാസും റഹ്മാനും ഒന്നിച്ച ചിത്രമായിരുന്നു ഹൈവേ. മാഹീ വേ എന്ന പാട്ട് റഹ്മാൻ തന്നെയാണ് പാടിയത്. ചടുലവും ഹൃദ്യവുമായ ഈണങ്ങളിലൂടെ കടന്നുപോയ പാട്ട്. സ്വരഭേദങ്ങളിലൂടെ റഹ്മാൻ പാടി നിർത്തിയപ്പോൾ റഹ്മാനിലെ സംഗീത സംവിധായകനേയും ഗായകനേയും പ്രേക്ഷകൻ കൂടുതലടുത്തറിയുകയായിരുന്നു.

ജഷ്നേ യേ ബഹാരേ

ചരിത്ര സിനിമയായിരുന്നു ജോധാ അക്ബർ. ത്രസിപ്പിക്കുന്ന റഹ്മാൻ ഈണങ്ങളുടെയും ചിത്രം. പതിഞ്ഞ സ്വരത്തിൽ ജാവേദ് അലി പാടി മനോഹരമാക്കിയ പാട്ട്. ജാവേദ് അക്തറാണ് പാട്ടെഴുതിയത്.

ഊർവശി ഊർവശീ

താളം ചവിട്ടിപ്പിക്കുന്ന മറ്റൊരു റഹ്മാൻ ഗീതം. പ്രഭുദേവയുടെ കുസൃതിച്ചുവടുകളിലൂടെ കണ്ടാസ്വദിച്ച പാട്ട്. ഇന്ത്യൻ യുവത്വം മൂളിനടന്ന മറ്റൊരു പാട്ടാണിത്. പി കെ മിശ്രയെഴുതി റഹ്മാനും നോയൽ ജെയിംസും ശങ്കർ റഹ്മാനും ഹം സേ ഹേ മുഖാബലയിലെ പാട്ട്. കാതലനെന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്.

റഹ്മാന്റെ ഏറ്റവും മികച്ച ഗാനങ്ങളിലേക്കൊരു യാത്രയെ എഴുതി ഫലിപ്പിക്കുവാൻ വലിയൊരിടം തന്നെ വേണ്ടിവരും. അതുകൊണ്ടു തന്നെ ഇത് വായിച്ചു തീരുമ്പോൾ തർക്കമുണ്ടാകുമെന്നുറപ്പ്. ഈ ഗാനങ്ങൾ മാത്രമല്ല റഹ്മാൻ ഗീതങ്ങളിൽ ഏറ്റവും മനോഹരമായിട്ടുളള്ളത്. പക്ഷേ ഈ പാട്ടുകൾ പ്രതിനിധാനം ചെയ്യുന്നത് റഹ്മാൻ ഗീതങ്ങൾകൊണ്ടു ഇന്ത്യ കണ്ട ചലച്ചിത്രങ്ങളെ കൂടിയാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ചലച്ചിത്രങ്ങളിലെ എല്ലാ ഗീതങ്ങളും ഒന്നിനോടൊന്നു സുന്ദരം തന്നെ. തർക്കമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.