നിലാമഴ പോലുള്ള വരികളെഴുതിയ പാട്ടെഴുത്തുകാരനാണു രാജീവ് ആലുങ്കല്‍. ഗാനരചന രംഗത്തു കാൽനൂറ്റാണ്ടു പിന്നിടുമ്പോൾ പാട്ടുകൾ എഴുതിയത് നൂറു ചിത്രങ്ങൾക്ക് . ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിൽ തുടങ്ങി ഹാപ്പി വെഡ്ഡിങ് വരെ നീണ്ട സിനിമകൾ. ഈ ചിത്രങ്ങൾക്കായി എഴുതിയതാകട്ടെ 260 ഓളം ഗാനങ്ങളും. സ്റ്റീഫൻ ദേവസിയാണു ആദ്യ ഗാനമായ തിങ്കൾ നിലാവിൽ എന്നതിനു ഈണമൊരുക്കിയത്. മെല്ലെ നീ മായവേ ആണു നൂറാമത്തെ പാട്ട്.
സിനിമാ ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം നാടകങ്ങളിലും ആൽബങ്ങളിലും ഒട്ടേറെ നല്ല ഗാനങ്ങളുണ്ട് രാജീവ് ആലുങ്കലിന്റേതായി. 200ൽ അധികം നാടക ഗാനങ്ങളും 2500 ഓളം ആൽബം ഗാനങ്ങളും രാജീവ് ആലുങ്കൽ രചിച്ചിട്ടുണ്ട്.
നിലവിളിത്തെയ്യം, എന്റെ പ്രിയ ഗീതങ്ങൾ, വേരുകളുടെ വേദാന്തം എന്നീ പുസ്തകങ്ങളും രചിച്ചു. 2004ൽ മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 2012ൽ സമഗ്ര സംഭാവനയ്ക്കു കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചു.