ഓടിച്ചിട്ടു പാടിച്ചു, പിടിച്ചിരുത്തി പാടിച്ചു എന്നൊക്കെ കേട്ടിട്ടുണ്ടോ. എന്നാൽ അറിഞ്ഞോളൂ അങ്ങനെ പാടിച്ചൊരു പാട്ടാണ് അലമാര എന്ന ചിത്രത്തിൽ നിന്ന് നിങ്ങളെ കാത്തിരിക്കുന്നത്. മലയാള സിനിമയിലേക്ക് വെടിക്കെട്ടു ഡയലോഗുകളുള്ള തിരക്കഥ എഴുതി ത്രസിപ്പിച്ച പിന്നീടിപ്പോൾ തകർപ്പൻ അഭിനയ മുഹൂർത്തങ്ങളിലൂടെ നമ്മെ അതിശയിപ്പിക്കുന്നൊരാളാണ് കഥയിലെ നായകൻ. കഥയിലെ താരം ഒരു ചിന്നപ്പയ്യൻ എന്നൊക്കെ വിളിക്കാവുന്നൊരു സംഗീത സംവിധായകനും. രൺജി പണിക്കറാണു നായകൻ. ചിന്നപ്പയ്യൻ വള്ളീം പുള്ളീം തെറ്റി സിനിമയിലൂടെ സിനിമയിലേക്കെത്തിയ സംഗീത സംവിധായകൻ സൂരജ് എസ്. കുറുപ്പും.
സിനിമയിൽ ആകെ രണ്ടു പാട്ടുകളാണുള്ളത്. സിനിമയുടെ ഒരു ഊർജ്ജവും ത്രസിപ്പും പ്രേക്ഷകരിലേക്കെത്തിക്കുന്നതാകണം ഒരു ഗാനം എന്നായിരുന്നു സംവിധായകനായ മിഥുൻ മാനുവേൽ തോമസ് നൽകിയ നിർദ്ദേശം. സിനിമയുടെ തീം സോങ്.
ആ പാട്ടു പാടിയ്ക്കാൻ ഒരു പുതുസ്വരം വേണമെന്നു തോന്നി. അങ്ങനെ ചിന്തിച്ചപ്പോഴാണ് സൂരജിന്റെ മനസിലേക്കു രൺജി പണിക്കറിന്റെ പേരു കടന്നുവന്നത്. അദ്ദേഹം സിനിമയിലെ ഒരു പ്രധാന വേഷമാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയൊരാൾ പാടുമ്പോൾ സിനിമയുടെ ഒരു താളത്തിലേക്കു പ്രേക്ഷകരെ എത്തിക്കാം. അതുപോലെ ഇതുവരെ അദ്ദേഹത്തിന്റെ സ്വരത്തിലുള്ളൊരു പാട്ട് കേട്ടിട്ടുമില്ലല്ലോ. അദ്ദേഹം പാടുമോ ഇല്ലയോ എന്നുപോലും അറിയാതെയായിരുന്നു തീരുമാനമെടുത്തത്. പക്ഷേ ഒന്നുറപ്പായിരുന്നു അദ്ദേഹത്തിന്റെ സ്വരം ഈ പാട്ടിന് ഏറെ ചേരും. അദ്ദേഹം നല്ല അടിച്ചുപൊളി പാട്ടുകളും അതേസമയം കച്ചേരികളും കേൾക്കുന്നത് കണ്ടിട്ടുണ്ട്.
സൂരജ് പക്ഷേ തന്റെ ഐഡിയ തുറന്നു പറഞ്ഞപ്പോൾ സിനിമയുടെ സംവിധായകൻ പോലും കൈമലർത്തി. മിഥുന് പോലും പേടിയായിരുന്നു അദ്ദേഹത്തിനോടു പാടുമോയെന്നു ചോദിക്കാൻ. പക്ഷേ രൺജി പണിക്കറെന്ന പേര് മനസിലങ്ങു കയറിക്കൂടിപ്പോയില്ലേ, മറ്റൊന്നും ആലോചിച്ചിട്ട് കിട്ടുന്നുമില്ലായിരുന്നില്ല സൂരജിന്. ഒന്നുകിൽ വഴക്കു പറയും. അല്ലെങ്കിൽ സമ്മതിക്കും. വഴക്കു പറയുന്നതു കേൾക്കാൻ ഒരു മടിയുമില്ലാത്തതു കൊണ്ടു രണ്ടും കൽപിച്ചു സൂരജ് രൺജി പണിക്കറെ വിളിച്ചു. പ്രതീക്ഷിച്ച പോലെ മറുപടി വന്നു,
ഏയ് അതൊന്നും ശരിയാകില്ല. പരമാവധി ഒഴിഞ്ഞു മാറുന്ന മറുപടി. വിടാൻ ഭാവമില്ലായിരുന്നു സൂരജിന്. രണ്ടുവട്ടം ചോദിച്ചപ്പോഴും ഇതേമറുപടിയായിരുന്നു. പിന്നെ ഒരു ദിവസം വീണ്ടും അദ്ദേഹത്തെ വിളിച്ചിട്ട്, വീട്ടിലുണ്ടോ.. ഞാനങ്ങു വരട്ടേ... എന്നു മാത്രം ചോദിച്ചു. ആ ഇങ്ങു പോര് എന്ന് മറുപടി വന്നതോടെ മറ്റൊന്നും ഓർത്തു നിന്നില്ല. തന്റെ ടീമിനേയും കൂട്ടി എറണാകുളം നഗരത്തിൽ ട്രാഫിക് കുറഞ്ഞൊരു സമയം നോക്കി അദ്ദേഹത്തിന്റെ വീട്ടിലേക്കങ്ങ് വച്ചുപിടിച്ചു. ഒരു പാട്ടു റെക്കോർഡ് ചെയ്യാൻ വേണ്ട സാമഗ്രികളുമായിട്ടായിരുന്നു എത്തിയതെന്നറിഞ്ഞതോടെ സംഗതി സീരിയസാണെന്നു തോന്നിയിട്ടാകണം ഒടുവിൽ അദ്ദേഹം പാടി. റെക്കോർഡ് ചെയ്ത സ്വന്തം ശബ്ദം കേട്ട് ബോധ്യപ്പെട്ടതിനു ശേഷമാണ് സ്റ്റുഡിയോയിലെത്തി പാടിയത്. നല്ല കലക്കനൊരു പാട്ട്. മിഥുൻ ഉദ്ദേശിച്ച അതേ ആരവം സ്റ്റുഡിയോയിൽ തന്നെ തീർത്തു രൺജി പണിക്കർ എന്നു പറയുന്നു സൂരജ്.
ഇങ്ങനെയൊരു പാട്ടു ചെയ്യിക്കാൻ എവിടന്നു കിട്ടി ഇത്രയും ധൈര്യം എന്നു ചോദിച്ചാൽ സൂരജ് ഇങ്ങനെ പറയും,
വള്ളീം തെറ്റി പുള്ളീം തെറ്റിയെന്ന സിനിമയിലെ പാട്ടുകൾ കേട്ടിട്ട്, കൊള്ളാമെടാ മോനേ എന്നു പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നിരുന്നു. ആ ഉമ്മ തന്ന ധൈര്യത്തിലാണങ്ങു പോയത്. രൺജി സാറ് ഒരു കാര്യം ഇഷ്ടപ്പെട്ടുവെങ്കിലേ ഇഷ്ടപ്പെട്ടുവെന്ന് അഭിപ്രായം പറയുള്ളൂ. ഈ ഗാനം കേട്ടിട്ട് നന്നായിട്ടുണ്ടെന്നു പറഞ്ഞ്. അപ്പോഴാണ് ആശ്വാസമായത്. സൂരജ് പറഞ്ഞു. മനു മഞ്ജിത് ആണ് ഈ ഗാനത്തിനു വരികൾ കുറിച്ചത്. വിജയ് യേശുദാസും നജീം അർഷദും ചേർന്നു പാടുന്നൊരു പ്രണയഗാനമാണ് രണ്ടാമത്തെ പാട്ട്.
സണ്ണി വെയ്ൻ ആണു ഈ ഹാസ്യ ചിത്രത്തിന്റെ നായകൻ. പുതുമുഖ താരം അദിതി രവിയാണു നായിക. രൺജി പണിക്കർ, അജു വർഗീസ്, സൈജു കുറുപ്പ്, സൈജു കോപ്പ, മണികണ്ഠൻ ആചാരി, ഇന്ദ്രൻസ്, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണു ഛായാഗ്രഹണം.
പാട്ടുകാരനായി ഇതാദ്യമായിട്ടാണെങ്കിലും ഗാനരചയിതാവായിട്ടുണ്ട് രൺജി പണിക്കർ. രുദ്രാക്ഷം എന്ന ചിത്രത്തിൽ ശരത് ഈണമിട്ട മൂന്നു പാട്ടുകളുടെയും ഗാനരചന രൺജി പണിക്കറാണ്.