ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗായകൻ സാം സ്മിത്ത്. തുടർച്ചയായി 69 ആഴ്ച്ചകൾ യുകെ ടോപ്പ് 10 ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ആൽബം, ചരിത്രത്തിൽ ആദ്യമായി യുകെ ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ ജയിംസ് ബോണ്ട് തീം സോംഗ് എന്നീ റിക്കോർഡുകളാണ് സാം സ്മിത്ത് സ്വന്തം പേരിലാക്കി മാറ്റിയത്. തുടർച്ചയായി 63 ആഴ്ച്ചകളിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് റെക്കോർഡ് സ്വന്തമാക്കിയ എമിലി സാൻഡേയുടെ റെക്കോർഡാണ് ഇരുപത്തിമൂന്നുകാരനായ സാം സ്മിത്ത് തിരുത്തിക്കുറിച്ചത്. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ 52 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനം പുറത്തിറങ്ങിയ ഉടനെ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
ബ്രിട്ടീഷ് ഗായകനായ സാം സ്മിത്ത് 2012 ൽ പുറത്തിറക്കിയ ആദ്യ ഗാനം ലേ മി ഡൗണിലൂടെയാണ് പ്രശസ്തയാകുന്നത്. തുടർന്ന് ഇൻ ദ ലോൺലി അവേഴ്സ് എന്ന ആൽബവും സ്മിത്ത് പുറത്തിറക്കിയിട്ടുണ്ട്. 2014 ഗ്രാമിയിൽ ആറ് പുരസ്കാരങ്ങൾക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട സാംസ്മിത്തിനെ 2015 ലെ ഏറ്റവും മികച്ച ന്യൂ ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടുത്തിരുന്നു. നാല് ഗ്രാമി പുരസ്കാരങ്ങൾ, മൂന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ സാം സ്മിത്തിനെ തേടി എത്തിയിട്ടുണ്ട്.
1965 ന് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടിഷ് ഗായകൻ ജയിംസ്‌ബോണ്ടിന്റെ തീം ഗാനം ആലപിക്കുന്നത്. ലെന റേ, എല്ലി ഗുഡിങ്, അഡേൽ എന്നിവരെ പിന്തള്ളിയായിരുന്നു ബോണ്ട് ഗാനം ആലപിക്കാൻ സാം സ്മിത്തിനെ തിരഞ്ഞെടുത്തത്. തോമസ് ന്യൂമനാണ് സെപ്ക്റ്ററിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ സ്‌കൈഫോൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 2013 ലെ ഒറിജിനൽ മ്യൂസിക്കിനുള്ള ഓസ്‌കാറും സ്‌കൈഫോളിലെ ഗാനത്തിനായിരുന്നു. 50 വർഷത്തെ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോണ്ട് ചിത്രത്തിലെ പാട്ടിന് ഓസ്‌കാർ ലഭിക്കുന്നത്.