സാം മെൻഡസ് സംവിധാനം ചെയ്യുന്ന ബോണ്ട് പടം ‘സ്പെക്ടർ’ അവതരണഗാനം പുറത്തിറങ്ങി. ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത സംഗീതജ്ഞനുമായ സാം സ്മിത്താണ് ആലപിക്കുന്നത്. 1965നുശേഷം ഇതാദ്യമാണ് ഒരു ബ്രിട്ടീഷ് ഗായകൻ 007നുവേണ്ടി ആലപിക്കുന്നത്. സ്റ്റേ വിത് മീ എന്ന വിഖ്യാന ഗാനമാലപിച്ച ഇരുപത്തിമൂന്നുകാരനായ സാം സ്മിത്തിനൊപ്പം മറ്റൊരു ഗ്രാമി ജേതാവായ ജിമ്മി നേപ്സും പാടുന്നുണ്ട്. റൈറ്റിങ്സ് ഓൺ ദ് വോൾ എന്നാണു ഗാനത്തിന്റെ പേര്.
20 മിനിറ്റു കൊണ്ടാണു താൻ 007 ഗാനം എഴുതിയതെന്നു സാം സ്മിത്ത് പറയുന്നു. താൻ ഏറ്റവും വേഗത്തിലെഴുതിയ ഗാനമാണിത്. തന്റെ ജീവിതത്തിലെ ഏറ്റവും രഹസ്യമേറിയ ദൗത്യമായിരുന്നു അത്. ജെയിംസ് ബോണ്ടിനു ഗാനമെഴുതാനും ആലപിക്കാനും കിട്ടിയ അവസരം വിജയകരമാക്കിയതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും സാം സ്മിത്ത് പറഞ്ഞു. സഹഗായകനായ ജിമ്മി നേപ്സും ഗാനരചനയിൽ പങ്കാളിയായി.
1965ലിറങ്ങിയ തണ്ടർബോളിലാണ് അവസാനമായി ഒരു ബ്രിട്ടീഷ് ഗായകൻ അവതരണഗാനം ആലപിച്ചത്. ടോം ജോൺസ് ആയിരുന്നു ഗായകൻ. സ്കൈഫാളിൽ അവതരണഗാനമാലപിച്ചതും എഴുതിയതും ഗ്രാമി ജേതാവായ അഡെൽ ആയിരുന്നു. ഇതിന് ഓസ്കർ ബഹുമതിയും ലഭിച്ചു. 24–ാമതു ജയിംസ് ബോണ്ട് പടത്തിൽ ഡാനിയേൽ ക്രെയ്ഗ് തന്നെയാണു ബ്രിട്ടീഷ് രഹസ്യ ഏജന്റ്. വില്ലൻ വേഷം ചെയ്യുന്നതു ക്രിസ്റ്റോഫ് വാൽട്സും. ഇറ്റാലിയൻ നടി മോണിക ബെലൂച്ചിയും അഭിനയിക്കുന്നു. സിനിമയുടെ റിലീസ് ഇന്ത്യയിലും അമേരിക്കയിലും നവംബർ ആറിനാണ്. യുകെയിൽ ഒക്ടോബർ 26നും.