Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിംസ് ബോണ്ടിലെ ഗാനം എല്ലി ഗുഡിങിനോ?

Ellie Goulding

സ്‌കൈഫോളിന് ശേഷം പുറത്തിറങ്ങുന്ന ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്റ്ററിന്റെ തീം സോങ് ആലപിച്ചിരിക്കുന്നത് എല്ലി ഗുഡിങോ?. കഴിഞ്ഞ ദിവസം എല്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ തുടർന്നാണ് തീം ഗാനം ആലപിക്കുന്നത് എല്ലി ഗോഡിങ്ങാണെന്ന വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ചിത്രത്തിന് വേണ്ടി അഡേലാണ് പാടുന്നത് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. സ്‌കൈഫോളിലെ അഡേലിന്റെ പാട്ട് വളരെ പ്രശസ്തമായിരുന്നു ആ പ്രശസ്തി പുതിയ ചിത്രത്തിലെ പാട്ടിന് ലഭിക്കുന്നതിനുവേണ്ടി മികച്ച ഗായികയെ മാത്രമേ തിരഞ്ഞെടുക്കു എന്നാണ് നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നത്. ലെന റേ, ബ്രിട്ടീഷ് പാട്ടുകാരൻ സാം സ്മിത്ത്, അഡേൽ തുടങ്ങിയവരെയും ബോണ്ട് ഗാനം ആലപിക്കാൻ പരിഗണിക്കുന്നുണ്ടായിരുന്നു. തോമസ് ന്യൂമനാണ് സെപ്ക്റ്ററിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. 

2012 ൽ പുറത്തിറങ്ങിയ സ്‌കൈഫോൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 2013 ലെ ഒറിജിനൽ മ്യൂസിക്കിനുള്ള ഓസ്‌കാറും സ്‌കൈഫോളിലെ ഗാനത്തിനായിരുന്നു. 50 വർഷത്തെ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോണ്ട് ചിത്രത്തിലെ പാട്ടിന് ഓസ്‌കാർ ലഭിക്കുന്നത്.

ഡാനിയൽ ക്രേഗ് ജയിംസ് ബോണ്ടായി എത്തുന്ന നാലാമത്തെ ചിത്രമാണ് സ്‌പെക്റ്റർ. ഓസ്‌കാർ ജേതാവ് സാം മെൻഡസ്് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നീൽ പർവ്വിസ്, റോബർട്ട് വെയ്ഡ്, ജോൺ ലോഗൻ എന്നിവർ ചേർന്നാണ്. ക്രേഗിനെ കൂടാതെ ക്രിസ്‌റ്റോഫ് വാട്ട്‌സ്്,  മോണിക്ക ബലൂച്ചി, ആൻഡ്രൂ സ്‌കോട്ട്, ഡേവ് ബൗട്ടിസ്റ്റ, നയോമി ഹാരിസ്, ബെൻ വിഷാവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇയോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രോച്ചോലി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2015 നവംബറിൽ തീയേറ്ററിലെത്തും.