സുരേഷ് തമ്പാനൂർ വിവാഹിതനാകുന്നു

ഒരു എസ്ഐയുടെ മേശ മേൽ കൊട്ടി മുത്തേ പൊന്നേ എന്ന പാട്ടു പാടി മലയാളികളുടെ മുത്തായി മാറിയ ആളാണു സുരേഷ് തമ്പാനൂർ. ആ പാട്ടു പോലെ നിഷ്കളങ്കവും രസകരവും അൽപം വികൃതിയുമൊക്കെയുള്ള ആളാണു സുരേഷും. സിനിമ വൈകിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കെത്തിയത്. അതുപോലെ ഇതാ ഒരാൾ കൂടി അദ്ദേഹത്തിനു കൂട്ടായി എത്തുകയാണ്. സുരേഷ് തമ്പാനൂർ വിവാഹതനാകാനൊരുങ്ങുന്നു. ഐഎഫ്എഫ്കെയിൽ എത്തിയപ്പോഴായിരുന്നു സുരേഷ് കല്യാണക്കാര്യം പരസ്യമാക്കിയത്. 

47 വയസുണ്ട് സുരേഷിന്. ജൂൺ മാസത്തിൽ വിവാഹം ഉണ്ടാകും. ജീവിതത്തിലെ ഓരോ തിരക്കുകൾക്കിടയിൽ കല്യാണം കഴിക്കാൻ മറന്നുപോയതാണെന്ന് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട് സുരേഷ്. വിവാഹത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. എബ്രിഡ് ഷൈൻ ചിത്രമായ പൂമരത്തിലാണ് സുരേഷ് ഇപ്പോൾ അഭിനയിക്കുന്നത്. 

ഐഎഫ്എഫ്കെപാസിന് നേരത്തെ അപേക്ഷ  കൊടുക്കാത്തതിനാൽ മേളയിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു സുരേഷ് കരുതിയിരുന്നത്.  ചലചിത്ര അക്കാദമി ചെയർമാന്റെ  പ്രത്യേക അനുവാദം ലഭിച്ചതോടെയാണ് മേളയിൽ സുരേഷിന് പ്രവേശനം ലഭിച്ചത്. ചലചിത്രമേള ആരംഭിക്കുന്നതിന് തലേദിവസമാണ് പാസിന്റെ കാര്യം സുരേഷ് ഓർമ്മിച്ചത്. ചലചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടെങ്കിലും പാസിന് അപേക്ഷിക്കാനുള്ള സമയംകഴിഞ്ഞെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് അക്കാദമി ചെയർമാൻ കമൽ ഇടപെട്ടാണ് പാസ് ലഭ്യമാക്കിയത്.