Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നേ പൊലീസേ...എസ് ഐയ്ക്കൊപ്പം പാട്ടുപാടി സുരേഷ് തമ്പാനൂർ

suresh-thampanoor.jpg.image.784.410.jpg.image.784.410

ഒരു ചൂടൻ എസ്ഐയ്ക്കു മുന്നിലിരുന്ന് മേശപ്പുറത്ത് കൊട്ടിപ്പാടിയാണ് സുരേഷ് തമ്പാനൂർ മലയാള സിനിമയുടെയും പ്രേക്ഷകരുടെയും ഇഷ്ടങ്ങളിലേക്കു കയറിവന്നത്. ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നും ഇതായിരുന്നു. സിനിമയിലെ ആ സന്ദർഭം കുറച്ചു ദിവസം മുൻപ് കായംകുളത്തെ ഒരു കല്യാണ സ്ഥലത്തും അരങ്ങേറി. ആ വിഡിയോ വൈറലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. 

കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുവാനാണ് സുരേഷ് തമ്പാനൂർ കായംകുളത്തെത്തിയത്. കല്യാണമൊക്കെയല്ലേ ഒരു പാട്ടാകാം എന്ന് എല്ലാവരും പറഞ്ഞപ്പോൾ സുരേഷ് മടിച്ചു നിന്നില്ല. പാട്ടു തുടങ്ങി. സിനിമയിലെ രംഗം ആവര്‍ത്തിക്കുകയായിരുന്നു ഇവിടെ. കല്യാണമണ്ഡപത്തിനു പുറത്തു നിന്നിരുന്ന പൊലീസുകാരിലൊരാളും ഒപ്പം ചേർന്നു. കായംകുളം എസ്ഐ ആയിരുന്നു അത്. ആക്ഷൻ ഹീറോ ബിജുവിലെ എസ് ഐ ബിജു പൗലോസിനെ പോലെ ചൂടനാണ് ഇദ്ദേഹമെന്നാണ് അറിവ്. സിനിമയിൽ സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തെ റോഡിൽ കിടന്ന് പ്രശ്നമുണ്ടാക്കിയതിനാണ് എസ് ഐ ചൊറിയണം തേച്ചു നൽകി ജയിലിലിടുന്നതും പിന്നെ തിരിച്ചിറക്കി പാട്ടു പാടിക്കുന്നതും. പാടിക്കഴിഞ്ഞയുടനെ സെല്ലിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. ബിജു പൗലോസിന്റെ തകർപ്പനൊരു കയ്യടിയോടെയാണ് പ്രതി പാട്ട് നിർത്തുന്നതും. ഇവിടെയും അതുപോലെ തന്നെ. എസ്ഐ ഉറക്കെ കയ്യടിച്ചതോടെ സുരേഷ് പാട്ട് അവസാനിപ്പിച്ചു. ഒരു വലിയ ചിരിയോടെ. സിനിമയിൽ പാടിക്കഴിഞ്ഞു സെല്ലിലേക്കാണു പോകുന്നതെങ്കിൽ ഇവിടെ എസ്ഐയും സുരേഷ് തമ്പാനൂരും കൈ കൊടുത്തു പിരിഞ്ഞു. 

സംഭവം വിവരിക്കുമ്പോൾ സുരേഷ് തമ്പാനൂരിനു സന്തോഷവും അൽപം ഭയവുമുണ്ട്. "അവിടെ നിന്ന ആരോ ഒരാളാണ് വിഡിയോ പകർത്തി ഫെയ്സ്ബുക്കിലിട്ടത്. ഇനി അതു കാരണം ആ പൊലീസുകാർക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നാണ് ഇദ്ദേഹത്തിന്റെ ടെന്‍ഷന്‍" സുരേഷ് പറയുന്നു. അതെന്തായാലും സുരേഷും ഒപ്പം കൈകൊട്ടി പാടിയ എസ്ഐയും സമൂഹമാധ്യമങ്ങളിൽ താരമായി. വിഡിയോയ്ക്കു ലൈക്കുകളുടെയും ഷെയറുകളുടെയും ബഹളമാണ്.

സുരേഷ് തമ്പാനൂരും പൊലീസുകാരും തമ്മിലുള്ള ബന്ധം ഒരുപാടു വര്‍ഷമായിട്ടേയുള്ളതാണ്. ചെറിയ പ്രശ്നങ്ങളിൽ പെട്ട് പലവട്ടം പൊലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നിട്ടുണ്ട് പണ്ട്. അന്നും ഇന്നും പൊലീസുകാർക്കു തന്നോട് സ്നേഹമാണെന്നാണ് സുരേഷിന്റെ പക്ഷം. പ്രശ്നങ്ങളിൽ പെട്ടു ചെല്ലുമ്പോൾ കലാകാരൻ എന്ന ലേബൽ പലവട്ടം തുണയായിട്ടുണ്ടെന്ന് മുൻപ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. പൊലീസ് അനുഭവങ്ങൾ വച്ചൊരു പുസ്തകമെഴുതാനുള്ള ശ്രമത്തിലുമാണ് സുരേഷ്. 

ആക്ഷൻ ഹീറോ ബിജു പുറത്തിറങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. സിനിമ പോലെ താനും ഹിറ്റായി എന്നു പറയുകാണ് സുരേഷ്. ഈ ഒരു സിനിമ വലിയ മാറ്റമാണ് തിരുവനന്തപുരത്തെ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായിരുന്ന സുരേഷിന്റെ ജീവിതത്തിൽ കൊണ്ടുവന്നത്. സിനിമയില്‍ പ്രേക്ഷകർ ഏറ്റവുമധികം ഇഷ്ടത്തോടെ ഏറ്റെടുത്തത് സുരേഷ് തമ്പാനൂർ എന്ന നടനെയായിരുന്നു. കുറിക്കു കൊള്ളുന്ന രസകരമായ കവിതകളും പാട്ടുമായി സുരേഷ് നാട്ടുകാർക്കിടയിൽ പണ്ടേ താരമായിരുന്നു പക്ഷേ. ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നേ എന്ന പ്രശസ്തമായ ഗാനം പത്തു കൊല്ലം മുൻപ് സുേരഷ് എഴുതി വച്ചതായിരുന്നു. 

ഇപ്പോൾ കാളിദാസ് ജയറാം നായകനായ എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിലാണ് സുരേഷ് അഭിനയിക്കുന്നത്. ക്യാംപസ് ചിത്രത്തിൽ ആക്ഷൻ ഹീറോ ബിജുവിലേതു പോലെ വലിയ താരനിരയാണുള്ളത്. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ച മേരിയാണ് ഈ സിനിമയില്‍ സുരേഷിന്റെ നായിക. 

സിനിമയുടെ തിരക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നു രാവിലെ എത്തിയതേയുള്ളൂ.  കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടുന്നതിന്റെ തിരക്കിനിടയിൽ നിന്നാണ് സുരേഷ് മനോരമ ഓൺലൈനോടു സംസാരിച്ചത്. ജീവിതം കുറേ മെച്ചപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ട് എല്ലാവര്‍ക്കും. ഇന്നിനി പാട്ടും ബഹളവുമൊക്കെയായി എവിടെയെങ്കിലും ഒത്തുകൂടും ഞങ്ങൾ...മലയാളിയുടെ സ്നേഹം ഏറെ നേടിയ ആ ചിരിയോടെ സുരേഷ് പറഞ്ഞു.

Your Rating: