ചെഞ്ചുവപ്പന്‍ തുണിക്കീറെടുത്ത് താലി ചാർത്തി ഒരു പെണ്ണിനെ ഒപ്പം ചേർത്തുനിർത്തുന്ന സഖാവ്. കേൾക്കുമ്പോൾ നെഞ്ചിനുള്ളിലൊരിഷ്ടം തോന്നുന്നില്ലേ. അതേ അനുഭൂതിയാണ് സഖാവ് എന്ന ചിത്രത്തിലെ ഈ പാട്ട് പങ്കുവയ്ക്കുന്നത്. ചങ്കുറപ്പുള്ളൊരു ഇടതുപക്ഷ സഹയാത്രികന്റെ കഥയാണ് സഖാവ് എന്ന ചിത്രത്തിലെ ഈ വിഡിയോ ഗാനത്തിലുള്ളത്. മധുമതിയേ എന്ന പാട്ട് മലയാളം പ്രണയിക്കുന്നൊരു പ്രണയഗാനമാകും.
പ്രശാന്ത് പിള്ളയുടേതാണ് ഈണം. നെഞ്ചോടു ചേർന്നുപോകുന്ന പാട്ടും ദൃശ്യങ്ങളും. പഴയകാലത്തെ സഖാവിന്റെ ലുക്കിൽ നിവിൻ പോളിയും കിടിലൻ. ഹരിനാരായണന്റേതാണു വരികൾ. പാടിയത് ശ്രീകുമാർ വാക്കിയിലും പ്രീതി പിള്ളയും. ആമേന്‍ എന്ന ചിത്രത്തിനു ശേഷം ഇരുവരുടെയും മനോഹരമായ ഡ്യുയറ്റ് ഉള്ളൊരു ചിത്രവും സഖാവു തന്നെയാണ്. അത്രയേറെ രസകരമാണീ പാട്ട്.
പാട്ടിനിടയിൽ നിവിൻ പോളി പറയുന്നൊരു ഡയലോഗും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രണയവും ചങ്കുറപ്പും നിറഞ്ഞ ആ വാക്കുകൾ കൂടിയാകുമ്പോൾ ഗംഭീരം എന്നു തന്നെ പറയണം ഈ പാട്ടിനെ.
സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപർണ ഗോപിനാഥ്, ശ്രീനിവാസൻ, കെപിഎസി ലളിത, മണിയൻപിള്ള രാജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ജോർജ്.സി. വില്യംസിന്റേതാണു ഛായാഗ്രഹണം.