Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചിൽ തട്ടുന്ന പാട്ടുകളുമായി അങ്കമാലി ഡയറീസ്

angamaly-diaries-songs

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി. താളമേളവും തനിനാടൻ സ്വരഭേദങ്ങളും കൊണ്ട് സമ്പന്നമായ ഈണങ്ങൾ. ജീവസ്സുറ്റ പാട്ടുകൾ എന്നു തന്നെ പറയണം. ലിജോ പെല്ലിശ്ശേരി സിനിമകളിൽ നിന്ന് പ്രതീക്ഷിക്കുന്ന പോലെ വ്യത്യസ്തവും മനോഹരവുമായ ഗാനങ്ങൾ. യുട്യൂബിലെ കമന്റ് ബോക്സിൽ നിന്ന് കടമെടുത്തു പറഞ്ഞാൽ വെറുതെ പാടി നടക്കാൻ പറ്റിയ നെഞ്ചിൽ തട്ടുന്ന ഈണങ്ങൾ. 

പ്രശാന്ത് പിള്ളയാണ് പാട്ടുകൾക്ക് ഈണമിട്ടത്. ആകെ ആറു പാട്ടുകളാണുള്ളത്. ദൊ നൈന എന്ന ഹിന്ദി ഗാനം ട്രെയിലറിലും സിനിമയിലുമുണ്ട്. ട്രെയിലറിലുള്ളതിനു വരികൾ പ്രശാന്തും സിനിമയിലേതിനു അനിയത്തി പ്രീതി പിള്ളയുമാണ് കുറിച്ചത്. ലാ വെട്ടം, അങ്കമാലി, അയലത്തെ എന്നീ ഗാനങ്ങൾ പി  എസ് റഫീഖാണു കുറിച്ചത്. ബാക്കിയെല്ലാം ട്രെഡീഷണൽ പാട്ടുകളാണ്. 

ശ്രീകുമാർ വക്കിയിൽ, അങ്കമാലി പ്രാഞ്ചി, പ്രീതി പിള്ളൈ എന്നിവർ ചേർന്നാണു ഗാനങ്ങൾ ആലപിച്ചത്. പാട്ടുകൾക്ക് വിഭിന്ന ഭാവം പകർന്ന സാക്സോഫോൺ, ക്ലാർനെറ്റ്, പാന്‍ ഫ്ലൂട്ട് എന്നിവ വായിച്ചത് രാജേഷ് ചേർത്തലയാണ്. ഡ്രംസ് സുനിലാണ് കൈകാര്യം ചെയ്തത്. ഹാർമോണിയം പ്രശാന്ത് ഉള്ളേരിയും മാൻഡലിൻ സന്ദീപും. 

ചെമ്പൻ വിനോദിന്റെ തിരക്കഥയിലാണ് ലിജോ അങ്കമാലി ഡയറീസ് ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.