Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തട്ടത്തിൻ മറയത്തിൽ തുടങ്ങി ആനന്ദം വരെ...

anu-siddhi-isha-talwar

ശ്വാസത്തിന്റെ താളം കാത്തിരുന്ന് എണ്ണിയെടുക്കുന്നതു പോലെയാണ് ചില പാട്ടുകൾ. പ്രത്യേകിച്ച് പുതിയ മലയാള സിനിമയിലെ വരികളും സംഗീതവും ആലാപനവും. കേൾവികളിൽ ചിലപ്പോൾ തോന്നും അരികിലിരുന്നൊരാൾ ശ്വസിക്കുന്നുണ്ടെന്നും ആ ചൂട് കാതിന്റെ പിന്നാമ്പുറത്തിലൂടെ ഹൃദയത്തിന്റെ തുടിപ്പിലേക്ക് ഇറങ്ങിപ്പോകുന്നുണ്ടെന്നും. പാട്ടിന്റെ ശബ്ദത്തിനൊപ്പം ആർദ്രമായ ഈണങ്ങൾ കൊണ്ടും മലയാള സിനിമയ്ക്കു പുതിയ സംഗീതസംവിധായകനെ ലഭിച്ച ചിത്രമാണ് ആനന്ദം. സൗഹൃദങ്ങളുടെയും സഞ്ചാരത്തിന്റെയും ലോകം എത്ര വർണങ്ങളും വിസ്മയങ്ങളും നിറഞ്ഞതാണ്, പ്രത്യേകിച്ച് കൗമാരത്തിന്റെ ആഘോഷങ്ങളിലേക്കു യാത്രകൾ ഇറങ്ങിച്ചെല്ലുമ്പോൾ ഓരോ പൊട്ടും പൊടിയും പോലും ആഘോഷമായി വന്നു ചേരുന്നു. രസകരമായ ഒരു അനുഭൂതിയിലേക്കു നാമിറങ്ങി നടക്കുന്നു...

"പയ്യെ വീശും കാറ്റിൽ

കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ

കണ്ണേ കണ്ടാൽ നിന്നെ

മിണ്ടിയിരുന്നെ നെഞ്ചം താനേ

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം..."

അനു എലിസബത്തിന്റെ വരികളുടെ അഴകിനൊപ്പം സച്ചിൻ വാര്യരുടെ മൃദുലമായ സംഗീതം ചേരുംപടി ചേർക്കുമ്പോൾ അടുത്തിടെ ഇറങ്ങിയ പാട്ടുകളിൽ പ്രണയത്തിന്റെ മനോഹാരിത ആവോളമുള്ള പാട്ടുകളിലൊന്നാകുന്നു ആനന്ദത്തിലെ ഈ പാട്ട്.

"എന്നിൽ ഈ നിറമഴ തന്നിൽ

പെയ്യും നിൻ ചിരിമഴ തെന്നലായ്

കുളിരിലായ് എങ്ങുമേ മെല്ലെ

പൊതിയും നീയാം പകൽ

പയ്യെ വീശും കാറ്റിൽ

കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ

കണ്ണേ കണ്ടാൽ നിന്നെ

മിണ്ടിയിരുന്നെ നെഞ്ചം താനേ

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം"

നിന്റെ ചിരി എപ്പോഴാണ് പതിയെ ഉടലുകൾ തഴുകിപ്പോകുന്ന തെന്നലായ് മാറിയത്... കാറ്റിന്റെ നേർത്ത അലയുടെ താളത്തിനൊപ്പം കൊഞ്ചിപ്പാടുന്ന കുഞ്ഞോളങ്ങളുടെ സുഖം.. പ്രണയത്തിൽ എപ്പോഴും അങ്ങനെയാണ്. അത്രയും നാൾ കണ്ടാൽ മനസ്സിൽ ഒട്ടാത്ത പ്രകൃതിയും അവരുടെ ഏറ്റവും ചെറിയ താളവും പോലും കാതിനും കണ്ണിനും കരളിനും ഇമ്പമായി തോന്നിത്തുടങ്ങും. വാക്കുകൾ കൊണ്ടല്ലാതെ നെഞ്ചകം കൊണ്ടും മൗനം കൊണ്ടും മിണ്ടാൻ പഠിക്കും. എത്ര ദൂരങ്ങളിലിരുന്നും തമ്മിൽ ഒരു നേരം പോലും നിശബ്ദമായിരിക്കാൻ കഴിയാത്ത പോലെ വാചാലത കൊണ്ട് പരസ്പരം മൂടി വയ്ക്കും. ആനന്ദത്തിലെ ഈ പാട്ട് പാടിയത് അശ്വിൻ ഗോപകുമാറും സച്ചിൻ വാര്യരുടെ അനിയത്തി സ്നേഹ വാര്യരും ചേർന്നാണ്. 

ഇത്രനാൾ എഴുതിയ പാട്ടുകളെല്ലാം അനു എലിസബത്തിന് ക്യാംപസ് കാലത്തിന്റെ ഓർമപ്പെടുത്തലാണ്. വെള്ളത്താൽ ചുറ്റപ്പെട്ട ആലപ്പുഴയുടെ ഗ്രാമങ്ങളിലൊന്നിൽ ജനിച്ച് എറണാകുളത്തിന്റെ നാഗരികതയിലേക്കു കുടിയേറിയ അനു എലിസബത്ത് ജോസ് ആദ്യമായി സിനിമയ്ക്കു വേണ്ടി പാട്ടെഴുതുന്നത് വിനീത് ശ്രീനിവാസന്റെ "തട്ടത്തിൻ മറയത്ത്" എന്ന ചിത്രത്തിനു വേണ്ടിയാണ്.

ഇഷ്ടമുള്ള ഒരാൾക്ക് കൊടുക്കുന്ന കത്തുകളെ എങ്ങനെയൊക്കെ വർണിക്കാനാകും?

"മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം

കിന്നരിച്ചു പാടുവാൻ ഉള്ളിന്നുള്ളിൽ നിന്നൊരു ശ്രീരാഗം

മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം

കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം

മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ

പാറി പാറിയെന്നു നിന്റെ കനവുകളിൽ

വരവായി നീ ആയിഷാ

വരവായി നീ ആയിഷാ"

കത്തുകൾ കൊണ്ട് പ്രണയം കുറിക്കുന്ന മധുരമായൊരു കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ വരികൾ എന്നതുകൊണ്ടുതന്നെ പുതിയ കേൾവിക്കാർക്കൊപ്പം തന്നെ പഴയ പ്രണയികളും ഏറെ സ്വീകരിച്ച ഗാനമാണിത്.

മൂടൽമഞ്ഞിന്റെ കുളിരുള്ള പുലരികളിൽ അതിരാവിലെ ഉണർവിന്റെ ഏതൊക്കെയോ ഇടങ്ങളിൽ ഉള്ളിലെ കനവുകൾ കണ്ണുകളിലേക്കുള്ള ദൂരം അളക്കാൻ കാത്തിരിക്കും. ആ കിനാവുകളിൽനിന്ന് അവന്റെ മുഖം കണ്ടെടുക്കാം.

"ഒരു കാറ്റിൻ പൂങ്കവിൾ തഴുകും

പ്രിയമാം സന്ദേശവും അണയും

ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ

പൂവിടും ആശകൾ കാണുവാൻ മോഹമായ്

പൂവിന്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ

ആർദ്രമാം നെഞ്ചിലെ പ്രിയമർന്നൊരാ മുഖമെന്നെന്നും നീ

അറിയു ആയിഷ"

ഒരു കാറ്റിന്റെ തഴുകലിനൊപ്പം എത്തുന്ന അവരുടെ വരികൾ... പരസ്പരം ഹൃദയം തുറന്നു കാണിക്കാൻ മോഹിച്ചെത്തുന്ന കത്തുകൾ... പൂക്കൾ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കായി മാത്രം ഒളിപ്പിച്ചു വയ്ക്കുന്ന മധുരമാർന്ന തേൻ പോലെ നെഞ്ചിന്റെ ഉള്ളിൽ മറ്റാരുമറിയാതെ അവളുടെ പ്രിയ മുഖം... 

തട്ടത്തിൻ മറയ്ക്കുള്ളിൽ നിൽക്കുന്ന ഉമ്മച്ചിക്കുട്ടിയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിന്റെ വരികൾ ഒരു പെൺകുട്ടിയാണെഴുതിയതെങ്കിലും പാടിക്കൊണ്ടു നടന്നതു മുഴുവൻ ആൺകുട്ടികളായിരുന്നു. സിനിമയും പാട്ടുകളും ഇറങ്ങിയ സമയത്ത് തട്ടമിട്ട പെൺകുട്ടികളെ കാണുമ്പോൾ അറിയാതെ പല യുവകോമളന്മാരും പാടി

"തട്ടത്തിൻ മറയത്തെ പെണ്ണെ 

നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ

തട്ടത്തിൻ മറയത്തെ പെണ്ണെ 

നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ

അരികിലായ് വന്നു നിൻ

മൃദുലമാം കൈ തൊട്ടാൽ അരുമയായ് നീ പാടുമോ

അലസമാം നിൻ കൂന്തൽചുരുളുകൾ മോഹത്തിൻ

മന്ത്രം ചൊല്ലുന്നുണ്ടോ

മഴയിൽ മാറിൽ ചേരും കണം പോലെ 

എന്നും ഞാൻ... "

വരികളിലെ മായികമായ ഭംഗി അനു എലിസബത്ത് എന്ന എഴുത്തുകാരിയെ കൂടുതൽ ചെറുപ്പക്കാരിലേക്ക് അടുപ്പിക്കുന്നുണ്ട്. ലളിതമായ വരികളുടെ ഭംഗി അല്ലെങ്കിലും കേൾവിക്കാരെ പാട്ടിലേക്ക് ആകർഷിക്കുമല്ലോ. ഷാൻ റഹ്‌മാന്റെ ഈണങ്ങൾക്ക് അനുവിന്റെ വരികൾ ഏറെ അഴകായ് നിറഞ്ഞു തുളുമ്പി, വിനീത് ശ്രീനിവാസന്റെയും സച്ചിൻ വാര്യരുടേയുമൊക്കെ ശബ്ദങ്ങളിൽ അതെത്തിയപ്പോൾ പാട്ടുകൾ ഏറ്റുപാടാൻ ആയിരങ്ങളുമുണ്ടായി.

"ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്

നിൻ പൂമുഖം

ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ

മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ

കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ

ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്

നിൻ പൂമുഖം..."

വൈകുന്നേരത്തെ ചന്ദ്രന്റെ മുഖത്തിനോട് തട്ടത്തിൻ മറയ്ക്കുള്ളിലെ ആ മുഖത്തിന്റെ ഭംഗിയെ ചേർത്ത് വയ്ക്കുമ്പോൾ കണ്ണിലും മനസ്സിലും കുറുമ്പുകൾ.. കാറ്റിന്റെ ഇളം അലകളിൽ ഭാരമില്ലാതെ തൂവൽ കണക്കെ ഒരു ഹൃദയം.. കൊലുസ്സിന്റെ അലുക്കിട്ട താളങ്ങളോടു ചേർന്ന് നെഞ്ചു ചുരത്തുന്ന പാട്ടിന്റെ ഈണം.. ആദ്യമായി കണ്ട നിമിഷങ്ങളിൽ തന്നെ പ്രാണനായി മാറുന്ന മാന്ത്രികത.. പ്രണയത്തിനു മാത്രം നൽകുവാനാകുന്ന ആനന്ദം... 

ഹണി ബീ, തട്ടത്തിൻ മറയത്ത്, നെത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അനു എലിസബത്ത് വരികൾ കുറിച്ചിരുന്നു. ഇപ്പോൾ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ആനന്ദത്തിലെ പാട്ടിൽ വരെ എത്തുമ്പോഴും അനുവിന്റെ കയ്യിലെ വരികൾക്കും നെഞ്ചു തൊട്ട് ഒഴുകുന്ന ലളിത സുന്ദരമായ പദങ്ങൾക്കും ഉടവുകളില്ല.. ആനന്ദത്തിൽ അവയൊന്നും അവസാനിക്കുകയുമില്ല...

Your Rating: