അസഭ്യ വര്‍ഷം ഏറെയായതോടെ എവരേ പാട്ടിന്റെ കമന്റ് ബോക്സ് യുട്യൂബിൽ നിന്നു നീക്കം ചെയ്തു. പാട്ടിനെ വിമർശിച്ചു കൊണ്ടുള്ള ട്രോളുകളും കമന്റുകളും ഇനി പാട്ടിനു താഴെ കുറിക്കുവാനാകില്ല.
മലയാളത്തിൽ ഏറെ ശ്രദ്ധേയമായ ചിത്രം പ്രേമത്തിലെ തെലുങ്ക് പതിപ്പിലെ ഈ ഗാനം വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. പാട്ടു പുറത്തിറങ്ങിയുടനേ തെലുങ്കിലും തമിഴിലുമടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിൽ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളുടെ പെരുമഴ തന്നെയായിരുന്നു. RIPpremam എന്നൊരു ഹാഷ് ടാഗ് പോലും ട്വിറ്ററിൽ എത്തിയിരുന്നു. എന്തായാലും പാട്ട് യുട്യൂബ് വഴി കണ്ടവരുടെ എണ്ണം എട്ടു ലക്ഷത്തോളമെത്തി.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളിയും സായി പല്ലവിയും അഭിനയിച്ച ചിത്രം മലയാളത്തിൽ വൈറൽ ഹിറ്റ് ആയിരുന്നു. പ്രണയത്തിന്റെ ഭംഗിയെന്തെന്നു പാടിയ മലരേ എന്ന ഗാനമായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. അക്കിനേനി നാഗചൈതന്യയും ശ്രുതി ഹാസനുമാണു തെലുങ്ക് പതിപ്പിൽ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രം തെലുങ്കിൽ വൻ താരജോഡികളെ വച്ചു ചെയ്തപ്പോൾ പാട്ടു കാണുവാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും.
എന്നാൽ പാട്ടിന്റെ ദൃശ്യങ്ങൾക്കു പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാനായില്ല. തമിഴ് തെലുങ്ക് മാധ്യമങ്ങളിൽ നൂറു കണക്കിനു ട്രോളുകളാണു പാട്ടിനെ മലയാളം ദൃശ്യങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടെത്തിയത്. യുട്യൂബിലും വിമർശനങ്ങൾ അധികമായതോടെയാണു കമന്റ് ബോക്സ് ഒഴിവാക്കുവാൻ തീരുമാനിച്ചത്. അത്രയേറ ശക്തമായ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും അതിലെ സിനിമാ ഗ്രൂപ്പുകളിലും നിറയുകയായിരുന്നു.
മലയാളം ഗാനം ശബരീഷ് വർമ എഴുതി രാജേഷ് മുരുഗേശൻ ഈണമിട്ട് വിജയ് യേശുദാസ് ആണു പാടിയത്. വിജയ് തന്നെയാണു തെലുങ്കിലും ആലപിച്ചിരിക്കുന്നത്.