ഉപ്പിനു പോണ വഴിചോദിച്ചുകൊണ്ട് ഉട്ടോപ്യയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, ഔസേപ്പച്ചൻ തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ റഫീഖ് അഹമ്മദിന്റേതാണ്. മമ്മൂട്ടിയും സംവിധായകൻ കമലും പ്രത്യക്ഷപ്പെടുന്ന പ്രെമോഗാനത്തിൽ കേരളത്തിലെ രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരും വരികളായി ഉപയോഗിക്കുന്നുണ്ട്.
മഴയെത്തും മുൻപേ, അഴകിയ രാവണൻ, രാപ്പകൽ, കറുത്തപക്ഷികൾ എന്നീ സിനിമകളിലൂടെ മമ്മൂട്ടിക്ക് ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ച കമലും മമ്മൂട്ടിയും എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. പേര് പോലെ തന്നെ നർമ്മത്തിന് പ്രധാന്യമുള്ള ആക്ഷേപഹാസ്യ ചിത്രത്തിൽ ജുവൽ മേരിയാണ് നായിക. പത്തേമാരിക്ക് പിന്നാലെ ജൂവൽ വീണ്ടും മമ്മൂട്ടിയുടെ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. ആമേൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി എസ് റഫീഖിന്റേതാണ് തിരക്കഥ.
മമ്മൂട്ടിയേയും ജുവലിനേയും കൂടാതെ കെപിഎസി ലളിത, ടി ജി രവി, ജോയ് മാത്യു, ഇന്ദ്രൻസ്, എസ് പി ശ്രീകുമാർ, സുനിൽ സുഗത, സാജു നവോദയ, ചെമ്പൻ വിനോദ് ജോസ്, ശശി കലിംഗ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യസ്വഭാവത്തിലുള്ളതാണ് ചിത്രം. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഗ്രാന്റേ ഫിലിം കോർപ്പറേഷൻസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ബാനറായ പ്ലേ ഹൗസ് ആണ് തീയറ്ററുകളിലെത്തിക്കുക.