ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. തൃശൂർ സ്വദേശിയായ സന്തോഷ് ആണു വരൻ. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം.
പത്രത്തിലെ മാട്രിമോണിയൽ പരസ്യത്തിലൂടെയാണ് വിജയലക്ഷ്മിയ്ക്കു വരനെ ലഭിച്ചത്. ഏറെക്കാലത്തെ പ്രാര്‍ഥനയുടെ ഫലം ആണ് ഈ വിവാഹം എന്നായിരുന്നു വിജയലക്ഷ്മിയുടെ അമ്മയുടെ പ്രതികരണം. മാർച്ച് 29നാണ് വിവാഹം.
അന്ധതയെ സംഗീതം കൊണ്ടു തോൽപ്പിച്ച പ്രതിഭയാണ് വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവർ ശ്രദ്ധ നേടിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയിലേക്കു മാറ്റി പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി.
സെല്ലുലോയ്ഡ് എന്ന കമൽ ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ ആദ്യ സിനിമാ ഗാനം. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ആദരം നേടി. തൊട്ടടുത്ത വർഷം നടൻ എന്ന ചിത്രത്തിലെ ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തിൽ വരെ പാടി തെന്നിന്ത്യയിൽ പ്രശസ്തയായി.