ഏറെ പ്രത്യേകതകളുള്ള സ്വരം കൊണ്ടു പാട്ടുപാടി മാത്രമല്ല, ഗായത്രിവീണ എന്ന സംഗീതോപകരണം വായിക്കുകയും ചെയ്യുന്നതാണ് വിജയലക്ഷ്മിയെ ലോക ശ്രദ്ധേയയാക്കിയത്. വൈക്കം വിജയലക്ഷ്മി എന്ന ഗായികയെ ഒരു അത്ഭുതമാക്കി മാറ്റിയത്. ഗായത്രി വീണയിലൂടെ ലോക റെക്കോർഡ് എന്ന സ്വപ്നത്തിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് വിജയലക്ഷ്മി.
അഞ്ചു മണിക്കൂർ കൊണ്ട് 51 പാട്ടുകൾ ഗായത്രിവീണയിൽ വായിക്കുകയാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസം അഞ്ചാം തീയതി കൊച്ചിയിലെ സരോവർ ഹോട്ടലിലാണു പരിപാടി നടക്കുക. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്കു 3 മണിവരെയാണ് കച്ചേരി. 1 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കീർത്തനങ്ങളും പിന്നെ മൂന്നു മണി വരെ സിനിമാ ഗാനങ്ങളുമാണ് ഗായത്രി വീണയിൽ വായിക്കുക. തന്റെ എക്കാലത്തേയും വലിയ സ്വപ്നമായിരുന്നു ഗായത്രിവീണയിലൂടെ ലോക റെക്കോർഡ് നേടുകയെന്ന് വിജയലക്ഷ്മി പറഞ്ഞു.
അച്ഛൻ മുരളീധരനാണ് ഒറ്റ തന്ത്രി മാത്രമുള്ള വീണ വിജയലക്ഷ്മിയ്ക്കു നിർമിച്ചു നൽകിയത്. വയലിനിൽ ഇതിഹാസം രചിച്ച കുന്നകുടി വൈദ്യനാഥനാണ് ഗായ്ത്രി വീണ എന്ന പേരു നിർദ്ദേശിച്ചത്. വിജയലക്ഷ്മിയെ മലയാള സിനിമയിലും അതിനപ്പുറവും പ്രസക്തമാക്കിയതും ഈ ഉപകരണം തന്നെ. ഗായ്ത്രി വീണയിലൂടെ ലോക റെക്കോഡിനായി വിജയലക്ഷ്മി സഞ്ചരിക്കുമ്പോൾ കാണാനാകുക മറ്റൊരു അത്ഭുത പ്രകടനം തന്നെയായിരിക്കും.