വിജയലക്ഷ്മിയുടെ കല്യാണ വിശേഷങ്ങൾ...

ഒറ്റയ്ക്കു പാടി നടന്ന പൂങ്കുയിലിന്റെ കൈപിടിക്കാൻ ഒരാള്‍ വന്നു ചേർന്നിരിക്കുന്നു. കണ്ണിനുള്ളിലെ ഇരുട്ടിനെ കീറിമുറിച്ച് ഗായത്രി വീണ മീട്ടിയും പാടിയും ഈണങ്ങൾക്കും രാഗങ്ങൾക്കുമൊപ്പമുള്ള യാത്രയിൽ വിജയലക്ഷ്മിയ്ക്ക് കൂട്ടായി ഇനി ഒരാൾ കൂടി. അച്ഛന്റെയും അമ്മയുടെും പ്രാര്‍ഥനകൾക്കും കാത്തിരിപ്പിനും മനോഹരമായൊരു മെലഡി പോലെ പര്യവസാനം. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു എന്ന വാര്‍ത്തയാകും ഒരുപക്ഷേ ഈ വർഷം മലയാള സംഗീത ലോകത്തു നിന്നെത്തിയ ഏറ്റവും മനോഹരമായൊരു വിശേഷം. കല്യാണ വിഷേഷങ്ങളുമായി വൈക്കം വിജയലക്ഷ്മിയും ഒപ്പം അമ്മയും...

എല്ലാം പ്രാർഥനയുടെ ഫലം

അനുകരണങ്ങൾക്ക് അപ്പുറമുള്ള ആലാപന ശൈലി കൊണ്ടു മാത്രമല്ല വൈക്കം വിജയലക്ഷ്മി സംഗീത രംഗത്ത് വേറിട്ടൊരിടം നേടിയത്. തന്റെ പരിമിതികളെ അതിജീവിച്ച് നിറഞ്ഞ പുഞ്ചിരിയോടെ സംഗീത ലോകത്തുളള യാത്രയിൽ അവർ പകർന്ന ഊർജ്ജം ചെറുതല്ല. വിജയലക്ഷ്മിയുടെ ലൈവ് സ്റ്റേജ് പരിപാടികൾ കണ്ടവർ അത് കൂടുതൽ അടുത്തറിഞ്ഞിട്ടുമുണ്ട്. പ്രിയപ്പെട്ട വിജിയുടെ കല്യാണ വിശേഷങ്ങളറിയാൻ അമ്മയെ വിളിച്ചപ്പോൾ അതിനേക്കാൾ ഊർജ്ജത്തോടെയ വേഗതയോടെയായിരുന്നു അമ്മ സംസാരിച്ചു. വൈക്കത്തപ്പന്റെ നടയിൽ വളർന്ന കുട്ടിയ്ക്ക് ഈശ്വരൻ നൽകിയ അനുഗ്രഹമാണ് വിവാഹം. കുടുംബ ക്ഷേത്രത്തിൽ അടുത്തിടെ ഒരു വിശേഷപ്പെട്ട പൂജയും ചെയ്തിരുന്നു. അതിന്റെയൊക്കെ ഫലമാണ് ഈ വിവാഹം. ഞങ്ങളുടെ ഒരുപാടു കാലത്തെ പ്രാർഥനയാണിതൊക്കെ. അമ്മ പറയുന്നു...

പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരാളെ

എനിക്ക് കാഴ്ചയില്ലല്ലോ....അതുകൊണ്ടു തന്നെ ഞാനൊരിക്കലും കരുതിയില്ല, എന്റെ പരിമിതികളൊക്കെ അറിഞ്ഞു കൊണ്ട് ഒരാൾ ജീവിതത്തിലേക്കു വരുമെന്ന്...ഒരു പാട്ടു മൂളിക്കൊണ്ടു പറഞ്ഞു നിർത്തി. പിന്നെ കല്യാണ വിശേഷമൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ പഴയ പോലെ സംസാരത്തിൽ ചിരി കലർന്നു...

പത്രത്തിൽ വിവാഹപരസ്യം നൽകിയതിൽ‌ നിന്നാണു വിജയലക്ഷ്മിയ്ക്കു വരനെ ലഭിച്ചത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ആദ്യമായി കണ്ടുമുട്ടിയത്. തൃശൂർ കുന്നത്തങ്ങാടിയിലാണു അദ്ദേഹത്തിന്റെ വീട്. പേര് സന്തോഷ്. ഈ മാസം 14നു നിശ്ചയവും മാർച്ച് 29നു കല്യാണവും. റിയാദിലെ ജോലിക്ക് ചെറിയൊരു ഇടവേള കൊടുത്ത് ഇപ്പോൾ നാട്ടിലുണ്ട്. അതിനിടയിലാണ് വിജയലക്ഷ്മിയുടെ നല്ലപാതിയാകാനെത്തുന്നത്. 

ദേഷ്യമായിരുന്നു ആദ്യം...പക്ഷേ

കല്യാണം എന്നു കേൾക്കുമ്പോഴേ പണ്ടൊക്കെ ദേഷ്യം വരുമായിരുന്നു. അറിയാമല്ലോ അതൊക്കെ. പിന്നെ കാലം കഴിഞ്ഞപ്പോൾ ഒരു കൂട്ടു വേണം എന്നു വീട്ടുകാർക്ക് നിർബന്ധമായി. ഇങ്ങോട്ടൊന്നും പറയേണ്ട...ഒരാളെ കണ്ടെത്തണം എന്നൊക്കെ അവർ വാശിപിടിച്ചപ്പോൾ മറ്റൊന്നും പറയാനില്ലാതെയായി. ഭഗവാന്റെ അനുഗ്രഹം....പക്ഷേ എനിക്കൊത്തിരി പേടിയായിരുന്നു. എന്താകും കല്യാണ ജീവിതം എന്നൊക്കെ ഓർത്ത്. കല്യാണം നിശ്ചയിച്ചപ്പോഴും അങ്ങനെ തന്നെ. ആഹാരം പോലും കഴിക്കാനാകാത്ത അത്രയും പേടി. ഇപ്പോൾ കുറേയൊക്കെ മാറി കേട്ടോ...

സന്തോഷത്തിന് കാരണം മറ്റൊന്ന്...

പിന്നെ എല്ലാത്തിലും വലിയ സന്തോഷം, ഭാഗ്യം എന്നൊക്കെ പറയുന്നതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇവിടെ എന്റെ വീട്ടിൽ തന്നെ കഴിയാം വിവാഹ ശേഷവും. അങ്ങനെയൊക്കെ ജീവിക്കാൻ അധികം പേർ സമ്മതിക്കില്ലല്ലോ. ഇത്രയുംനാൾ എവിടെ പോയാലും നിഴൽ പോലെ അച്ഛനും അമ്മയുമുണ്ട്. ഒരു ദിനം പോലും അവരെ വിട്ടു മാറിനിൽക്കേണ്ടിയും വന്നിട്ടില്ല. വിവാഹം കഴിഞ്ഞാലും അച്ഛന്റെയും അമ്മയുടേയും കൂടെ വൈക്കത്തെ വീട്ടിൽ കഴിയാം എന്ന സന്തോഷവുമുണ്ട്. അവരെ വിട്ടു പോകേണ്ടി വരുമോ എന്നതായിരുന്നു എനിക്കേറ്റവും ടെൻഷനുണ്ടാക്കിയത്...

സോപാന സംഗീതം ആലപിക്കുന്ന സംഗീത പ്രേമിയാണു അദ്ദേഹവും. എന്റെ എല്ലാ പാട്ടുകളും ഇഷ്ടമാണെന്നാ പറഞ്ഞേ...പക്ഷേ ആദ്യം കണ്ടപ്പോള്‍ പാടാൻ പറഞ്ഞത് ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടായിരുന്നു....വിജയലക്ഷ്മി ചിരിക്കുന്നു....ജീവിതത്തില്‍ ഒപ്പം കൈപിടിക്കാൻ മാത്രമല്ല, ഒപ്പം പാടാനും ഒരു കൂട്ടായി എന്നു പറഞ്ഞാൽ മതിയല്ലോ.