ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടിലെ സിനിമാ സംഗീത മേഖലയിലെ പ്രമുഖരിൽ ചിലർ രംഗത്തെത്തിയിരുന്നു. യുവൻ ശങ്കർ രാജ ഒരു സംഗീത ആൽബമാണ് ഇതിനെ പിന്തുണച്ചു കൊണ്ടു പുറത്തിറക്കിയത്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയിരിക്കുന്നത്.
ജെല്ലിക്കെട്ട് എന്നാണു പാട്ടിനു പേരിട്ടിരിക്കുന്നത്. വൈരമുത്തുവിന്റെ വരികൾ സെന്തില്‍ ദാസും കാർത്തികും ചേർന്നാണു പാടിയിരിക്കുന്നത്. ജെല്ലിക്കെട്ടിന്റെ ആവേശക്കാഴ്ചകൾ ഉൾപ്പെടുത്തിയാണ് ലിറിക്കൽ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ജെല്ലിക്കെട്ടിന്റെ വീറും വീര്യവും ഓരോരുത്തരുടേയും ഉള്ളിൽ നിറയും ഈ പാട്ടു കേട്ടാൽ. പോയവർഷവും ജെല്ലിക്കെട്ട് തിരികെ കൊണ്ടുവരുന്നതിനായി നിരവധി കലാസൃഷ്ടികൾ തമിഴ് ലോകം പുറത്തിറക്കിയിരുന്നു. ആദിത്യ രാമചന്ദ്രൻ വെങ്കടപതിയും ജീവ ആറും ഹിപ്ഹോപ് തമിഴയും ചേർന്നു തയ്യാറാക്കിയ തക്കര് തക്കര് എന്ന വിഡിയോയാണ് ഇതിൽ ഏറ്റവും ശ്രദ്ധനേടിയത്. ജെല്ലിക്കെട്ട് ക്രൂരമല്ല, കരുത്തിന്റെ ആഘോഷമാണെന്നാണ് ഇവരുടെയെല്ലാം വാദം.
കമൽഹാസൻ ഉൾപ്പെടെയുള്ള പ്രതിഭകളാണ് ജെല്ലിക്കെട്ടിനെ അനുകൂലിച്ചെത്തിയത്. ജെല്ലിക്കെട്ട് തെറ്റെങ്കിൽ, മൃഗങ്ങളെ കൊല്ലുന്നതും തെറ്റാണ് എന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് 2011ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് 2014ല്‍ സുപ്രീം കോടതി ശരിവെച്ചിരുന്നു.
പൊങ്കലിനോട് അനുബന്ധിച്ചാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടത്തുന്നത്. കാളകളെ ആവേശം കയറ്റി പായിച്ച് മനുഷ്യനോടു മത്സരിപ്പിക്കുന്ന വിനോദം ക്രൂരമാണെന്നും അതു നിരോധിക്കണമെന്ന ആവശ്യം ഉയർന്നതിനെയും തുടർന്നാണ് സുപ്രിംകോടത് ജെല്ലിക്കെട്ട് നിരോധിച്ചത്.