പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് സംഗീത സംവിധായകനായി മാറിയ തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംഗീതസംവിധായകനാണ് യുവാൻ ശങ്കർ രാജ. അച്ഛനായ ഇളയരാജക്കുവേണ്ടിയും സഹോദരൻ കാർത്തിക്ക് രാജയ്ക്ക് വേണ്ടിയും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള യുവാൻ ഇന്നും സംഗീതസംവിധായകരുടെ ഇഷ്ട ഗായകനാണ്.
യുവാൻ ശങ്കർ രാജ വീണ്ടും പാട്ടുപാടി. സംഗീത സംവിധായകൻ ജി വി പ്രകാശ് നായകനാവുന്ന തൃഷ ഇല്ലാനാ നയൻതാരക്കുവേണ്ടിയാണ് യുവാൻ വീണ്ടും പാടിയത്. യുവാൻ പാടിയ ചിത്രത്തിലെ മുത്തം കൊടുത്ത് എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് നാ മുത്തുകുമാറാണ്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ചിത്രത്തിലെ നായകൻ ജിവി പ്രകാശ് തന്നെയാണ്. മനോഹരമായാണ് യുവാൻ ഗാനം ആലപിച്ചിരിക്കുന്നതെന്നും യുവാക്കൾ ആഘോഷമാക്കുന്ന ഗാനമായിരിക്കും 'മുത്തം കൊടുത്ത്' എന്നുമാണ് ചിത്രത്തിന്റെ സംവിധായകൻ അദിക് രവിചന്ദ്രൻ പറഞ്ഞിരിക്കുന്നത്.
പെൻസിൽ, ഡാർലിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിവി നായകനാവുന്ന മൂന്നാമത്തെ സിനിമയാണ് തൃഷ ഇല്ലാന നയൻതാര. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറിനെ കൂടാതെ ആനന്ദി, സിമ്രാൻ, മനിഷാ യാദവ്, വിടിവി ഗണേഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ആര്യ, പ്രിയ ആനന്ദ്, യോഗി സേതു തുടങ്ങിയവർ ചിത്രത്തിൽ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. കാമിയോ ഫിലിംസിന്റെ ബാനറിൽ സി ജെ ജയകുമാർ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.