തമിഴിൽ ഏറെ തിരക്കുള്ള സംഗീത സംവിധായകനാണു ജി.വി. പ്രകാശ് കുമാർ. സിനിമ സംഗീത ജീവിതത്തിന്റെ തുടക്കം മുതൽ ഇന്നോളം അങ്ങനെ തന്നെ. ഇതിനിടയിൽ അഭിനേതാവുമായി. അഭിനയിച്ച ചിത്രങ്ങൾക്കെല്ലാം ഈണമിട്ടതും പ്രകാശ് തന്നെ. അങ്ങനെയുള്ള നല്ല അവസരങ്ങൾക്കിടയിൽ ജി വി പ്രകാശ് കുമാറിന് ഒരു അപൂർവ്വ നേട്ടം കൂടി സ്വന്തമാകുന്നു. നായകനായി അഭിനയിക്കാനൊരുങ്ങുന്ന രണ്ടു ചിത്രങ്ങളിൽ ഈണമിടുന്നത് സംഗീത ലോകം കണ്ട ഇതിഹാസങ്ങളാണ്. ഏ ആർ റഹ്മാനും ഇളയരാജയും.
ബാല സംവിധാനം ചെയ്യുന്ന നഞ്ചിയാറിലും രാജീവ് മേനോന്റെ സർവ്വം താളമയത്തിലുമാണ് പ്രകാശ് അഭിനയിക്കുന്നത്. നഞ്ചിയാറിൽ ഇളയരാജയും രാജീവ് മേനോന്‍ ചിത്രം, സർവ്വം താളമയത്തിൽ ഏ ആർ റഹ്മാനുമാണ് ഈണമിടുന്നത്. ഏ ആർ റഹ്മാന്റെ സഹോദരീ പുത്രൻ കൂടിയാണ് ജി വി പ്രകാശ് കുമാർ. രണ്ടും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. സംവിധായകരും പ്രതിഭകൾ. ജി വി പ്രകാശ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളായാണ് ഈ സിനിമകളെ വിശേഷിപ്പിക്കുന്നത്. അതിനിടയിലാണ് ഈ അപൂർവ്വതയും.
വെയിൽ, കിരീടം, ആടുകളം, ദൈവത്തിരുമകൾ, കാക്കമൂട്ടൈ, തെറി, മദ്രാസിപ്പട്ടണം തുടങ്ങി നൂറിലധികം ചിത്രങ്ങൾക്കാണ് ജി വി പ്രകാശ് കുമാർ ഈണമിട്ടിട്ടുള്ളത്.