അപൂർവ്വമായേ ഒരു ടെലിവിഷൻ പരസ്യം സമൂഹ മാധ്യമങ്ങളുടെ വൈറൽ പട്ടികയിൽ ഇടംപിടിക്കാറുള്ളൂ. അതുപൊലൊരെണ്ണമാണു ഇന്ത്യൻ പാൻ മസാല കമ്പനിയായ പാൻ ബഹറിന്റെ പുത്തൻ പരസ്യം. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പിയേഴ്സ് ബ്രോസ്നന്‍ അഭിനയിച്ച പരസ്യമാണിത്. അതുകൊണ്ടു മാത്രമല്ല ഈ പരസ്യം ഇത്രയധികം പരസ്യമാകുന്നത്. അതിലെ സംഗീതം അത്രമേൽ മനോഹരമാണ്. യുവന്‍ ശങ്കർ രാജയുടേതാണ് സംഗീതം.
അറുപത് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് താളങ്ങളുടെ മാസ്റ്റർ പകർന്ന സംഗീതം നമ്മെ ഹരംപിടിപ്പിക്കുന്നതാണ്. ജെയിംസ് ബോണ്ട് ചിത്രം കണ്ടിരിക്കുന്നതുപോലെ തോന്നും എന്നു പറഞ്ഞാലും അതിശയോക്തിയില്ല. അത്രയ്ക്കു രസകരമായ സംഗീതവും ദൃശ്യങ്ങളും. ഡിഡിബി മുദ്രയാണു പരസ്യത്തിന്റെ സംവിധാനം. എന്തായാലും ജെയിംസ് ബോണ്ട് താരവുമായുള്ള യുവൻ ശങ്കർ രാജയുടെ കൈകോർക്കൽ സിനിമാ ലോകത്താകെ ചർച്ചയാണ്. ഒപ്പം ഈ പരസ്യവും.