മിഴിയോരം നിലാവലയോ...കവർ വേർഷനുമായി സിത്താര

അപ്രതീക്ഷിതമായി പെയ്യുന്നൊരു മഴയാണ് പ്രണയം...നടവാതിലിനപ്പുറം താളലയത്തോടെ അതു പെയ്തെത്തുക എപ്പോഴെന്നു പറയാനാവില്ല...അതുപോലെയാണു പ്രണയവും. എത്ര വേണ്ടെന്നു കരുതിയാലും മനസ്സിലെത്ര വേലിക്കെട്ടുകൾ തീർത്താലും പ്രണയം അതിന്റെ എല്ലാ ഭംഗിയോടെയും ഒരുനാൾ ജീവിതത്തിലേക്കു കടന്നുവരും. മഴവില്ലഴകിൽ മയങ്ങിയൊരു സായന്തനത്തെ വിളിച്ചുണർത്തുന്ന പുതുമഴ പോലെ.

ആദ്യ കണ്ടുമുട്ടലിൽ തുടങ്ങി പ്രണയത്തിന്റെ ഓരോ നിമിഷവും അതുല്യമായിരിക്കും പിന്നീട്. ഓരോ പ്രണയത്തിനും ഓരോ ഛായയാണ്. ചിലതിനു പതിയെ പുഞ്ചിരിച്ചു പൂത്തുലയുന്ന ആകാശത്തിന്റെ, മറ്റു ചിലതിന് കുറേ വട്ടം വായിച്ചാൽ മാത്രം മനസ്സിലാകുന്നൊരു പുസ്തകത്തിന്റെ പുറംചട്ടയുടെ, ചിലതിനാവട്ടെ, വിഷാദത്തിന്റെ ചാരനിറം പടർന്നൊരു മഴക്കാല സായാഹ്നത്തിന്റെ... 

ഈ പാട്ട് അങ്ങനെ വിഷാദഛായയുള്ളൊരു പ്രണയത്തെയാണു പാടുന്നത്. പാതിനിറഞ്ഞ പെൺമിഴികളുടെ ഛായയുള്ള, ഇടയ്ക്കൊന്നു പുഞ്ചിരിക്കുന്ന പാട്ട്. അങ്ങനെയുള്ളൊരു പാട്ടിന്റെ കവർ വേർഷനാണ് മനോരമ ഓണ്‍ലൈനിന്റെ മ്യൂസിക് ഷോട്സിൽ ഇത്തവണ. പാടിയത് സിത്താര.

മിഴിയോരം  നിലാവലയോ

പനിനീർ മണിയോ കുളിരോ

മഞ്ഞിൽ വിരിഞ്ഞ പൂവേ

പറയൂ നീ ഇളം പൂവേ...

ജാനകിയമ്മ കൊഞ്ചലും പരിഭവവും പ്രണയവും സ്വരഭംഗിയിലൂടെ എഴുതിയ ഗാനം. ആ സ്വരവും ആലാപന ശൈലിയും കാലാതീതമാക്കുന്ന പാട്ടുകളിലൊന്നു കൂടിയാണിത്. എത്ര ഭാവാർദ്രമാണീ ആലാപനമെന്ന് നമ്മളറിയാതെ പറഞ്ഞുപോകും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിനു വേണ്ടി ജെറി അമൽ ദേവ് ആണ് ഈ പാട്ട്  ചിട്ടപ്പെടുത്തിയത്. വരികൾ ബിച്ചു തിരുമലയുടേതാണ്. ജെറി അമൽ ദേവിന്റെ ആദ്യ ചലച്ചിത്ര ഗാനം കൂടിയാണിത്. 

നാടൻതാളങ്ങളും ഗസലുകളും പാടാന‍ിണങ്ങുന്ന ആഴമുള്ള സ്വരത്തെ മെലഡിയുടെ ഭാവത്തിലേക്ക് സിത്താര ഒതുക്കി നിർത്തുമ്പോൾ അത് വേറിട്ടൊരു ആവിഷ്കാരം കൂടിയാകുന്നു. സംഗീത സംവിധായകൻ രാഹുൽ രാജ് ആണ് ഈ കവർ വേർഷൻ ചിട്ടപ്പെടുത്തിയത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നിനോടൊപ്പം ബോളിവുഡിലെ മറ്റൊരു ക്ലാസിക്, സിന്ദഗി ഭർ നഹീ എന്ന ലതാ മങ്കേഷ്കര്‍ ഗാനം കൂടി ചേർത്താണ് സിത്താര പാടുന്നത്. ഈ രണ്ടു ഗാനങ്ങളുടെയും മെയിൽ വേർഷനാണ് ഏറെയും കേൾക്കപ്പെട്ടത് എന്നതിനാൽ ഈ കവർ വേർഷൻ വ്യത്യസ്തമായൊരു അനുഭവമായിരിക്കും.

മ്യൂസിക് ഷോട്സിലെ മറ്റു ഗാനങ്ങൾ കേൾക്കാം