Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളുടെ മലർ പൊയ്കയിൽ ഈ പാട്ട്

ചില പാട്ടുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു വല്ലാത്ത സുഖമാണ്. വണ്ടിപ്പുകയും യന്ത്രത്തിന്റെ നിലയ്ക്കാത്ത ഒച്ചയും ആഡംബരത്തിന്റെ കപടതയുള്ള കലപിലകളും മാത്രമുള്ള ഒരു നഗരത്തിൽ രാവിലെ ഉണർന്നെണീക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ ജനാലയ്ക്കരികിലൊരു കുഞ്ഞുകിളിയെ കണ്ടപോലൊരു സുഖം. കേട്ടുകഴിയുമ്പോൾ മനസ്സ് കുറേ നേരം ഇനി തിരിച്ചുവരാത്ത ഒരു കാലത്തിലേക്കു പോയിരിക്കും. പിന്നെയൊരു നോവാണ്. അമ്മയുടെ കുട്ടിയായി, ആദ്യ പ്രണയത്തിലെ നായകനായി, കൊഞ്ചലും കളിചിരിയുമൊക്കയായി നടന്നിട്ട് പിൻനടക്കുമ്പോൾ മനസ്സ് വല്ലാതെ പിടയും. അങ്ങനെയുള്ള കുറേ ഗാനങ്ങളുണ്ട്. 

ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോ-

രോമനത്താമരപ്പൂവേ

മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍ 

മാറിലേയ്ക്കാരേ എറിഞ്ഞു!

മാറിലേയ്ക്കാരേ എറിഞ്ഞു!

എന്ന പാട്ട് അങ്ങനെയുള്ളൊരു ഗാനമാണ്. ചെങ്കദളിയുടെ ഭംഗിയുള്ള പ്രണയത്തെക്കുറിച്ചു പാടിയ മനോഹര ഗാനം. ദേവരാജൻ-ഒഎൻവി കൂട്ടുകെട്ടിൽ വിടർന്നൊരു പാട്ട്. ഇവർ ഒന്നിച്ച ആദ്യ ഗാനം കൂടിയാണിത്. കെപിഎസിയിലൂടെ കേരളത്തെ പാടിച്ചുവപ്പിച്ച സുലോചനയും കെ.എസ്. ജോർജും ആദ്യമായി പാടിയ ചലച്ചിത്ര ഗാനവുമിതു തന്നെ. മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിലേക്ക് ഈ ഗാനം തിരഞ്ഞെടുത്തതും ഇക്കാരണങ്ങൾകൊണ്ടു തന്നെയാണ്. രാഹുൽ രാജും സിത്താരയും ഉൾപ്പെടെയുള്ള പാട്ടുസംഘം പുതിയകാല സംഗീതത്തിന്റെ ചേലും കൂടി കൂട്ടിച്ചേർത്തു കൊണ്ട് പാടിയിരിക്കുന്നു. 

മുറ്റത്തു വിരിഞ്ഞൊരു ചെറുമുല്ലപ്പൂവിന്റെ നൈർമല്യമുള്ള നാട്ടുപാട്ടുകള്‍, കടലിന് മഴത്തുള്ളികളോടു തോന്നിയതുപോലുള്ള പ്രണയം പാടിയ മറ്റനേകം മനോഹര ഗാനങ്ങള്‍, അടിച്ചമർത്തലിന്റെ രോഷം അഗ്നിയായി പാറിയ വിപ്ലവ ഗാനങ്ങൾ... ഇങ്ങനെ സംഗീതം എന്ന മാധ്യമത്തിന്റെ കാൽപനികതയും യാഥാർഥ്യവുമൊക്കെ മലയാളത്തിന് പാടിത്തന്ന കുറേയാളുകളുണ്ട്. നമ്മുടെ പാട്ടിന്റെ ലോകത്തെ അതുല്യമാക്കിയത് അവരൊക്കെയാണ്. ജീവിതത്തിലെ മറ്റെല്ലാ തിരക്കുകളിൽനിന്നും മാറിയൊരിടത്തേക്കു കുറേ നേരം ചെന്നിരിക്കണമെന്നു തോന്നുമ്പോൾ നെഞ്ചോടു ചേർന്നിരിക്കാൻ വന്നുചേരുന്ന കുറേ ഗാനങ്ങൾ ഇവരുടെ സൃഷ്ടിയാണ്. ദേവരാജനും ഒഎന്‍വിയും വയലാറും ഭാസ്കരൻ മാഷുമൊക്കെ അങ്ങനെയാണ് അടയാളപ്പെട്ടിരിക്കുന്നത്. 

‘‘വായനയിലൂടെയും നമുക്കു മുൻപേ സഞ്ചരിച്ചവരുടെ വർത്തമാനത്തിലൂടെയും കേട്ടറിഞ്ഞ കാര്യങ്ങൾ മനസ്സിൽ സൃഷ്ടിച്ച കുറേ ബിംബങ്ങളുണ്ട്. നാടിനെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, മനുഷ്യസ്നേഹത്തെ കുറിച്ചുള്ളതൊക്കെ. ചില പാട്ടുകൾ കേൾക്കുമ്പോൾ അതാണ് മനസ്സിലേക്കു കടന്നു വരുന്നത്. എന്നെ സംബന്ധിച്ച് ഈ പാട്ട് അങ്ങനെയൊന്നാണ്’’-. രാഹുൽ രാജ് പറയുന്നു. ‘‘കുഞ്ഞിലേ, ഒന്നാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ പഠിച്ച ചില കവിതകളില്ലേ... പണ്ട് ബാലമാസികകളിലും മറ്റുമൊക്കെ വായിച്ച അങ്ങനെയുള്ള കുഞ്ഞുകവിതകളെ കേൾക്കുന്ന പോലെയാണെനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ തോന്നുന്നത്. മഹാരഥൻമാർ ചെയ്തു വച്ച ഗാനമാണിത്. ആ ഈണത്തിന്റെ ശൈലിയെ ഒട്ടുമേ മാറ്റാതെയാണ് മ്യൂസിക് ഷോട്സിൽ അവതരിപ്പിച്ചത്. എന്റേതായ ഒരു അംശം പാട്ടിൽ ഉൾപ്പെടുത്തിയെങ്കിലും യഥാർഥ ഗാനം കേൾവിക്കാരിലേക്കു പകർന്ന ഒരു അനുഭൂതിയെ നോവിക്കാതെയാണു പാട്ട് തയാറാക്കിയത്.’’ 

പുതിയ കാലത്തെ ചലച്ചിത്രങ്ങളിൽ നാടൻതാള ഭംഗിയുള്ള പാട്ടുകൾ അധികവും കേട്ടത് സിത്താരയെന്ന പെൺ സ്വരത്തിലൂടെയാണ്. അതുകൊണ്ടുതന്നെ നാട്ടിടവഴിയിലും കദളിവാഴക്കൂട്ടങ്ങളുടെ തണലിടങ്ങളിലും സന്ധ്യയുടെ ദൈവികമൗനത്തിലും വിടർന്ന പ്രണയത്തെക്കുറിച്ചുള്ള പാട്ടിന് ഒരു കവർ വേർഷൻ തയാറാക്കുമ്പോൾ പാടാൻ ഏറ്റവുമിണങ്ങുന്ന സ്വരവും സിത്താരയുടേതാണല്ലോ. രാഹുലിനെ പോലെ സിത്താരയ്ക്കും ഈ പാട്ട് ഗൃഹാതുരത്വമുണർത്തുന്ന ഓര്‍മകളാണ് സമ്മാനിക്കുന്നത്. താൻ ചെയ്തു വയ്ക്കുന്ന ഈണത്തെ അതേപടി എല്ലായിടത്തും പാടണമെന്ന് നിർബന്ധമുണ്ടായിരുന്ന പ്രതിഭാധനന്റെ സംഗീതത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ആലാപനമാണു സിത്താര മ്യൂസിക് ഷോട്സിൽ അവതരിപ്പിച്ചതും. 

കേൾക്കാം, മധുരമൂറുന്ന പഴയഗാനങ്ങളിലെ മണിമുത്തിനെ, പുതിയ കാലത്തിന്റെ സംഗീത ശൈലിയിലൂടെ....