നമ്മൾക്കെല്ലാമുണ്ടാകും ഇങ്ങനെയൊരു ചങ്ങാതി...പൂക്കൾ കൊണ്ടു തുന്നിയ കുഞ്ഞ് ഹെയർ ബാൻഡ് അണിഞ്ഞ് കൈ നിറയെ പലവർണത്തിലുള്ള വളകളൊക്കെ ഇട്ട് കണ്ണൊക്കെ എഴുതി സുന്ദരിക്കുട്ടിയായി ക്ലാസിലെത്തുന്നൊരു കുഞ്ഞു കൂട്ടുകാരി. അവളോട് നമ്മൾ അധികമൊന്നും മിണ്ടില്ലായിരിക്കാം. പക്ഷേ അവളായിരുന്നു ആ പ്രായത്തില്‍ നമ്മളുടെ കൗതുകങ്ങളിലൊന്ന്. വീട്ടിലെത്തി സ്കൂൾ വിശേഷങ്ങൾ പറയുമ്പോൾ അവളെക്കുറിച്ചാകും നമ്മളേറ്റവുമധികം അമ്മയോടു സംസാരിച്ചിട്ടുണ്ടാകുക. അവളെ പലവട്ടം നമ്മൾ നുള്ളിക്കരയിച്ചിട്ടുണ്ടാകും അവളുടെ പെൻസിലും വാട്ടർബോട്ടിലുമൊക്കെ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. അമ്മ തിരികെ പോകുന്നതു കണ്ട് അവൾ ഉറക്കെ കരഞ്ഞപ്പോൾ നമ്മളും ഒപ്പം കരഞ്ഞിട്ടുണ്ടാകും. തിരിച്ചറിവുണ്ടാകുന്നതിനു മുൻപേയുള്ള ആ സ്കൂള്‍ ജീവിതത്തിലെ കൂട്ടുകാരിയുടെ പേരോ അവളുടെ കവിളിലെ കരിപ്പൊട്ടിന്റെ ചന്തമോ അവളുടെ കരയുന്ന മുഖമോ മാത്രമേ കാലങ്ങൾ കഴിയുമ്പോൾ നമുക്ക് ഓര്‍മ കാണുള്ളൂ. പിന്നീടൊരിക്കലും അവളെ കണ്ടിട്ടു പോലുമുണ്ടാകില്ല. പക്ഷേ ഇടയ്ക്കിടെ ചില കാഴ്ചകൾ കാണുമ്പോൾ, ചില പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ അവളെ കുറിച്ചോർക്കും...ദാ ഈ പാട്ടും അങ്ങനെയുള്ള ഓർമകളിലേക്കാണ് നമ്മെ കൊണ്ടു പോകുക.
മണിരത്നത്തിന്റെ അഞ്ജലിയുടെ പാട്ട്. ചെമ്പൻമുടി പാറിച്ച് ചുമരിൽ കുഞ്ഞി കൈ ഓടിച്ചോടിച്ച് അരണ്ട വെളിച്ചമുള്ള ഇടനാഴിയിൽ നിന്നു നടന്നു വന്ന അഞ്ജലി. അമ്മയുടെ കണ്ണീരാകരുത് അവളെന്നു കരുതി അപ്പ അകലെ പാർപ്പിച്ചിരുന്ന അഞ്ജലി, പിന്നെയൊരിക്കൽ അമ്മയ്ക്കരികിലേക്കെത്തി, അവരുടെ കവിളത്തു തൊട്ട് പിന്നെ ചെറുതായൊന്ന് അടിച്ച് ഉറക്കെ ചിരിച്ച അഞ്ജലി, ചേട്ടന്റെ നെറ്റിത്തടത്തിലെ മുറിവിൽ തൊട്ട് ചുണ്ടുമലർത്തി കരഞ്ഞ അഞ്ജലി, പിന്നെ ഉറക്കമെന്ന പകുതി മരണത്തിൽ നിന്നുണരാതെ മാലാഖമാർക്കൊപ്പം പോയ അഞ്ജലി. ദൈവത്തിന്റെ സമ്മാനമാണിവൾ എന്ന് നമ്മള്‍ പറഞ്ഞ അഞ്ജലി. തങ്ങൾ മരിച്ചു പോയെന്നു കരുതിയ അനുജത്തിയെ അച്ഛൻ മാറ്റിപ്പാർപ്പിച്ചിരിക്കയായിരുന്ന തിരിച്ചറിവ് അംഗീകരിക്കാൻ പെട്ടെന്നൊന്നും അവളുടെ കൊച്ചു ചേട്ടനും ചേച്ചിയ്ക്കും സാധിച്ചിരുന്നില്ല. അവളോട് ആദ്യം തോന്നിയ വെറുപ്പ് പിന്നെ വാക്കുകൾക്കപ്പുറമുള്ള സ്നേഹമായി മാറിയപ്പോൾ അവരും കൂട്ടുകാരും ചേർന്നു അവളുടെ നിറചിരിയ്ക്കായി പാടിക്കളിച്ച പാട്ടാണിത്...അവൾ അവർക്കെല്ലാവർക്കും എന്തായിരുന്നുവെന്ന് ഈ പാട്ടിലുണ്ട്. ഇരുട്ട് വീണൊരിടത്തു നിന്നു ചേട്ടന്റെ കവിളത്തു പിടിച്ച് കൊഞ്ചി കൊഞ്ചി അവളെന്തോ പറഞ്ഞു തുടങ്ങുന്നതു കേള്‍ക്കുമ്പോഴേ കണ്ണിനുള്ളിൽ നനവു പടരും. അതിനു പിന്നാലെയാണു പാട്ടെത്തുന്നത്...
അഞ്ജലി അഞ്ജലി അഞ്ജലി ചിന്ന...
ചിന്ന കൺമണീ കൺമണീ
അഞ്ജലി അഞ്ജലി അഞ്ജലി
മിന്നും മിൻമിനി മിൻമിനി മിൻമിനി
നിലാവിൻ ചന്തമുള്ള ചിരിയാണു കുട്ടികൾക്ക്, അമ്മയ്ക്ക് അവൾ ഭൂമിയിലുള്ള മറ്റെല്ലാത്തിനേക്കാളും വലുതാണ്, അമൂല്യമാണ്. ഭൂമിയിലേക്കു പിറന്നു വീഴുന്ന ഓരോ കുഞ്ഞും അവർക്കു ചുറ്റുമുള്ളവർക്ക് എന്താണെന്ന് ഏറ്റവും ലളിതമായാണ് വാലി എഴുതിയിട്ടത്. കുഞ്ഞുങ്ങളുടെ പാൽമണമുള്ള താടിയിൽ സ്നേഹത്തോടെ കൈചേർത്ത് ഏതൊരു മനസും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ. അതാണ് ഈ ഗാനത്തെ കാലാതീതമാക്കിയതും. ഇളയരാജയുടേതായിരുന്നു ഈണം. പാട്ടുകാരുടെ ഒരു വലിയ സംഘമാണു പാടിയത്. അഞ്ജലിയുടെ ചിരി പോലെ കൗതുകം നിറഞ്ഞ സംഗീതം. പേടി നിഴലിക്കുന്ന അവളുടെ വെളളാരം കണ്ണുകളും, ബോധത്തിനും അബോധത്തിനുമിടയിൽ നിന്നിടയ്ക്കെപ്പോഴൊക്കെയോ വെറുതെ ചിരിക്കുന്ന മുഖവും ഒറ്റയ്ക്കിരുന്നു കളിക്കുമ്പോഴുള്ള വികൃതികളുമെല്ലാം ഇന്നും നമ്മുടെ മനസിലുണ്ട്. അതുപോലെ തന്നെയാണീ പാട്ടും.
എവിടെ നിന്നോ കടലിൻ മുകളിലെ ആകാശത്തേയ്ക്കു പറന്നെത്തിയ ഒരു പട്ടത്തിനു പിന്നാലെ വെറുതെ ഓടിത്തുള്ളി നടക്കുന്ന കുട്ടികളെ പകർത്തിയൊരു ചിത്രം പോലെ സുന്ദരമായിരുന്നു പാട്ടിന് മണിരത്നം പകർത്തിയ കാഴ്ചകള്‍. സിനിമയുടെ ഒടുക്കം അഞ്ജല ി മരണത്തിനൊപ്പം പോകുമെന്ന് അറിയാമെന്നതിനാൽ പാട്ടു തീരുമ്പോൾ ഒരു സങ്കടമാണ്. മനസിലെവിടെയോ ഒരു വിങ്ങലാണ്. ആ അനുഭൂതിയാണു നമ്മുടെ പാട്ടുപെട്ടിയിൽ ഈ പാട്ടിന് എന്നെന്നും സ്ഥാനം നൽകിയതും. വെറുതെ കേട്ടിരിക്കും പിന്നെ ഒപ്പം പാടും. ഇനിയൊരിക്കലും തിരികെ വരാത്ത ബാല്യത്തിലേക്കു വെറുതെ മടങ്ങിപ്പോകും...തന്റെ സൗഹൃദം ഒരിക്കൽ പോലും അറിയിച്ചിട്ടില്ലാത്ത വളർന്നതിൽ പിന്നെയൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ചങ്ങാതിയെ കുറിച്ചൊക്കെ വെറുതെ ഓർത്തിരിക്കും. അതിനേക്കാളുപരി ഒരു നല്ല സന്ദേശവും ഈ ഗാനത്തിന്റെ രംഗങ്ങൾ നമ്മോടു സംവദിക്കുന്നുണ്ട്...
ഓട്ടിസമായിരുന്നു അഞ്ജലിക്ക്. ഇതുപോലെ ദൈവത്തിന്റെ വികൃതികളായി നമുക്കിടയിൽ ഒരുപാട് കുട്ടികളുണ്ട്. അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏറെ സ്നേഹത്തോടെ നമ്മൾ ചേർത്തു നിർത്തുമ്പോൾ, ഒപ്പം കളിക്കുമ്പോൾ അവരുടെ കണ്ണിൽ വിരിയുന്ന സന്തോഷമുണ്ട്...ഭൂമിയിലെ മറ്റൊന്നിനും ഇത്രയേറെ മനോഹാരിത കാണില്ല...ഈ പാട്ടിന്റെ ദൃശ്യങ്ങളെ ഇപ്പോഴും ഉള്ളിന്റെയുള്ളിലെവിടെയോ ചേർത്തു നിർത്തുന്നതും അതുതന്നെയാണ്.