ഹൃദയം നോവുന്ന ഓർമകളാണ് ആ പാട്ടുകളിൽ

ഓലഞ്ഞാലിക്കുരുവിയുടെ പാട്ടിൽ മുഖം കുനിച്ച് നിൽക്കുന്നൊരു ഇളം കാറ്റുണ്ട്, ബി കെ ഹരിനാരായണന്റെ വരികൾ പോലെ അത്രയും തൊട്ടു തലോടുന്ന ഒരു സുഗന്ധമുള്ള കാറ്റ്. ആ കാറ്റിന്റെ ഗന്ധം അദ്ദേഹമെഴുതിയ ഓരോ പാട്ടിലും കേൾവിയുടെ തലത്തെ വന്നു തൊടുകയും അവിടെ നിന്ന് ഇറങ്ങിപ്പോകാതെ ഇരിക്കുകയും ചെയ്യും. മലയാള സിനിമയിൽ അടുത്തിടെ ഇറങ്ങിയ മികച്ച വരികളുള്ള പാട്ടുകൾ എടുത്താൽ അതിൽ പകുതിയും ഹരിനാരായണന്റേതു തന്നെയാകും. ഭാവതീവ്രമായ വാക്കുകളും വരികളും അതിനൊത്ത സംഗീതം കൂടിയാകുമ്പോൾ പുഷ്പിച്ചു പോകുന്നിടത്താണ് നല്ല സിനിമാഗാനങ്ങളുണ്ടാവുക. അങ്ങനെ തന്നെയാണ് അപൂർവ്വമെങ്കിലും അത്തരം ഗാനങ്ങൾ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടാകുന്നതും, അതിലൊരു പങ്ക് ഹരിനാരായണൻ എന്ന എഴുത്തുകാരന്റേതാണ്. എന്നാൽ ഹരിനാരായണന്റെ ഹൃദയമുലച്ച പാട്ടുകളേതൊക്കെയാകും? ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പാട്ടുകളെ  പരിചയപ്പെടുത്തുകയാണ് അദ്ദേഹം...

പ്രിയപ്പെട്ട പാട്ടുകളേറെയുണ്ട്. ചിലതൊക്കെ ഓർമ്മകളുമായി ചേർന്നിരിക്കുന്നതുമാണ്. കൂടുതലും പഴയ പാട്ടുകളോട് തന്നെയാണ് ഇപ്പോഴും സ്നേഹമധികം. ഒരുപക്ഷെ കുറെ കേട്ടത് കാരണമാകാം. വരികളും സംഗീതവും ആലാപനവും എല്ലാം ഒന്നിച്ച് നിൽക്കുമ്പോൾ പിന്നെ അതിൽ വേറെ ചോയിസുകളില്ലല്ലോ.. 

"അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ 
വെളിയില്‍ വരാനെന്തൊരു നാണം 
വെളിയില്‍ വരാനെന്തൊരു നാണം 
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.."

പരീക്ഷ എന്ന ചിത്രത്തിൽ എസ ജാനകി പാടിയ ഈ ഗാനം ശാരദയുടെ മുഖലാവണ്യം കൊണ്ട് മലയാളിയുടെ മനസ്സിൽ ഒട്ടിയിരിക്കുന്ന ഗാനരംഗവുമാണ്. 1967 ൽ പുറത്തിറങ്ങിയ ഈ ഗാനം പി ഭാസ്കരൻ മാഷിന്റെ മനോഹരമായ വരികളാണ്. ഗസലുകളുടെ ഉസ്താദ് എം എസ് ബാബുരാജിന്റെ സംഗീതത്തിൽ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന പാട്ടാണിത്. പ്രണയവും നാണവും മങ്ങാതെ ഓരോ വരികളിലും നായികയുടെ മുഖത്തും പ്രതിഫലിക്കുന്നതിന്റെ അഴക് ഓരോ ഓർമ്മയിലും വീണ്ടും വീണ്ടും ഉള്ളിലേക്കാഴ്ന്നിറങ്ങും. 

"ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ 
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..."

പുതിയ പാട്ടുകളിൽ പലതുമുണ്ട് ഇഷ്ടങ്ങളുടെ കൂട്ടത്തിൽ. അറിയാതെ ഒന്ന് മൂളാൻ തോന്നുന്ന പാട്ടുകളിലൊന്നാണ് 

"കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു 
കടവൊഴിഞ്ഞു  കാലവുംകടന്നു പോയ് 
വേനലിൽ ദലങ്ങൾ പോൽ വളകലൂർന്നു പോയീ...
ഓർത്തിരുന്നു ഓർത്തിരുന്നു നിഴലു പോലെ 
ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് 
നൂലു പോലെ നേർത്തു പോയ്‌ ചിരി മറന്നു പോയീ..."

എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ ഗാനത്തിന് വരികളൊരുക്കിയത് റഫീഖ് അഹമ്മദാണ്. സംഗീതം എം ജയചന്ദ്രനും. ശ്രേയാ ഘോഷാലിന്റെ ഇമ്പമുള്ള സ്വരം തന്നെയാണ് പാട്ടിന്റെ ഭംഗി പിടിച്ചു നിർത്തുന്നതും. വിഷാദത്തിന്റെയും വെറുതെയുള്ള കാത്തിരിപ്പിന്റെയും നോവൂറുന്ന പാട്ടു...

ആദ്യമായി പ്രണയത്തെ കുറിച്ച് ഓർമിപ്പിച്ച ഒരു പാട്ടുണ്ട്,

"പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ...
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ..."

എങ്ങനെ മറക്കാനാകും പ്രണയത്തിന്റെ രാവുകൾ, മനസ്സിലെ സ്നേഹം ഒരുപക്ഷെ ചില വാക്കുകളിൽ തട്ടി ചിതറിപ്പോകും. രാത്രിയുടെ ഭംഗിയും നിലാവിന്റെ തണുപ്പും അരിച്ചിറങ്ങുന്ന നേരവും ഇഷ്ടമുള്ളൊരാൾ പാടുന്ന പാട്ടും. അപ്പോഴും ഉറക്കത്തിലാഴുന്ന പ്രിയപ്പെട്ടവളെ പാട്ടുകൊണ്ട് തട്ടിയുണർത്തുന്ന ഗായകൻ... 

"ചന്ദന ജാലകം തുറക്കൂ നിൻ
ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ നീ
നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുതിരും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ്"

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതത്തിൽ കെ ജെ യേശുദാസിന്റെ ശബ്ദം അത്രമേൽ ഹൃദ്യമായിരുന്നു. ഓർമ്മകൾക്ക് മുകളിൽ വീണ്ടും പ്രണയം പെയ്യുന്നു... നിലാവ് അതിനു മുകളിൽ നീണ്ട വിരിപ്പ് നീർത്തുന്നു.... 

കാഞ്ഞിരപ്പുഴയിൽ ആണ് ചേച്ചി താമസിക്കുന്നത്. സാധാരണ വെക്കേഷൻ കാലത്താണ് ചേച്ചിയുടെ വീട്ടിൽ പോയി നിൽക്കുക. അവിടെ എപ്പോഴും പാട്ടുകൾ വയ്ക്കുമായിരുന്നു ഉറക്കെ പലപ്പോഴും വേനൽ അവധിക്കാലം അവിടെയാണ് കഴിഞ്ഞിരുന്നതും. അങ്ങനെ ആ സമയത്ത് മനസ്സിൽ കയറിക്കൂടിയ ഒരു പാട്ടാണ് 

"തൂളിയിലെ ആടവന്ത വാനത്ത് മിൻവിളക്കെ..
ആഴിയിലെ കണ്ടെടുത്ത ആർപ്പുത ആണിമുത്തേ 
തൊട്ടിൽ മേലെ മുത്തുമാല
ചിന്ന പൂവായ് വിളയാടാ ചിന്നത്തമ്പി ഇസൈ പാടായി..."

ചിന്നത്തമ്പി എന്ന ചിത്രത്തിലെ ഗാനം ഗാങ്ങി അമരന്റെ വരികളാണ്. ഒരുകാലത്തെ കൗമാരത്തെയും യൗവ്വനത്തെയും ഏറെ തളിരണിയിച്ച ഗാനമായതുകൊണ്ടു തന്നെയാകും, ഇപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ അന്നത്തെ വേനലവധിക്കാലവും കാഞ്ഞിരപ്പുഴയും ഒക്കെ ഓർമ്മ വരുന്നത്. ഇളയരാജായുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ഈ പാട്ട് പാടിയത് മനോ ആണ്.

പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ പരമേശ്വരൻ എന്നൊരു സുഹൃത്തുണ്ട്. നന്നായി പഠിക്കുന്ന കുട്ടിയാണ് പരമേശ്വരൻ, അതുമാത്രമല്ല നന്നായി പാടുകയും ചെയ്യും. പരമേശ്വരനാണ് ഇന്നത്തെ ഈ ബാൻഡ് പോലെയുള്ള വാദ്യവും അതിന്റെ സുഖവും ആദ്യമായി കേൾവിയിലെത്തിച്ചത്. അതിനോടുള്ള ഇഷ്ടത്തിന്റെയും കാരണം പരമേശ്വരനാണ്. ഡിസംബറിൽ ഒക്കെയാണ് പെരുന്നാൾ വരുക, ആ സമയത്ത് പരമേശ്വരൻ കേട്ട ബാൻഡിന്റെ ശൈലിയിൽ അയാൾ അത് ചെയ്യും, റോഡിൽ ഉപയോഗിക്കുന്ന ടാർ നന്നായി കട്ടിയാക്കി മുളവടിയുടെ ഒരറ്റത്ത് വച്ച് ബാൻഡിന്റെ കോലു പോലെയുള്ള ഭാഗമാകും, അത് സ്‌കൂളിൽ ഡെസ്കിന്റെ മുകളിൽ അടിച്ചാണ് അയാൾ പാടുക. പക്ഷെ പാടുന്നത്

"കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി 
ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ 
ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി 
ഗുണദായിനി സര്‍വ്വ ശുഭകാരിണി..."

പോലെയുള്ള പാട്ടുകളാണ്. ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ ആ പഴയ ബാൻഡ് വാദ്യവും പരമേശ്വരനെയും തന്നെയാണ് ഓർമ്മയിൽ വരുക

"വിദ്യാവിലാസിനി വരവര്‍ണ്ണിനി 
ശിവകാമേശ്വരി ജനനി 
ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം 
കരുണാമയമാക്കു 
ഹൃദയം സൗപര്‍ണ്ണികയാക്കു
..കുടജാദ്രിയില്‍ .. .."

കെ ജയകുമാറിന്റെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതവും ചിത്രയുടെ ശബ്ദവും ചേരുമ്പോൾ ഇതിലും മനോഹരമായ ഭക്തി ഗാനം വേറെ ഏതുണ്ടാകാനാണ്!

വെക്കേഷന് ചിലപ്പോഴൊക്കെ 'അമ്മ വീട്ടിലായിരിക്കും. ആഘോഷങ്ങളും ആർപ്പുവിളികളും കളികളും പലപ്പോഴും വെക്കേഷൻ സമയം കടന്നു പോകുന്നത് പോലും അറിയാറേയില്ല. ക്ലാസ്സ് തുറക്കാറാകുമ്പോഴാണ് അറിയുക വെക്കേഷൻ കഴിയുന്നത്, പിന്നെ തുടർന്നുള്ള ദിവസങ്ങളിൽ അതിന്റെ സങ്കടങ്ങളാണ്. ക്ലാസ്സ് തുറക്കുന്ന ദിവസമേ അവിടെ നിന്നും വീട്ടിലെത്താറുള്ളൂ, അതുവരെ ദിവസങ്ങൾ തള്ളി നീക്കും. തിരികെ പോകുന്ന ദിവസം അതിരാവിലെ എഴുന്നേൽക്കും, അപ്പോഴാണ് ആദ്യമായി തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്നും ഭക്തിഗാനം ആദ്യമായി കേൾക്കുക. എന്നും ഉണ്ടാകുന്ന പാട്ടാണ് പക്ഷെ അന്നേ അത് ശ്രദ്ധിക്കൂ, അത്ര സങ്കടത്തിൽ ഇരിക്കുമ്പോൾ കേൾക്കുന്ന പാട്ടുകൾ, ഊർജ്ജവാഹിയാണെങ്കിലും അതിനൊക്കെ സങ്കടത്തിന്റെ ചുവയുണ്ടാകാറുണ്ട്.

"ആദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം ‍
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം..."

ചിലപ്പോൾ നല്ല പാട്ടുകൾ ഒരു വേദനയാണ്. രാവിലെ ക്ഷേത്രത്തിൽ നിന്ന് കേൾക്കുമ്പോൾ അപ്പോഴത്തെ സാഹചര്യമാണ് ആ വേദനയെ തൊടുന്നത്. ഇപ്പോഴും ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ നെഞ്ചിലെവിടെയോ മുള്ളു കൊണ്ട പോലെ നോവും... 

"ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീപതിസുതനേ
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം .."

റ്റി കെ ഭദ്രന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമിയാണ് സംഗീതം നൽകിയിരിക്കുന്നത്.