ഭാവഗായകൻ പി ജയചന്ദ്രന്റെ പിറന്നാൾ ദിനമാണിന്ന്. എഴുപത്തിമൂന്നിന്റെ നിറവിലെത്തിയ ഗായകന് ആശംസകൾ നേർന്നു ഓർമകള്‍ പങ്കിടുകയാണ് ഗായിക സുജാത. മുടി മെടഞ്ഞ് ഫ്രോക്കിട്ട് നടന്ന പ്രായത്തിലേ പി.ജയചന്ദ്രനൊപ്പവും പാടിത്തുടങ്ങിയതാണ് സുജാത. അന്നുതൊട്ടേയുണ്ട് ഒരുപാടൊരുപാട് ഓർമ്മകൾ.
അദ്ദേഹം പാടിത്തന്ന പാട്ടുകൾ പോലെ എഴുപതിലും യുവത്വത്തിന്റെ മാധുര്യമുള്ള സ്വരം പോലെ വ്യക്തിത്വവുമുള്ളയാൾ. പാട്ടുകളെ ഒരുപാടൊരുപാടു സ്നേഹക്കുന്നയാൾ. അങ്ങനെയേ അദ്ദേഹത്തെ കുറിച്ച് എനിക്ക് പറയാനാകൂ. പണ്ടു കലാഭവനിലേക്കു വന്ന ജാനകിയമ്മയേയും ജയൻ ചേട്ടനേയും പൂ നൽകി സ്വീകരിച്ചതു ഞാനായിരുന്നു. അന്നു തൊട്ടേയുള്ള അടുപ്പമാണ്.
ഒരുപാട് ഗാനങ്ങൾ ഞാൻ അദ്ദേഹത്തിനൊപ്പം സിനിമയിൽ പാടിയിട്ടുണ്ട്. അതിനേക്കാൾ ഡ്യുയറ്റ് വേദികളിൽ പാടിയിട്ടുണ്ട്. ഒരുപാട് വാചാലനാകുന്ന ആളാണ് അദ്ദേഹം. പ്രത്യേകിച്ച് സംഗീതത്തിന്റെ കാര്യത്തിൽ. സുശീലാമ്മയുടെ പാട്ടുകളെ കുറിച്ചൊക്കെ എത്ര സംസാരിച്ചാലും തീരില്ല. നല്ലൊരു സിംഗർ എന്ന പോലെ നല്ലൊരു മ്യൂസിക് ലവർ കൂടിയാണ് അദ്ദേഹം. പാട്ടു പാടും അത് എൻജോയ് ചെയ്യും അതുപോലെ മനോഹരമായി അതേക്കുറിച്ച് നമ്മോടു പറയാനും സാധിക്കും.
സ്വന്തം ഗാനങ്ങളെ കുറിച്ചു മാത്രമല്ല, മറ്റെല്ലാ ഗായകരുടെ പാട്ടുകളെ കുറിച്ചും ജയൻ ചേട്ടൻ ഇങ്ങനെ തന്നെ. സുജാത പറയുന്നു. എഴുപത് പിന്നിട്ടിട്ടും അത്ഭുതപ്പെടുത്തുന്നതാണ് ആ സ്വരമാധുരി. ഈ അടുത്തിടെ പാടിയ ഗാനങ്ങൾ എടുത്തു നോക്കിയാൽ തന്നെ അതു മനസിലാകും. അദ്ദേഹത്തിന്റെ ഒരുപാടൊരുപാടു ഗാനങ്ങൾ എനിക്കു പ്രിയപ്പെട്ടതാണെങ്കിലും കരിമുകിൽ കാട്ടിലെ എന്ന പാട്ട് ആണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ജയൻ ചേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു. സുജാത പറഞ്ഞു.