പാട്ടിന്റെ അമ്മയ്ക്ക് മധുരപിറന്നാൾ

ജാനകിയമ്മയ്ക്ക് ഇന്നു പിറന്നാൾ. പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. ആരാധകരുടെ ഫോൺവിളിയും അവരുടെ സ്നേഹാശംസകളുമായി ജാനകിയമ്മ മകൻ മുരളികൃഷ്ണനൊപ്പം ഹൈദരാബാദിലെ വസതിയിലാണ്. റെക്കാർഡിങ്ങുകളുടെ തിരക്കിൽ നിന്നും ആദരവുകളുടെ പകിട്ടിൽ നിന്നും ജാനകിയമ്മ മാറി നിൽക്കുന്നു. ഇനി എന്തിരിക്കുന്നു പാടാൻ.. ഈ വാക്കുകൾ ഒരു കാലഘട്ടത്തെ സംഗീതമുത്തശ്ശിയുടെതാണ്. മലയാളം ഉൾപെടെ 18 ഭാഷകളിൽ നാല്പതിനായിരത്തോളം പാട്ടുകൾ പാടിയ ഗായികയുടേത്.

മലയാളിയുടെ ഇഷ്ടത്തിന്റെ കണക്ക് പുസ്തകത്തിൽ എസ്.ജാനകിയുടെ പാട്ടുകൾക്കുള്ള സ്ഥാനം മുൻ നിരയിലാണുള്ളത്. മാതൃത്വത്തിന്റെ മഹനീയതയും കാമുകിയുടെ വശ്യതയും കൂട്ടുകാരിയുടെ മാനസവും എന്നുവേണ്ട ഒരു ഗായിക എങ്ങനെയൊക്കെ ഏതൊക്കെ തരത്തിൽ പാടണം എന്ന് തന്റെ സംഗീതജീവിതം കൊണ്ട് ജാനകിയമ്മ കാണിച്ചു തരുന്നു. ഇന്നത്തെ സാങ്കേതികതകളൊന്നുമില്ലാത്ത കാലത്തു ഉച്ചാരണ ശുദ്ധികൊണ്ടും സ്വരമാധുരി കൊണ്ടും ആലാപന മികവുകൊണ്ടും എസ്.ജാനകി മലയാളിയെ എന്നല്ല തെന്നിന്ത്യയാകെ അതിശയിപ്പിക്കുന്നു.

ഭാഷകളുടെ അതിർവരമ്പുകൾ എസ്.ജാനകിയ്ക്ക് ഒരു പ്രശ്നമായിരുന്നില്ല, ഏതു ഭാഷയിൽ പാടുമ്പോഴും ആ ഭാഷയുടെ തനത് മൂല്യങ്ങളും ഉച്ചാരണവും അർത്ഥവും മനസ്സിലാക്കി പാടുന്നു. മലയാളത്തിൽ എസ്.ജാനകിയ്ക്ക് ഉച്ചാരണപികശകുകളുള്ള ഗാനങ്ങളില്ല, കാരണം അവർ അത്രയും ഭാഷയെ അറിയാൻ ശ്രമിക്കുന്നു.

1938ൽ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ എപ്രിൽ 23നു സിസ്തല ശ്രീരമമൂർത്തിയുടെയും സത്യവതിയുടെയും മകളായി എസ്.ജാനകി ജനിച്ചു. കുഞ്ഞുനാളിൽ എസ്.ജാനകി സംഗീതവസാന കാണിച്ചിരുന്നുവെങ്കിലും ശരിയായ സംഗീതവിദ്യാഭ്യാസം എസ്.ജാനകിയ്ക്കു ലഭിച്ചില്ല. രണ്ടോ മൂന്നോ മാസം പൈദിസ്വാമി എന്ന നാദസ്വരവിദ്വാനു കീഴീൽ ചെറുതായി പഠിക്കാൻ ശ്രമിച്ചുവെങ്കിലും ആ ഗുരുനാഥൻ നിനക്ക് എല്ലാം ഭഗവാൻ നൽകി അനുഗ്രഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇതാണ് എസ്.ജാനകിയുടെ സംഗീത വിദ്യാഭ്യാസം.

1956ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാനമത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.  അന്നത്തെ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും പുരസ്ക്കാരം വാങ്ങിയതോടെ എസ്.ജാനകിയുടെ ഭാഗ്യതാരകം ഉദിച്ചു തുടങ്ങി. 1957ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ വർഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളിൽ എസ്.ജാനകി പാടി. തമിഴിലായിരുന്നു തുടക്കം.

മലയാളത്തിൽ എസ്.ജാനകി പാടുന്ന ആദ്യഗാനം ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്്വിൽ..’ എന്ന ഗാനമാണ്. തുടർന്ന് എസ്.ജാനകി എത്രയോ ഗാനങ്ങൾ പാടി. ഒരിക്കൽ പി.ഭാസ്‌ക്കരൻ, ജാനകിയെ കുറിച്ച് പറയുകയുണ്ടായി. പാട്ടിന്റെ അർത്ഥം മാത്രം അറിഞ്ഞാൽ അവർക്ക് മതിയാകില്ല അരികിൽ വന്നിരുന്ന് ഓരോ പദവും എങ്ങനെ ഉച്ചരിക്കുന്നുവെന്ന് നോക്കും അങ്ങനെ ഭാഷയെ അറിഞ്ഞു അർത്ഥവും ഉച്ചാരണവും മനസ്സിലാക്കി അവർ പാടിയ ഗാനങ്ങൾ എന്നും നിലനിൽക്കും.

നാലുപ്രാവശ്യം ദേശീയ പുരസ്ക്കാരം, നാൽപത്തിയൊന്ന് സംസ്ഥാന പുരസ്‌ക്കാരങ്ങൾ, മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്, കൈലൈമാമണി പുരസ്ക്കാരം, സുർസിംഗർ ബിരുദം തുടങ്ങി ഒട്ടനവധി പുരസ്‌ക്കാരങ്ങൾ എസ്.ജാനകിയുടെ പ്രതിഭയെ തേടിയെത്തി. എസ്.ജാനകിക്യ്ക്ക് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ ലഭിച്ചത് മലയാളത്തിൽ നിന്നുമാണ്. പാടി തുടങ്ങിയ വർഷം മുതൽ എസ്.ജാനകി മലയാളത്തിലുണ്ട്. ജാനകിയമ്മ പാട്ടിൽ നിന്നും വിരമിച്ചതും മലയാളത്തിൽ നിന്നുമാണ്. എസ്.ജാനകിയിലൂടെയാണ് ഗായികയ്ക്കുള്ള ദേശീയ അവാർഡ് മലയാളത്തിലെത്തുന്നത്.. എസ്.ജാനകിയെ കുറിച്ചുള്ള പുസ്തകവും മലയാളത്തിലാണ്, ആ പുസ്തകത്തിന് ലോകറെക്കാഡ് ഉൾപ്പെടെ നാല് പുരസ്‌കാരങ്ങൾ ലഭിച്ചു. എഴുപത്തിയൊൻപത് വയസ്സിലെത്തി നിൽക്കുന്ന പാട്ടിന്റെ അമ്മയ്ക്ക് ആയൂസും ആരോഗ്യവും നേരാം.