എത്രയോ രാത്രികള്‍ കടന്നുപോയിരിക്കുന്നു. ജീവിതത്തിന്റെ പെരുവഴികളില്‍ നനഞ്ഞും കിതച്ചും കടന്നുപോയ രാവുകള്‍ ഒരു കണക്കുപുസ്തകത്തിലും രേഖപ്പെടുത്താനാവാത്തത്രയുണ്ട്്. എന്നിട്ടും ചില രാത്രികള്‍.. അവയെ വിസ്മരിക്കാനാവില്ല. രാത്രികളുടെയെല്ലാം സൗന്ദര്യത്തെയും അതിശയിക്കുന്ന ഒറ്റപ്പെട്ട ചില രാത്രികള്‍.. എല്ലാവരുടെയും മനസ്സിലുണ്ടാവും അത്തരം ചില രാത്രികള്‍.. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍മിക്കാനും ചിലപ്പോള്‍ കണ്ണുനനയ്ക്കാനുമുള്ളവയാണ് അത്തരം രാത്രികള്‍.
ഏറെ പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിലും പ്രണയത്തിലും നീരാടിയ രാത്രികള്‍, മറ്റു ചിലപ്പോള്‍ സ്‌നേഹതിരസ്‌ക്കരണങ്ങളുടെ വേദനയില്‍ നെഞ്ചുലഞ്ഞ രാത്രികള്‍, ഇനിയും ചിലപ്പോള്‍ ജീവിതത്തില്‍ ഇനിയൊരിക്കലും കടന്നുവരരുതേയെന്ന് ആവര്‍ത്തിക്കുന്ന രാത്രികള്‍.. എത്രയെത്ര രാത്രികളിലൂടെ കടന്നുപോയിട്ടാണ് ജീവിതത്തിന്റെ ചില പ്രഭാതങ്ങളിലേക്കു കണ്ണ് തുറക്കുന്നതെന്നു ചിലപ്പോഴെങ്കിലും ഗദ്ഗദപ്പെട്ടിട്ടുണ്ട്. എന്നിട്ടും രാത്രികളെ സ്‌നേഹിക്കാതിരിക്കാനാവില്ല. കാരണം എല്ലാ രാത്രികള്‍ക്കും വല്ലാത്ത വശ്യതയുണ്ട്. ഹൃദയത്തിലെ മുഴുവന്‍ പ്രണയത്തെയും പുറത്തെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാസ്മരികതയുണ്ട്.
അത്തരം നിമിഷങ്ങളില്‍ ഏതൊരാളും തന്റെ പ്രണയിയോട് ഇങ്ങനെ ചോദിച്ചുപോകും
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി
ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന സിനിമയ്ക്കു വേണ്ടി യൂസഫലി കേച്ചേരി എഴുതിയതാണ് ഈ വരികള്‍. ഓരോ ചിരിയിലും ഓര്‍മകള്‍ തിരിനാളമാവുകയും പൊരിയുന്ന ചിന്തയില്‍ കുളിരാര്‍ന്ന കുഞ്ഞോളമാവുകയും ചെയ്യുന്ന പ്രണയിനിയെക്കുറിച്ചാണ് തുടര്‍ന്നുള്ള വരികള്‍.
പ്രണയത്തിനാകാശം തന്നൊരാളെ രാവില്‍ കാത്തിരിക്കുന്ന ചിത്രം അച്്ഛന്റെ പൊന്നുമക്കള്‍ എന്ന ചിത്രത്തിന് വേണ്ടി ജോഫി തരകന്‍ എഴുതിയിട്ടുണ്ട്
ഇന്ദ്രനീലരാവില്‍ ഈറന്‍ നിലാവില്‍
കാത്തിരുന്നതാരെ നീ ഓമലാളെ
തുടിക്കുന്ന നെഞ്ചുമായി പാറിപ്പറന്നിടാന്‍
പ്രണയത്തിന്നാകാശം തന്നൊരാളെ
രാത്രിയില്‍ മുഴുവനും അരികിലിരുന്നിട്ടും പ്രണയം മുഴുവനും പറയാന്‍ മറന്ന കാമുകന്റെ മാനസികാവസ്ഥ മേഘങ്ങളില്‍നി്ന്നു പോലും വായിച്ചെടുക്കാന്‍ കഴിയുകയില്ല. അത്തരമൊരു ചിത്രം ഗിരീഷ് പുത്തഞ്ചേരി എഴുതിയ മില്ലേനിയം സ്റ്റാഴ്‌സ് എന്ന ചിത്രത്തിലുണ്ട്
രാത്രിയില്‍ മുഴുവനുമരികിലിരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
മഴയുടെ ശ്രുതികേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോട് പറയാന്‍ ഞാന്‍ മറന്നു.
പ്രണയം മുഴുവന്‍പറയാന്‍ രാത്രികള്‍ പോലും മതിയാവില്ലെന്ന്് എസ്. രമേശന്‍ നായരും തിരിച്ചറിഞ്ഞിട്ടുണ്ട്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലാണാ വരികള്‍.
വസന്തരാവിന്‍ കിളിവാതില്‍ തുറന്നതാരാണ്
വിളക്കുവയ്ക്കും താരകളോ വിരിഞ്ഞപൂവുകളോ
ഒരു നേരറിഞ്ഞുപറയാന്‍ ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മള്‍ തമ്മില്‍ മൊഴിയുന്ന വാക്കു മതിയോ
ഒരു രാവിന്റെ ദൂരത്തിനപ്പുറം തന്നെ കാത്തുനില്ക്കുന്ന പ്രണയസാഫല്യത്തിന്റെ ഓര്‍മ്മയിലാണ് ഗിരീഷ് പുത്തഞ്ചേരി ഈ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം സമ്മര്‍ ഇന്‍ ബദ്‌ലഹേം
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണ് നീ
പുലരാന്‍ തുടങ്ങുന്ന രാത്രിയില്‍ തനിയേ കിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞതിന്റെ സങ്കടവും ഈ വരികളിലുണ്ട്.
മറക്കാന്‍ കൊതിക്കുന്ന ഒരു രാത്രിയെക്കുറിച്ചാണ് ഒഎന്‍വി കുറുപ്പ് എഴുതിയിട്ടുള്ളത്. എല്ലാ സ്വപ്‌നങ്ങളും മാഞ്ഞുപോയ രക്തം പുരണ്ട ആ രാത്രിയില്‍ നിന്നുള്ള വിടുതലിന്റെ ആഗ്രഹമാണ് ആ വരികളില്‍ മുഴങ്ങുന്നത്.
ആ രാത്രി മാഞ്ഞുപോയി
ആ രക്തശോഭമാം
ആയിരം കിനാക്കളും പോയി മറഞ്ഞൂ
ആ രാത്രി മാഞ്ഞുപോയി( പഞ്ചാഗ്നി)
രാത്രികളെ വല്ലാതെ ഭ്രമിപ്പിച്ചുകളയാറുണ്ട്് മഴ. ഏകാന്തതയും വിരഹവും ഊട്ടിയുറപ്പിക്കുന്നതില്‍ രാമഴകള്‍ക്ക് വലിയൊരു പങ്കുണ്ട്്. ഓര്‍മ പോലും മാഞ്ഞുപോകുന്ന ശൂന്യവേദിയില്‍ നില്ക്കുമ്പോള്‍ പാതിരാമഴയുടെ ഹംസഗീതധ്വനികള്‍ ഇങ്ങനെയാണ് കൈതപ്രം പകര്‍ത്തിയിരിക്കുന്നത്.
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി (ഉള്ളടക്കം)
രാത്രിയിലെ മഴയെക്കുറിച്ച് ബിച്ചുതിരുമലയും എഴുതിയിട്ടുണ്ട്് എന്നും മാറോടണയ്ക്കാന്‍ എന്ന ചിത്രത്തിന് വേണ്ടി
രാത്രി മുഴുവന്‍ മഴയായിരുന്നു
മനസ്സ് നിറയെ കുളിരായിരുന്നു
മൗനമേ മൗനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു
രാത്രിമഴയുടെ ഈണം എല്ലാവരുടെ ഉള്ളിലുമുണ്ടെന്ന് തോന്നുന്നു. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഉള്ളില്‍ രൂപമെടുത്തുവരുന്ന താളവും ഈണവുമാണ് അതിന്. പാട്ട് മൂളി വരുന്ന രാത്രിമഴയുടെ ചിത്രമാണ് ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി പകര്‍ത്തിയിരിക്കുന്നത്
ഏതോരാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോര്‍മകളില്‍ ഓടിയെത്തും പാട്ട്..
ഇനിയും നടന്നുതീര്‍ന്നിട്ടില്ലാത്ത രാത്രിവഴിയുടെ പേരാണ് പ്രണയം.. ഇനിയുമൊരു രാവിന്റെ മണിമുറ്റത്തുവച്ച് ഞാന്‍ നിന്നെ ചുംബിക്കും.. ഇനിയും പെയ്തുതോര്‍ന്നിട്ടില്ലാത്ത എന്റെ പ്രണയത്തിന്റെ മഴയിലേക്ക് ഞാന്‍ നിന്നെ കൊണ്ടുപോകും. നമുക്ക് ചുറ്റിനും രാവ് ഒരു പുതപ്പുപോലെ വീഴുമ്പോള്‍ അതിന്റെ നിര്‍വൃതിയില്‍ നാം പഴയൊരു സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് താണുതാണുപോകും.. രാവേ..നീ വരിക.. മഴയായ്, നിലാവായ്, പ്രണയമായ്...